
ന്യൂദല്‍ഹി: ദുബായ് എയര്‍ഷോയില്‍ തേജസ് യുദ്ദവിമാനം സാഹസികപറത്തല്‍ നടത്തുന്നതിനിടെ കൊല്ലപ്പെട്ട വിംഗ് കമാന്‍ഡര്‍ നമാന്‍ഷ് സ്യാലിന്റെ കുടുംബത്തോടൊപ്പം നില്‍ക്കുന്നതായി പ്രഖ്യാപിച്ച് ഇന്ത്യന്‍ വ്യോമസേന. സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച അതിവൈകാരികക്കുറിപ്പിലാണ് ഇന്ത്യന്‍ വ്യോമസേന നമാന്‍ഷ് സ്യാലിന്റെ കുടുംബത്തോടൊപ്പം ചേര്‍ന്ന് നില്‍ക്കുന്നതായി പ്രഖ്യാപിച്ചത്.
ധൈര്യവും സമര്‍പ്പണവും അഭിമാനവും നിറഞ്ഞ പൈതൃകത്തെ ആദരിക്കുന്നു. അദ്ദേഹത്തിന്റെ സേവനം നന്ദിയോടെ എന്നെന്നും സ്മരിക്കുമെന്നും ഇന്ത്യന്‍ വ്യോമസേനയുടെ കുറിപ്പില്‍ പറയുന്നു.
അര്‍പ്പണബോധമുള്ള യുദ്ധവിമാനപൈലറ്റും മികവുറ്റ പ്രൊഫഷണലുമായിരുന്നു നമാന്‍ഷ് സ്യാല്‍. രാജ്യത്തിനായി അചഞ്ചലമായ പ്രതിബദ്ധതയോടെയും സമാനതകളില്ലാത്ത കര്‍ത്തവ്യബോധത്തോടെയും സേവനം ചെയ്തു. അദ്ദേഹത്തിന്റെ വ്യക്തിത്വവും സേവനവും ഏറെ ആദരം നേടിയെടുത്തു. -കുറിപ്പില്‍ പറയുന്നു.