• Tue. Nov 4th, 2025

24×7 Live News

Apdin News

ഇന്ത്യയിൽ ഹരിത തീരദേശ ഷിപ്പിംഗ് വികസനത്തിനായി കൈകോർത്ത് യൂണിഫീഡറും സാഗർമല ഫിനാൻസ് കോർപ്പറേഷൻ ലിമിറ്റഡും

Byadmin

Nov 4, 2025



കൊച്ചി: ഡിപി വേൾഡ് കമ്പനിയായ യൂണിഫീഡർ, ഇന്ത്യയിലുടനീളം വാണിജ്യപരമായി സുസ്ഥിരമായ തീരദേശ, ഹ്രസ്വദൂര ഷിപ്പിംഗ് സേവനങ്ങൾ വികസിപ്പിക്കുന്നതിലും വ്യാപിപ്പിക്കുന്നതിലും സഹകരിക്കുന്നതിനായി തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രാലയത്തിന് കീഴിലുള്ള ഭാരത സർക്കാർ സ്ഥാപനമായ സാഗർമാല ഫിനാൻസ് കോർപ്പറേഷൻ ലിമിറ്റഡുമായി (എസ്എംഎഫ്സിഎൽ) ധാരണാപത്രത്തിൽ ഒപ്പുവച്ചു. സ്വകാര്യ മേഖലയിലെ പ്രവർത്തന വൈദഗ്ധ്യവുമായി പൊതുമേഖലാ ധനസഹായം സംയോജിപ്പിച്ച്, ഹരിതവും കൂടുതൽ കാര്യക്ഷമവുമായ തീരദേശ ലോജിസ്റ്റിക്സ് ശക്തിപ്പെടുത്താനും ഇന്ത്യയുടെ സമുദ്രവ്യാപാര രംഗത്തെ പരിവർത്തനം ത്വരിതപ്പെടുത്താനും ലക്ഷ്യമിടുന്നതാണ് ഈ പങ്കാളിത്തം. റോഡുകളിലെ തിരക്ക് കുറയ്‌ക്കുക, ലോജിസ്റ്റിക്സ് ചെലവ് കുറയ്‌ക്കുക, ഗതാഗതം ഡീകാർബണൈസ് ചെയ്യുക തുടങ്ങിയവ സാധ്യമാക്കുന്ന തീരദേശ ഷിപ്പിംഗ് ഇടനാഴികൾ രൂപകൽപ്പന ചെയ്യുന്നതിനും ധനസഹായം നൽകുന്നതിനുമുള്ള സംയുക്ത നടപടിക്കുള്ള ഒരു ചട്ടക്കൂടിന് ഈ ധാരണാപത്രത്തിലൂടെ രൂപമായി. കുറഞ്ഞ ചെലവിൽ ധനസഹായവും ക്രെഡിറ്റ്-എൻഹാൻസ്മെന്റ് സംവിധാനങ്ങളും രൂപപ്പെടുത്തുന്നതിനായി എസ്എം.എഫ്.സി.എൽ അതിന്റെ മാരിടൈം ഡെവലപ്‌മെന്റ് ഫണ്ട് ഉപയോഗിക്കും. അതേസമയം യൂണിഫീഡർ അതിന്റെ പ്രവർത്തന വൈദഗ്‌ദ്ധ്യം, മൾട്ടിമോഡൽ ഇൻഫ്രാസ്ട്രക്ചർ, ഡിജിറ്റൽ മികവ് എന്നിവ ഇതിനായി സംഭാവന ചെയ്യും.

മുംബൈയിൽ നടന്ന ഇന്ത്യ മാരിടൈം വീക്ക് 2025 ന്റെ ഭാഗമായി, മറൈൻ സർവീസസ് ഡിപി വേൾഡിന്റെ ഗ്ലോബൽ സിഒഒ ഗണേഷ് രാജ്, സാഗർമാല ഫിനാൻസ് കോർപ്പറേഷൻ ലിമിറ്റഡ് ഡയറക്ടർ (പ്രോജക്ട്സ്), എസ്. ടി. സെൽവം എന്നിവർ തമ്മിൽ തമ്മിൽ ഈ ധാരണാപത്രം കൈമാറി. പ്രാരംഭ ഘട്ടത്തിൽ, യൂണിഫീഡറും എസ്എംഎഫ്സിഎല്ലും സംയുക്തമായി പ്രവർത്തന മികവ്, ഷിപ്പിംഗ് ഇടനാഴികൾ, ഡിഎഫ്സി സംയോജനം എന്നിവയിലുടനീളമുള്ള ഉപയോഗ മാതൃകകളെ വിലയിരുത്തുകയും മുന്നോട്ടുകൊണ്ടുപോകുകയും ചെയ്യും. റോഡിൽ നിന്ന് കടലിലേക്ക് ചരക്ക് മാറ്റുന്നതും, കാർബൺ ബഹിർഗമനം കുറയ്‌ക്കുന്നതും, ഇന്ത്യയുടെ വിതരണ ശൃംഖലകളിലുടനീളം മൾട്ടിമോഡൽ കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതുമായ, വാണിജ്യപരമായി ലാഭകരവും വിപുലീകരിക്കാവുന്നതുമായ, ഒരു മാതൃക സൃഷ്ടിക്കുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം.

ഇന്ത്യയ്‌ക്ക് വേണ്ടി സുസ്ഥിരമായ ഒരു തീരദേശ ഷിപ്പിംഗ് ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനുള്ള ഒരു നിർണായക ചുവടുവയ്‌പ്പാണ് ഈ പങ്കാളിത്തം പ്രതിനിധീകരിക്കുന്നത് എന്ന് സാഗർമാല ഫിനാൻസ് കോർപ്പറേഷൻ ലിമിറ്റഡ് ഡയറക്ടർ (പ്രോജക്ട്സ്), എസ്. ടി. സെൽവം പറഞ്ഞു. സുസ്ഥിരവും ശക്തവുമായ സമുദ്രവ്യാപാര ലോജിസ്റ്റിക്സിനായുള്ള ഇന്ത്യയുടെ കാഴ്ചപ്പാട് കൂടുതൽ മുന്നോട്ട് കൊണ്ടുപോകുന്നതിനായാണ് യൂണിഫീഡറിലൂടെ സാഗർമാല ഫിനാൻസ് കോർപ്പറേഷൻ ലിമിറ്റഡുമായി ഡിപി വേൾഡ് പങ്കാളിത്തത്തിൽ ഏർപ്പെടുന്നതെന്ന് മറൈൻ സർവീസസ് ഡിപി വേൾഡിന്റെ ഗ്ലോബൽ സിഒഒ ഗണേഷ് രാജ് പറഞ്ഞു. സുസ്ഥിര വളർച്ച, മെച്ചപ്പെടുത്തിയ കണക്റ്റിവിറ്റി, ആഗോള മത്സരശേഷി എന്നിവ നേടിയെടുക്കുന്നതിനായുള്ള ഒരു പങ്കിട്ട പാത രൂപപ്പെടുത്തുന്ന ഇന്ത്യയുടെ സാഗർമാല പ്രോഗ്രാം, പിഎം ഗതി ശക്തി, മാരിടൈം അമൃത് കാൽ വിഷൻ 2047 എന്നിവയ്‌ക്ക് പൂരകമാവുന്നതാണ് ഈ സഹകരണം.

By admin