
ന്യൂദല്‍ഹി: ഗോവയില്‍ ഫിഡെ ചെസ് ലോകകപ്പില്‍ ഉദ്ഘാടനവേളയില്‍ മോദി പറഞ്ഞത് ഇന്ത്യയെ ചെസ്സില്‍ സൂപ്പര്‍ പവറാക്കും എന്നാണ്. മോദിയുടെ വാക്കുകള്‍ യാഥാര്‍ത്ഥ്യമാക്കുന്ന കാര്യങ്ങളാണ് നടക്കുന്നത്.
തുടര്‍ച്ചയായി പുതിയ പുതിയ ഗ്രാന്‍റ്മാസ്റ്റര്‍മാര്‍ ഇന്ത്യയില്‍ ജനിക്കുകയാണ്. 90ാം ഗ്രാന്‍റ് മാസ്റ്ററായി ഇളംപാര്‍ത്തി എ.ആര്‍. തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ 91ാം ഗ്രാന്‍റ് മാസ്റ്റര്‍ പദവി രാഹുല്‍ വിഎസിന് ലഭിച്ചിരിക്കുകയാണ്. 2025 ആഗസ്തിലാണ് ഇന്ത്യയുടെ എസ്. രോഹിത് കൃഷ്ണ 89ാമത് ഗ്രാന്‍റ് മാസ്റ്ററായത്.
തമിഴ്നാട്ടിലെ ചെന്നൈ സ്വദേശിയാണ് ഇന്ത്യയുടെ 90ാം ഗ്രാന്‍റ് മാസ്റ്ററായ ഇളംപാര്‍ത്തി. തമിഴ്നാട്ടിലെ 35ാമത് ഗ്രാന്‍റ് മാസ്റ്ററായിരിക്കുകയാണ് ഇളംപാര്‍ത്തി. അമ്മയാണ് ഇളംപാര്‍ത്തിയെ ചെസ്സിലേക്ക് കൊണ്ടുവന്നത്. 2009ല്‍ അഞ്ചു വയസ്സായപ്പോഴേ ഇളംപാര്‍ത്തി ദേശീയ ചെസ്സ് മത്സരങ്ങളില്‍ പങ്കെടുക്കാന്‍ ആരംഭിച്ചിരുന്നു. 13 വയസ്സുള്ളപ്പോള്‍ മുത്തച്ഛന്റെ വിരല്‍ പിടിച്ച് എത്തിയ ഇളംപാര്‍ത്തി ജൂനിയര്‍ ദേശീയ ചെസ്സില്‍ പങ്കെടുക്കാന്‍ യോഗ്യതനേടിയിരുന്നു. അനുജന് എപിലെസ്പി ബാധിച്ച് സംസാരശേഷി നഷ്ടപ്പെട്ടിരുന്നതിനാല്‍ അച്ഛനമ്മമാര്‍ പണം മുഴുവന്‍ അനുജന് വേണ്ടി ചെലവഴിച്ചു. അതിനാല്‍ ഇളംപാര്‍ത്തിക്ക് വേണ്ടി ചെലവ് ചെയ്യാന്‍ പണമില്ലായിരുന്നു. ചില കമ്പനികളുടെ സിഎസ് ആര്‍ ഫണ്ട് ഉള്‍പ്പെടെ സംഘടിപ്പിച്ചാണ് ഇളംപാര്‍ത്തി പരിശീലനത്തിനുള്ള തുക കണ്ടെത്തിയത്. 2023ല്‍ ഇന്‍റര്‍നാഷണല്‍ മാസ്റ്ററാണ്. കഴിഞ്ഞ ആഴ്ചയാണ് അവസാന ഗ്രാന്‍റ് മാസ്റ്റര്‍ നോം ലഭിച്ചത്. ബോസ്നിയയില്‍ നടന്ന ബിജെല്‍ജിന ഓപ്പണ്‍ ചെസ്സിലെ വിജയമാണ് ഇളംപാര്‍ത്തിയെ ഗ്രാന്‍റ് മാസ്റ്ററാക്കിയത്.
ഇപ്പോഴിതാ ഇന്ത്യയുടെ 91ാം ഗ്രാന്‍റ് മാസ്റ്ററായി രാഹുല്‍ വിഎസ് തെരഞ്ഞെടുക്കപ്പെട്ടു. രാഹുലും തമിഴ്നാട്ടുകാരനാണ്. തമിഴ്നാട്ടിലെ 36ാമത് ഗ്രാന്‍റ് മാസ്റ്ററാണ്. ആറാമത് ആസിയാന്‍ ചെസ്സില്‍ ഒരു റൗണ്ട് കൂടി ബാക്കിനില്‍ക്കെയാണ് അവസാന ഗ്രാന്‍റ് മാസ്റ്റര്‍ നോം രാഹുലിന് ലഭിച്ചത്. 2021ല്‍ തന്നെ രാഹുലിന് ഇന്‍റര്‍നാഷണല്‍ മാസ്റ്റര്‍ പദവി ലഭിച്ചിരുന്നു.