അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിയെ വെടിവെച്ചുകൊന്ന കേസില്‍ അമേരിക്കന്‍ പൗരന്‍ അറസ്റ്റില്‍. പാര്‍ട്ട് ടൈം ഷിഫ്റ്റില്‍ ജോലി ചെയ്യുന്നതിനിടെ 23 കാരനായ ചന്ദ്രശേഖര്‍ പോളിനെ വെടിവെച്ച് കൊന്ന കേസില്‍ ടെക്‌സസുകാരനായ റിച്ചാര്‍ഡ് ഫ്‌ലോറസ് എന്ന 23 കാരനെയാണ് അറസ്റ്റ് ചെയ്തത്. കൊലപാതക കാരണം വ്യക്തമല്ലെന്നും അന്വേഷിച്ച് വരികയാണെന്നും പൊലീസ് വ്യക്തമാക്കി.
വെടിയേറ്റ ചന്ദ്രശേഖര്‍ സംഭവസ്ഥലത്തുതന്നെ മരിച്ചതായി പൊലീസ് സ്ഥിരീകരിച്ചു. കൊലപാതകത്തിന് ശേഷം മറ്റൊരു വാഹനത്തിലേക്കുകൂടി വെടിയുതിര്‍ക്കുകയും സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടുകയും ചെയ്ത പ്രതിയെ പിന്നീട് പൊലീസ് പിടികൂടുകയായിരുന്നു. പ്രതിയുടെ വാഹനത്തില്‍ നിന്നും തോക്ക് കണ്ടെടുത്തിട്ടുണ്ട്. ഡെന്റണിലെ നോര്‍ത്ത് ടെക്‌സസ് സര്‍വകലാശാലയില്‍ നിന്നും ഡാറ്റ അനലിക്‌സില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയ ഇന്ത്യന്‍ വിദ്യാര്‍ഥി പെട്രോള്‍ പമ്പില്‍ പാര്‍ട്ട് ടൈം ജോലി ചെയ്ത് വരികയായിരുന്നു.
യുഎസില്‍ പാര്‍ട്ട് ടൈം ജോലി ചെയ്യുന്ന വിദ്യാര്‍ത്ഥികളുടെ സുരക്ഷയില്‍ ആശങ്കപ്രകടിപ്പിച്ചു. കൊല്ലപ്പെട്ട ചന്ദ്രശേഖര്‍ പോളിന്റെ മൃതദേഹം നാട്ടിലേക്ക് എത്തിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.