
ബെംഗളൂരു: ഇന്ത്യയിലെ ആദ്യത്തെ ഇലവേറ്റഡ് റെയിൽവെ സ്റ്റേഷൻ ബെംഗളൂരുവിലെ യെലഹങ്കയിൽ ഒരുങ്ങുന്നു. ചൈനയിലെ ഹാങ്ഷൂ റെയിൽവെ ടെർമിനലിന്റെ മാതൃകയിൽ, വിമാനത്താവള സൗകര്യങ്ങളോടുകൂടിയ അത്യാധുനിക റെയിൽവെ ടെർമിനലാണ് പദ്ധതിയിടുന്നത്. ദക്ഷിണ പശ്ചിമ റെയിൽവെ ഇതിനായുള്ള വിശദമായ പ്രോജക്റ്റ് റിപ്പോർട്ട് റെയിൽവെ ബോർഡിന് സമർപ്പിച്ചിട്ടുണ്ട്.
പദ്ധതി യാഥാർത്ഥ്യമായാൽ, കെഎസ്ആർ ബെംഗളൂരു, യശ്വന്ത്പൂർ, എസ്എംവിറ്റി ബെംഗളൂരു എന്നിവയ്‌ക്ക് പുറമെ ബെംഗളൂരുവിന്റെ നാലാമത്തെ പ്രധാന റെയിൽവെ ടെർമിനലായിരിക്കും യെലഹങ്ക. ആദ്യം ദേവനഹള്ളിയിലായിരുന്നു സ്റ്റേഷൻ നിർമിക്കാൻ പദ്ധതി ആലോചിച്ചിരുന്നത്. എന്നാൽ ഭൂമിയുടെ ലഭ്യത കണക്കിലെടുത്ത് പദ്ധതി യെലഹങ്കയിലേക്ക് മാറ്റുകയായിരുന്നു. റെയിൽവെ വീൽ ഫാക്ടറിയുടെ സ്ഥലത്താണ് പുതിയ സ്റ്റേഷൻ നിർമ്മിക്കുക. ഏകദേശം 20 ഏക്കർ സ്ഥലത്ത് 16 പ്ലാറ്റ്‌ഫോമുകളുള്ള സ്റ്റേഷനാണ് ഒരുങ്ങുന്നത്. ഇതോടൊപ്പം 10 സ്റ്റേബ്ലിംഗ് ലൈനുകളും 15 പിറ്റ് ലൈനുകളും ഉണ്ടായിരിക്കും. നിലവിൽ യെലഹങ്ക സ്റ്റേഷനിൽ അഞ്ച് പ്ലാറ്റ്‌ഫോമുകൾ മാത്രമാണുള്ളത്. പദ്ധതിക്കായി റെയിൽവെ വീൽ ഫാക്ടറിയുടെ ഭൂമിക്കൊപ്പം സ്വകാര്യ ഭൂമിയും സ്റ്റാഫ് ക്വാർട്ടേഴ്സിന്റെ സ്ഥലവും ഏറ്റെടുക്കും.
അഞ്ചുനിലകളുള്ള ഇലവേറ്റഡ് സ്റ്റേഷനായിരിക്കും ഇത്. പ്ലാറ്റ്‌ഫോമുകൾ ഏറ്റവും താഴത്തെ നിലയിൽ സജ്ജീകരിക്കുമെന്നും, യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി ട്രെയിനുകളിൽ കയറുന്നതിനും ഇറങ്ങുന്നതിനും വ്യത്യസ്ത നിലകൾ ഒരുക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ഈ പദ്ധതി ബെംഗളൂരുവിന്റെ വികസനത്തിന് പ്രധാന പങ്ക് വഹിക്കുന്നതാകും. വിമാനത്താവളങ്ങളോട് സമാനമായ സൗകര്യങ്ങൾ സ്റ്റേഷനിൽ ലഭ്യമാകും. മെട്രോ കണക്ഷനുകൾ ഉൾപ്പെടെ നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലേക്കുള്ള ഗതാഗത സൗകര്യങ്ങളും യെലഹങ്ക ടെർമിനലിനെ കൂടുതൽ പ്രാധാന്യമുള്ളതാക്കും. ഏകദേശം 6000 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയിലോ, ഡിസൈൻ, ബിൽഡ്, ഫിനാൻസ് ഓപ്പറേറ്റ്, ട്രാൻസ്ഫർ രീതിയിലോ നടപ്പാക്കാനാണ് റെയിൽവെയുടെ ആലോചന. നിലവിൽ റെയിൽവെ ബോർഡിന്റെ അനുമതിക്കായി കാത്തിരിക്കുകയാണ്.