ബൊഗോട്ട (കൊളംബിയ): ഇന്ത്യയിലെ ഏറ്റവും വലിയ വെല്ലുവിളി ജനാധിപത്യത്തിന് നേരെയുള്ള ആക്രമണമാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കൊളംബിയയിലെ ഇഐഎ സര്‍വകലാശാലയില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
‘ഇന്ത്യയില്‍ നിരവധി മതങ്ങളും സംസ്‌കാരങ്ങളും ഭാഷകളുമുണ്ട്. യഥാര്‍ത്ഥ ജനാധിപത്യം എല്ലാവര്‍ക്കും ഇടം നല്‍കുന്നതാണ്. എന്നാല്‍ ഇപ്പോള്‍ ഭിന്നാഭിപ്രായം പ്രകടിപ്പിക്കുന്ന സാഹചര്യം തന്നെ ഇല്ലാതാക്കപ്പെടുകയാണ്. ജനാധിപത്യ സംവിധാനത്തിന്റെ എല്ലാ ഭാഗങ്ങളും ആക്രമിക്കപ്പെടുകയാണ്,’ രാഹുല്‍ പറഞ്ഞു.
ഇന്ത്യക്ക് ലോകത്തിന് നല്‍കാന്‍ അപാരമായ സാധ്യതകളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ‘ചൈനയെക്കാള്‍ കൂടുതലാണ് ഇന്ത്യയുടെ ജനസംഖ്യ. എന്നാല്‍ ഇന്ത്യയുടെ ശക്തി വൈവിധ്യത്തിലാണ്. ചൈന പോലെ കേന്ദ്രീകൃതമല്ല, ഇന്ത്യയുടെ സംവിധാനങ്ങള്‍ വികേന്ദ്രീകൃതവും സങ്കീര്‍ണവുമാണ്. ഇന്ത്യയുടെ ആത്മീയവും തത്വചിന്താപരവുമായ പാരമ്പര്യം ഇന്നത്തെ ലോകത്തിന് ഏറെ പ്രാധാന്യമുള്ളതാണ്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തെക്കേ അമേരിക്കന്‍ പര്യടനത്തിന്റെ ഭാഗമായി രാഹുല്‍ ഗാന്ധി തിങ്കളാഴ്ചയാണ് കൊളംബിയയിലെത്തിയത്. സര്‍വകലാശാലാ വിദ്യാര്‍ഥികള്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍, ബിസിനസുകാര്‍ തുടങ്ങി വിവിധ വിഭാഗങ്ങളുമായി അദ്ദേഹം സംവദിച്ചു. രാഹുലിന്റെ കൊളംബിയയിലെ പ്രവേശനത്തിന്റെ ദൃശ്യങ്ങള്‍ കോണ്‍ഗ്രസ് ഔദ്യോഗിക എക്‌സ് പേജിലൂടെ പുറത്ത് വിട്ടിട്ടുണ്ട്.