
ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനം, അറസ്റ്റിലായ ജെയ്‌ഷെ-മുഹമ്മദ് ഭീകരസംഘടനയുമായി ബന്ധമുള്ള നാല് ഡോക്ടർമാരുടെ രജിസ്ട്രേഷൻ റദ്ദാക്കി.ഡോക്ടർമാരായ മുസാഫർ അഹമ്മദ്, അദീൽ അഹമ്മദ് റാത്തർ, മുസാമിൽ ഷക്കീൽ, ഷഹീൻ സയീദ് എന്നിവരുടെ ഇന്ത്യൻ മെഡിക്കൽ രജിസ്റ്റർ (ഐഎംആർ), നാഷണൽ മെഡിക്കൽ രജിസ്റ്റർ (എൻഎംആർ) എന്നിവയാണ് ഉടനടി പ്രാബല്യത്തിൽ വരുന്ന വിധത്തിൽ റദ്ദാക്കിയത്.
ഇന്ത്യയിൽ ഒരിടത്തും ചികിത്സ നടത്താനോ ഏതെങ്കിലും മെഡിക്കൽ പദവി വഹിക്കാനോ കഴിയില്ലെന്ന് നോട്ടീസിൽ വ്യക്തമാക്കുന്നു. ജമ്മു കശ്മീർ പോലീസും ജമ്മു കശ്മീർ, ഉത്തർപ്രദേശ് മെഡിക്കൽ കൗൺസിലുകളും ശേഖരിച്ച നിരവധി തെളിവുകളുടെ അടിസ്ഥാനത്തിലാണ് നാല് ഡോക്ടർമാരുടെയും രജിസ്‌ട്രേഷൻ റദ്ദാക്കിയതെന്നും ഭീകരവാദവുമായി ബന്ധപ്പെട്ട കേസിൽ ഡോക്ടർമാർക്ക് പ്രഥമദൃഷ്ട്യാ പങ്കുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും എൻഎംസിയുടെ ഉത്തരവിൽ പറയുന്നു.
അതേസമയം, ഡൽഹി ചെങ്കോട്ട സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് ഒരു ഡോക്ടർ കൂടി പിടിയിലായി. സംഭവത്തിൽ റയീസ് അഹമ്മദ് എന്ന സർജനാണ് പിടിയിലായത്. ഇയാൾ നിരവധി തവണ അൽഫല യൂണിവേഴ്സിറ്റിയിലേക്ക് വിളിച്ചതായാണ് വിവരം. പിന്നാലെ പത്താൻകോട്ടിൽ നിന്നാണ് ഇയാളെ പിടികൂടിയത്. കേസുമായി ബന്ധപ്പെട്ട ഹരിയാനയിൽ നൂഹിലടക്കം വിവിധ സ്ഥലങ്ങളിൽ പോലീസിന്റെ പരിശോധന തുടരുകയാണ്.
അതേസമയം സ്‌ഫോടനക്കേസിൽ പോലീസ് മറ്റൊരു കേസുകൂടി രജിസ്റ്റർ ചെയ്തിട്ടുണ്ട്. ക്രിമിനൽ ഗൂഢാലോചനയിലാണ് രണ്ടാമത്തെ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. എൻഐഎ കേസിന് പുറമേയാണ് ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തത്. അറസ്റ്റിലായ മൂന്ന് ഡോക്ടർമാരെയും പോലീസ് ഇന്ന് ചോദ്യം ചെയ്യും.