മുംബൈ: ബിസിനസ്സിൽ മാത്രമല്ല ജീവകാരുണ്യപ്രവർത്തനങ്ങളിലും മുമ്പിലാണ് അംബാനി കുടുംബം. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ചെയർമാനും ശതകോടീശ്വരനുമായ മുകേഷ് അംബാനിയും ഭാര്യ നിത അംബാനിയും ആദ്യത്തെ ടൈം 100 ഫിലാൻട്രോപ്പി ലിസ്റ്റ് 2025-ൽ ഇടംനേടി. ഈ വർഷം ഇന്ത്യയിൽ ഏറ്റവും കൂടുതൽ സംഭാവനകൾ നൽകിയ ജീവകാരുണ്യ പ്രവർത്തകരായാണ് ഇവർ തിരഞ്ഞെടുക്കപ്പെട്ടത്.
കഴിഞ്ഞ വർഷം 407 കോടി രൂപ ഇവര്‍ വിവിധ സാമൂഹിക സംരംഭങ്ങളിലൂടെ സംഭാവന നൽകി. 92.5 ബില്യൺ ഡോളര്‍ ആസ്തിയുള്ള മുകേഷ് അംബാനി ഒരു ബിസിനസ്സ് മാഗ്നറ്റ് എന്ന നിലയിൽ മാത്രമല്ല, സാമൂഹിക പ്രവര്‍ത്തനങ്ങളിലും വലിയ പങ്കുവഹിക്കുന്ന മനുഷ്യ സ്നേഹി കൂടിയാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. അംബാനിമാരുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ, പ്രധാനമായും റിലയൻസ് ഫൗണ്ടേഷൻ വഴിയാണ് നടക്കുന്നത്.
വിദ്യാഭ്യാസം, ആരോഗ്യം, ഗ്രാമവികസനം, സ്ത്രീ ശാക്തീകരണം തുടങ്ങിയ മേഖലകളിലായി ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതത്തിലാണ് ഇവര്‍ മാറ്റങ്ങൾ കൊണ്ടുവരുന്നതെന്നും ടൈംസ് പരിഗണിക്കുന്നു. സ്കോളര്‍ഷിപ്പുകൾക്ക് ധനസഹായം നൽകുന്നത് മുതൽ സ്കൂൾ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നത്, സുസ്ഥിര കൃഷി, ജലസംരക്ഷണം, ആശുപത്രി നിർമ്മാണം എന്നിവയിലും കുടുംബം മുഖ്യ പങ്കുവഹിക്കുന്നു.
ടൈം മാഗസിൻ റിപ്പോർട്ട് അനുസരിച്ച്, മുകേഷിന്റേയയും നിത അംബാനിയുടെയും ജീവകാരുണ്യ സംരംഭങ്ങൾ അവരുടെ സമ്പത്ത് കെട്ടിപ്പടുത്ത ബിസിനസ് സാമ്രാജ്യം പോലെ വലുതും വ്യാപകവുമാണ്.110 ബില്യൺ ഡോളർ ആസ്തി നേടിക്കൊടുത്ത റിലയൻസ് ബിസിനസ് സാമ്രാജ്യത്തിന്റെ വലിയ വ്യാപ്തി ചൂണ്ടിക്കാട്ടി ടൈം മാഗസിൻ വിലയിരുത്തുന്നു. ആരോഗ്യ സംരക്ഷണം കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്നതിലും കാഴ്ച വൈകല്യമുള്ളവരെ സഹായിക്കുന്നതിലും ദമ്പതികൾ സജീവമായി ഇടപെട്ടിട്ടുണ്ട്. നഗരങ്ങളിലും ഗ്രാമങ്ങളിലുമുള്ള ഇന്ത്യയിലുടനീളം വ്യവസ്ഥാപരമായ മാറ്റങ്ങൾ വരുത്തുന്നതിലാണ് അവരുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ ഇപ്പോഴും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
കായികരംഗത്തെ രംഗത്തെ സംഭാവനകളും ടൈം പരിഗണിക്കുന്നു. നിത അംബാനി, കായികതാര പരിശീലനവും അടിസ്ഥാന സൗകര്യ വികസനവും ഉൾപ്പെടുന്ന റിലയൻസ് ഫൗണ്ടേഷന്റെ പരിപാടികൾക്ക് നേതൃത്വം നൽകുന്നു. മകൻ ആകാശ് അംബാനിക്കൊപ്പം മുംബൈ ഇന്ത്യൻസ് ഐപിഎൽ ടീമിന്റെ സഹ ഉടമയായ അവർ വനിതാ കായികതാരങ്ങളെ പിന്തുണയ്‌ക്കുന്നതിന് പ്രത്യേക ഊന്നൽ നൽകുന്നുണ്ട്.