പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി പാകിസ്താനിലെ ഭീകരവാദ കേന്ദ്രങ്ങള്‍ ലക്ഷ്യം വച്ച് ഇന്ത്യ ആക്രമണം നടത്തിയതിന് പിന്നാലെ പ്രകോപനവുമായി ഭീകരസംഘടന അല്‍ ഖ്വയ്ദ. പാകിസ്താനില്‍ നടത്തിയ ആക്രമണത്തിന് പ്രതികാരം ചെയ്യുമെന്ന് അല്‍ഖ്വയ്ദ പ്രസ്താവനയിലൂടെ ഭീഷണിയുയര്‍ത്തി. പാകിസ്താനിലെ 9 ഭീകര കേന്ദ്രങ്ങള്‍ കൃത്യമായി ലക്ഷ്യംവച്ച് നടത്തിയ ആക്രമണത്തെ പള്ളികള്‍ക്കും മുസ്ലീങ്ങള്‍ക്കുമെതിരായ ആക്രമണമെന്ന് ചിത്രീകരിച്ച് വെറുപ്പുപരത്തുന്നതാണ് അല്‍ ഖ്വയ്ദയുടെ പ്രസ്താവന.
ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ അല്‍ ഖ്വയ്ദ വിഭാഗമാണ് ഇന്ത്യക്കെതിരെ ഭീഷണി മുഴക്കി പ്രസ്താവന പുറത്തിറക്കിയത്. അനുദിനം ഇല്ലാതായിക്കൊണ്ടിരുന്ന സംഘടനയായ അല്‍ ഖ്വയ്ദ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പ്രശ്‌നത്തിന്റെ സാഹചര്യം മുതലെടുത്ത് നഷ്ടമായ കുപ്രശസ്തി വീണ്ടെടുക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യക്കെതിരായ ഭീഷണിയെന്നാണ് വിലയിരുത്തല്‍.
ഇന്നലെ പുലര്‍ച്ചെയാണ് പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി പാകിസ്താന്‍ ഭീകര കേന്ദ്രങ്ങള്‍ ഇന്ത്യ ആക്രമിച്ചത്. ‘ഓപ്പറേഷന്‍ സിന്ദൂര്‍’ എന്ന് പേരിട്ട സൈനിക ആക്രമണത്തില്‍ പാക് അധീന കശ്മീരിലെ ഒന്‍പത് ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തായിരുന്നു ഇന്ത്യയുടെ തിരിച്ചടി. ജയ്‌ഷെ ഇ മുഹമ്മദ്, ലഷ്‌കര്‍ ഇ തൊയ്ബ ഭീകരകേന്ദ്രങ്ങള്‍, പ്രധാനപ്പെട്ട പ്രസ്ഥാനങ്ങള്‍ എന്നിവ ലക്ഷ്യമിട്ടാണ് സേനകള്‍ ഓപ്പറേഷന്‍ നടത്തിയത്. സ്മാര്‍ട്ട് ആയുധങ്ങള്‍ ഉപയോഗിച്ചായിരുന്നു ഓപ്പറേഷന്‍. ഫ്രാന്‍സ് നിര്‍മിത സ്‌കാല്‍പ് മിസൈലുകള്‍, ക്രൂയിസ് മിസൈലുകള്‍ എന്നിവ ഇതിനായി സേനകള്‍ ഉപയോഗിച്ചു.
അതേസമയം നിയന്ത്രണ രേഖയിലെ സാഹചര്യം സൈന്യം സസൂക്ഷ്മം നിരീക്ഷിക്കുകയാണ്. പാകിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനങ്ങളിലെ സാഹചര്യം കര-വ്യോമ-നാവിക സേനകള്‍ വിലയിരുത്തി. ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ സേനകള്‍ സജ്ജമെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. പാകിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനങ്ങളോട് അവശ്യവസ്തുക്കളുടെയും സേവനകളുടെയും ലഭ്യത ഉറപ്പുവരുത്താന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയവും നിര്‍ദ്ദേശം നല്‍കി. ജമ്മുവില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു.