പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇന്ത്യന്‍ വംശജയായ യു.എസ് നാഷണല്‍ ഇന്റലിജന്റ്സ് ഡയറക്ടറുമായ തുളസി ഗബ്ബാര്‍ഡുമായുള്ള കൂടിക്കാഴ്ച നടന്നു. മഹാ കുംഭമേളക്കിടെ ശേഖരിച്ച ഗംഗാ ജലം നല്‍കിയാണ് യു.എസ് പ്രതിനിധിയെ മോദി സ്വീകരിച്ചത്. പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമാണ് തുളസി മോദിയെ സന്ദര്‍ശിച്ചത്.
ഇന്ത്യയും യു.എസും തമ്മിലുള്ള സുരക്ഷാ ബന്ധം കൂടുതല്‍ ദൃഢപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് തുളസി ഗബ്ബാര്‍ഡിന്റെ സന്ദര്‍ശനം. ഖാലിസ്ഥാന്‍ സംഘടനയായ സിഖ്സ് ഫോര്‍ ജസ്റ്റിസ് എന്ന സംഘടന അമേരിക്കയില്‍ നടത്തുന്ന ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നേതാക്കള്‍ തമ്മിലുള്ള കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായതായാണ് വിവരം.
ഫെബ്രുവരിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി യു.എസ് സന്ദര്‍ശിച്ചിരുന്നു. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി മോദി നടത്തിയ കൂടിക്കാഴ്ച ഇന്ത്യയെ സംബന്ധിച്ച് നിര്‍ണായകമായിരുന്നു.
യു.എസ് സര്‍ക്കാര്‍ ചുമത്തിയ ഇറക്കുമതികള്‍ക്കുള്ള 25 ശതമാനം തീരുവ ഇന്ത്യക്കും ബാധകമാണെന് ട്രംപ് വ്യക്തമാക്കിയിരുന്നു. യു.എസ് ഉത്പന്നങ്ങള്‍ക്ക് ചുമത്തുന്ന തീരുവ ഇന്ത്യ വെട്ടിക്കുറയ്ക്കണമെന്നും ട്രംപ് മോദിയോട് ആവശ്യപ്പെട്ടിരുന്നു.
ഇന്ത്യന്‍ വ്യവസായി ഗൗതം അദാനിക്കും അദ്ദേഹത്തിന്റെ അനന്തരവന്‍ സാഗര്‍ അദാനിക്കുമെതിരായ യു.എസ് കേസ് സംബന്ധിച്ച് ഇരുനേതാക്കളും ചര്‍ച്ച ചെയ്യാതിരുന്നത് വലിയ ചര്‍ച്ചകള്‍ക്കും കാരണമായിരുന്നു. ഇതിനുപിന്നാലെയാണ് ഒരു യു.എസ് പ്രതിനിധി ഇന്ത്യന്‍ പര്യടനത്തിനായി ദല്‍ഹിയില്‍ എത്തിയത്.
രണ്ടര ദിവസത്തെ പര്യടനത്തിനായാണ് തുളസി ഗബ്ബാര്‍ഡ് ഇന്ത്യയിലെത്തിയത്. ഇന്നലെ (ഞായറഴ്ച) ദല്‍ഹിയിലെത്തിയ തുളസി ഇന്ത്യന്‍ ഉദ്യോഗസ്ഥരുമായി ഇന്റലിജന്‍സ് സഹകരണം, സൈബര്‍ സുരക്ഷ, പ്രതിരോധ ബന്ധങ്ങള്‍ എന്നിവയെക്കുറിച്ച് ചര്‍ച്ച നടത്തിയിരുന്നു.
ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച യോഗങ്ങളിലും തുളസി ഗബ്ബാര്‍ഡ് പങ്കെടുത്തു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ അധ്യക്ഷത വഹിച്ച കോണ്‍ക്ലേവില്‍ 20ഓളം രാജ്യങ്ങളില്‍ നിന്നുള്ള ഇന്റലിജന്‍സ്, സുരക്ഷാ ഉദ്യോഗസ്ഥരും പങ്കെടുത്തിരുന്നു.