ശ്രീനഗർ : ജമ്മു കശ്മീരിലെ 100 ഓളം നുഴഞ്ഞുകയറ്റങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച കൊടും ഭീകരൻ ഹിസ്ബുൾ കമാൻഡർ ബാഗു ഖാൻ എന്ന സമന്ദർ ചാച്ചയെ സുരക്ഷാ സേന കൊലപ്പെടുത്തി. 1955 മുതൽ പാക് അധീന കശ്മീരിൽ താമസിച്ചിരുന്ന ഇയാൾ ഭീകര സംഘങ്ങളിൽ ഹ്യൂമൻ ജിപിഎസ് എന്നാണ് അറിയപ്പെട്ടിരുന്നത് .
കഴിഞ്ഞ മൂന്ന് വർഷത്തിനിടെ, ഗുരേസ് മേഖലയിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള നൂറിലധികം നുഴഞ്ഞുകയറ്റങ്ങളിൽ സൂത്രധാരനായിരുന്നു ബാഗു ഖാൻ . ഈ പ്രദേശത്തിന്റെ രഹസ്യ വഴികളെക്കുറിച്ചും പ്രതികൂല സാഹചര്യങ്ങളിൽ എന്തുചെയ്യണമെന്നും പൂർണ്ണമായ അറിവുണ്ടായിരുന്നു ബാഗു ഖാന് . അതുകൊണ്ടാണ് എല്ലാ തീവ്രവാദ ഗ്രൂപ്പുകളും ഇയാളുമായി ബന്ധപ്പെട്ടിരുന്നത്. ഹിസ്ബുൾ കമാൻഡറായിരുന്നപ്പോൾ , ഗുരേസിൽ നിന്നും നിയന്ത്രണ രേഖയിലെ അയൽ പ്രദേശങ്ങളിൽ നിന്നും നുഴഞ്ഞുകയറ്റം ആസൂത്രണം ചെയ്യുന്നതിലും നടപ്പിലാക്കുന്നതിലും തീവ്രവാദ സംഘടനയെ സഹായിച്ചിരുന്നു ബാഗു ഖാൻ
.വർഷങ്ങളോളം സുരക്ഷാ സേനയുടെ കണ്ണുവെട്ടിച്ചിരുന്ന ബാഗു ഖാൻ, ബന്ദിപ്പോരയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിക്കുന്നതിനിടെ സൈന്യത്തിന്റെ വെടിയേറ്റ് കൊല്ലപ്പെടുകയായിരുന്നു. ഈ ഏറ്റുമുട്ടലിൽ മറ്റൊരു ഭീകരൻ കൂടി കൊല്ലപ്പെട്ടു. ബാഗു ഖാന്റെ ഉന്മൂലനം പ്രദേശത്തെ തീവ്രവാദ സംഘടനകളുടെ ലോജിസ്റ്റിക് ശൃംഖലയ്‌ക്ക് കനത്ത തിരിച്ചടിയാണ്.
വ്യാഴാഴ്ച ജമ്മു കശ്മീരിലെ ബന്ദിപുര ജില്ലയിലെ ഗുരേസ് സെക്ടറിലെ നിയന്ത്രണ രേഖയിൽ ബാഗു നുഴഞ്ഞുകയറാൻ ശ്രമിക്കുന്നതായി സുരക്ഷാ സേന കണ്ടെത്തി . രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിൽ , സുരക്ഷാ സേന ഇവിടെ തീവ്രവാദികൾക്കായി തിരച്ചിൽ ആരംഭിച്ചു . ഈ സമയത്താണ് , ബാഗു ഖാനോടൊപ്പം മറ്റൊരു തീവ്രവാദിയെയും സുരക്ഷാ സേന വധിച്ചത്.