• Sat. Jan 17th, 2026

24×7 Live News

Apdin News

ഇന്ത്യയുടെ ആധുനിക യുദ്ധജെറ്റായ തേജസ് എംകെ1എ 2026ല്‍ എത്തും; ജിഇ എഞ്ചിനുകള്‍ അതിവേഗം എത്തിക്കും

Byadmin

Jan 17, 2026



ന്യൂദല്‍ഹി: ഇന്ത്യയുടെ ആധുനിക യുദ്ധജെറ്റായ തേജസ് എംകെ1എ 2026ല്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാകും. പാകിസ്ഥാനുമായി ഒരു യുദ്ധം ആസന്നമായിരിക്കെ ഇതിന് ഏറെ പ്രസക്തിയുണ്ട്. എച്ച് എ എല്‍ ചെയര്‍മാന്‍ സുനില്‍ തന്നെ ഈ ഉറപ്പ് നല്‍കുകയാണ്. ഈ ഉറപ്പിന് പിന്നില്‍ സുനില്‍ ഈയിടെ അമേരിക്കയിലെ ജിഇ എയ്റോസ്പേസ് എന്ന സ്ഥാപനത്തില്‍ നടത്തിയ സന്ദര്‍ശനമാണ്. ഇവരാണ് തേജസ് എംകെ1എ യുദ്ധവിമാനത്തിന് എഞ്ചിന്‍ വിതരണം ചെയ്യുന്നത്. ഈ എഞ്ചിന്‍ വിതരണം വേഗത്തിലാക്കാമെന്ന് ജിഇ എയ്റോസ്പേസിന്റെ പ്രതിരോധ എഞ്ചിനുകളുടെ ചുമതലയുള്ള വൈസ് പ്രസിഡന്‍റും ജനറൽ മാനേജരുമായ പോൾ ഫെറാരോ ഉറപ്പുനല്‍കിക്കഴിഞ്ഞു. തേജസ് എംകെ1എ വിഭാഗത്തില്‍പ്പെട്ട 180ല്‍ പരം യുദ്ധ ജെറ്റുകള്‍ നിര്‍മ്മിക്കാന്‍ എച്ച് എ എല്ലിന് ഇന്ത്യയുടെ പ്രതിരോധ മന്ത്രാലയം ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്.

ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിക്കുന്ന ആധുനിക യുദ്ദവിമാനമായ തേജസ് എൽസിഎ, എംകെ1എ എന്നിവയ്‌ക്ക് വേണ്ട എഫ്404 എഞ്ചിനുകളുടെ വിതരണം വേഗത്തിലാക്കുമെന്ന് അമേരിക്കയിലെ ജിഇ എയ്‌റോസ്‌പേസ്. മസാച്യുസെറ്റ്‌സിലെ ലിന്നിലുള്ള ജിഇ എയ്‌റോസ്‌പേസ് നിർമ്മാണ കേന്ദ്രത്തിൽ ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ് (എച്ച്എഎൽ) ചെയർമാൻ ഡോ. ഡി.കെ. സുനിൽ നടത്തിയ സന്ദർശനത്തിന് തൊട്ടുപിന്നാലെയാണ് ഈ ഉറപ്പ് ലഭിച്ചത്.

ഇന്ത്യൻ വ്യോമസേനയുടെ ഉൽപ്പാദനം ത്വരിതപ്പെടുത്തുന്നു

കഴിഞ്ഞ ആഴ്ച, ഡോ. സുനിലിന്റെ നേതൃത്വത്തിലുള്ള എച്ച്എഎല്ലിന്റെ ഉന്നത നേതൃത്വം എഫ്404-ഐഎൻ20 എഞ്ചിനുകൾ നിര്‍മ്മിക്കുന്ന ലിന്നിലെ ജിഇ ഫാക്ടറി സന്ദർശിച്ചു.

നിലവിൽ തേജസ് യുദ്ധവിമാനങ്ങളുടെ ഉൽപ്പാദനം കൂട്ടുന്നതിനുള്ള നിർണായക ശ്രമത്തിലാണ് എച്ച് എഎല്‍. തേജസ് എംകെ1എ നിര്‍മ്മാണം മുന്‍കൂട്ടി നിശ്ചയിച്ച വേഗതയില്‍ മുന്നോട്ട് കൊണ്ടുപോകാനുള്ള ശ്രമത്തിലാണ് എച്ച് എഎല്‍. ഇതിന് പ്രധാന തടസ്സം എഞ്ചിന്റെ ലഭ്യത തന്നെയാണ്.

ഇന്ത്യൻ പ്രതിനിധി സംഘത്തിന്റെ സന്ദര്‍ശനത്തെ ജിഇ എയ്‌റോസ്‌പേസിലെ പ്രതിരോധ എഞ്ചിനുകളുടെ ചുമതലയുള്ള വൈസ് പ്രസിഡന്‍റും ജനറൽ മാനേജരുമായ പോൾ ഫെറാരോ സ്വാഗതം ചെയ്തു. ഇന്ത്യൻ വ്യോമസേനയുടെ (IAF) യുദ്ധവിമാന സ്ക്വാഡ്രണിലേക്ക് കൂടുതല്‍ യുദ്ധവിമാനങ്ങള്‍ചേര്‍ക്കാനുള്ള ദാത്യത്തിന്റെ ഭാഗമായി എഞ്ചിൻ ഉത്പാദനം ത്വരിതപ്പെടുത്തുന്നത് സംബന്ധിച്ച് വിശദമായ ചർച്ചകൾ നടന്നതായി പോൾ ഫെറാരോ സമ്മതിച്ചു.

വിവിധ രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധം മൂലം ആഗോള വിതരണ ശൃംഖല വെല്ലുവിളികൾ നേരിടുന്ന സമയത്ത് യുദ്ധവിമാന എഞ്ചിനായ എഫ് 404ന്റെ ലഭ്യതയെക്കുറിച്ച് ഇന്ത്യയ്‌ക്ക് ആശയങ്കയുണ്ടാകുന്നത് സ്വാഭാവികമാണെന്നും പോള്‍ ഫെറാരോ പറഞ്ഞു. ഇന്ത്യന്‍ വ്യോമസേനയുടെ ആധുനികവൽക്കരണ ശ്രമത്തിന്റെ ഭാഗമായി വിമാന എഞ്ചിനുകളുടെ വിതരണം കൃത്യമാക്കേണ്ടതിന്റെ പ്രാധാന്യം എത്രത്തോളമാണെന്ന് എച്ച് എഎല്‍ ചെയര്‍മാന്റെ മസാച്യുസെറ്റ്‌സിലെ ലിന്നിലുള്ള ജിഇ എയ്‌റോസ്‌പേസ് നിർമ്മാണ കേന്ദ്രത്തിൽ നടത്തിയ സന്ദർശനം അടിവരയിടുന്നു.

എഞ്ചിനുകളുടെ ഓർഡർ കൂട്ടി, ഇന്ത്യയ്‌ക്ക് വേണ്ടത് 180-ലധികം എഞ്ചിനുകൾ

പാകിസ്ഥാനുമായുള്ള ആസന്ന യുദ്ധത്തിന്റെ ആശങ്കകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇന്ത്യ കൂടുതല്‍ തേജസ് യുദ്ധവിമാനങ്ങള്‍ പുറത്തിറക്കാനുള്ള ശ്രമത്തിലാണ്. അതിനാല്‍ കൂടുതല്‍ F404-IN20 എഞ്ചിനുകള്‍ ആവശ്യമായിരിക്കുകയാണ്. അതിനാല്‍ എച്ച് എ എല്‍ ചെയര്‍മാന്‍ തന്റെ സന്ദര്‍ശന വേളയില്‍ 180ല്‍ പരം F404-IN20 എഞ്ചിനുകള്‍ ആവശ്യമാണെന്ന് അറിയിച്ചിരുന്നു. നേരത്തെ 2021-ൽ ഒപ്പുവച്ച കരാറനുസരിച്ച് 99 എഞ്ചിനുകൾക്ക് ഓർഡര്‍ നല്‍കിയിരുന്നു. ഇപ്പോഴത്തെ സന്ദർശന വേളയിൽ എച്ച് എ എല്‍ ചെയര്‍മാന്‍ 113ഓളം F404-IN20 എഞ്ചിനുകളുടെ പുതിയ ഓര്‍ഡര്‍ കൂടി നല്‍കിയിരിക്കുകയാണ്.

ഇതോടെ തേജസ് Mk1A ഫ്ലീറ്റിന് ആവശ്യമായ മൊത്തം എഞ്ചിനുകളുടെ എണ്ണം 180 യൂണിറ്റുകളിൽ കൂടുതലായിരിക്കുന്നു. ഇതുവരെ ഇന്ത്യയ്‌ക്ക് ജിഇ നല്‍കിയിരിക്കുന്നത് 65ഓളം F404-IN20 എഞ്ചിനുകള്‍ മാത്രമാണ്. ഇതിനകം ഇന്ത്യയുടെ പ്രതിരോധമന്ത്രാലയം എച്ച് എഎല്ലിന് 83 തേജസ് Mk1A ജെറ്റുകൾക്ക് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. കോവിഡും F404-IN20 എഞ്ചിനുകള്‍ എത്തുന്ന കാലതാമസവും കാരണം ഒരൊറ്റ തേജസ് Mk1A യുദ്ധജെറ്റും എച്ച് എ എല്ലിന് പണി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേനയ്‌ക്ക് നല്‍കാനായിട്ടില്ല. 2026ല്‍ എച്ച് എ എല്‍ തേജസ് Mk1A ജെറ്റുകൾ വിതരണം ചെയ്ത് തുടങ്ങും.

എന്തായാലും ആദ്യം ഓര്‍ഡര്‍ നല്‍കിയ 83 തേജസ് Mk1A ജെറ്റുകൾക്കും, ഡിഫൻസ് അക്വിസിഷൻ കൗൺസിൽ അംഗീകരിച്ച അധിക 97 വിമാനങ്ങൾക്കും ആവശ്യമായ F404-IN20 എഞ്ചിനുകള്‍ ഇനി കാലതാമസം കൂടാതെ ജിഇ എത്തിയ്‌ക്കുമെന്ന് കരുതപ്പെടുന്നു.

ഇനി ജിഇ നല്‍കുക ഇന്ത്യയുടെ ആവശ്യതകള്‍ കൂടി നിര്‍വ്വഹിക്കുന്ന തദ്ദേശീയ എഞ്ചിനുകള്‍
എന്തായാലും എച്ച് എ എല്‍ ചെയര്‍മാന്റെ സന്ദര്‍ശനത്തിന് പിന്നില്‍ മറ്റൊരു ആവശ്യം കൂടി ഒളിഞ്ഞിരിപ്പുണ്ട്. ഇന്ത്യ ഇനി ജിഇ വെറുതെ നിര്‍മ്മിച്ചു നല്‍കുന്ന F404-IN20 സ്വീകരിക്കില്ല. ഇന്ത്യയുടെ യുദ്ധവിമാനത്തിന് ആവശ്യമായ ചില കാര്യങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയുള്ള കസ്റ്റമൈസ് ചെയ്ത എഞ്ചിനാണ് ഇന്ത്യയ്‌ക്ക് നല്‍കേണ്ടിവരിക. ഇന്ത്യയുടെ യുദ്ധവിമാനത്തിന് ആവശ്യമായ പുതിയ ശേഷികള്‍ എന്തൊക്കെയാണെന്ന് എച്ച് എ എല്‍ ചെയര്‍മാന്‍ വിശദമാക്കിയിട്ടുണ്ട് എന്നറിയുന്നു. ഇന്ത്യയുടെ തനതായ പ്രവർത്തന ആവശ്യകതകൾ നിറവേറ്റുന്നതിനായി പ്രത്യേകം വികസിപ്പിച്ചെടുത്ത ഒരു കസ്റ്റമൈസ്ഡ് F404-IN20ന്റെ വേരിയന്‍റായിരിക്കും നല്‍കുകയെന്ന കാര്യം ജിഇ എയ്‌റോസ്‌പേസ് ഉദ്യോഗസ്ഥർ എടുത്തുപറഞ്ഞു.

അമേരിക്കയിലെ സാഹചര്യമല്ല ഇന്ത്യയിലും ഏഷ്യയിലും ഉള്ളത്. വൈവിധ്യമാർന്ന ഇന്ത്യൻ പരിതസ്ഥിതികളില്‍ സുഗമമായി ഇന്ത്യയുടെ യുദ്ധവിമാനം പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കണം. അതിന് ഉതകുന്നതായിരിക്കണം ഇന്ത്യയ്‌ക്ക് നല്‍കുന്ന F404-IN20 എഞ്ചിനുകള്‍. ഉയർന്ന താപനിലയിലും അത്യന്തം ഉയരത്തിലുമുള്ള ദൗത്യങ്ങൾ തേജസ് Mk1A ജെറ്റുകള്‍ക്ക് നിര്‍വ്വഹിക്കേണ്ടതായി വരും. അത് സാധ്യമാക്കുന്ന രീതിയിലുള്ളതായിരിക്കണം ഇന്ത്യയ്‌ക്ക് നല്‍കുന്ന F404-IN20 എഞ്ചിനുകള്‍.

“ഇന്ത്യയുടെ തദ്ദേശീയ യുദ്ധവിമാനങ്ങൾക്ക് ശക്തി പകരുന്നതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്,” ജിഇയുടെ ഫെറാരോ പറഞ്ഞു. കൂടുതല്‍ എഞ്ചിനുകള്‍ ഓര്‍ഡര്‍ ചെയ്തത് HAL-നും IAF-നും F404-ന്റെ വിശ്വാസ്യതയിലും പ്രകടനത്തിലും ഉള്ള വിശ്വാസത്തെ പ്രതിഫലിപ്പിക്കുന്നുണ്ടെന്നും ഫെറാറോ പറയുന്നു.

ജിഇ യുദ്ധവിമാന എഞ്ചിനുകളുടെ നിര്‍മ്മാണത്തിലും അറ്റകുറ്റപ്പണികളുടെ എളുപ്പത്തില്‍ ചെയ്യാന്‍ സാധിക്കുന്ന എഞ്ചിന്‍ നിര്‍മ്മിക്കുന്നതിലും ഉയർന്ന ത്രസ്റ്റ്-ടു-വെയ്റ്റ് അനുപാതത്തിലുള്ള എഞ്ചിനുകള്‍ നിര്‍മ്മിക്കുന്നതിലും ആഗോളതലത്തിൽ പ്രശസ്തമാണ്. അതിനാല്‍ തേജസ് Mk1A ജെറ്റുകള്‍ ലോകത്തിലെ എണ്ണം പറഞ്ഞ യുദ്ധവിമാനങ്ങളിൽ ഒന്നായി മാറുമെന്നും ഉറപ്പുണ്ട്.

പ്രതിരോധ പങ്കാളിത്തം കൂടുതൽ ശക്തമാകുന്നു

എച്ച്എഎല്ലും ജിഇ എയ്‌റോസ്‌പേസും തമ്മിലുള്ള സഹകരണത്തിന് ഇപ്പോൾ നാല് പതിറ്റാണ്ടിലേറെ പഴക്കമുണ്ട്. ഇന്ത്യയുടെ യുദ്ധവിമാന എഞ്ചിനുകള്‍ നിര്‍മ്മിക്കുന്ന പങ്കാളികളിൽ വിശ്വസ്തമായ ഒന്നായി ജിഇ മാറിക്കഴിഞ്ഞു. തേജസ് എംകെ1എയ്‌ക്ക് അപ്പുറത്തേക്ക് വ്യാപിക്കുന്ന ഈ ദീർഘകാല ബന്ധം ജിഇയുമായി ശക്തിപ്പെടുത്താൻ എച്ച് എഎല്‍ ചെയര്‍മാന്റെ ലിൻ സന്ദർശനം സഹായിച്ചു.

ഇന്ത്യൻ പ്രതിരോധ മേഖലയിൽ ജിഇയുടെ സാന്നിധ്യം ശക്തമാകുമ്പോള്‍

ഭാവി യുദ്ധവിമാന പരിപാടികൾ: വരാനിരിക്കുന്ന തേജസ് എംകെ2, ഇന്ത്യയുടെ അഞ്ചാം തലമുറ സ്റ്റെൽത്ത് യുദ്ധവിമാന പദ്ധതിയായ അഡ്വാൻസ്ഡ് മീഡിയം കോംബാറ്റ് എയർക്രാഫ്റ്റ് (എഎംസിഎ) എന്നിവയ്‌ക്കായി ജിഇ കൂടുതൽ ശക്തമായ എഫ്414 എഞ്ചിനുകൾ വിതരണം ചെയ്യും. നാവിക ശക്തി: തദ്ദേശീയ വിമാനവാഹിനിക്കപ്പലുകളും ഫ്രിഗേറ്റുകളും ഉൾപ്പെടെ ഇന്ത്യൻ നാവികസേനയുടെ നിരവധി മുൻനിര യുദ്ധക്കപ്പലുകളില്‍ GE നിര്‍മ്മിച്ചു നല്‍കിയ LM2500 മറൈൻ ഗ്യാസ് ടർബൈനുകള്‍ ആണ് ഉപയോഗിക്കുന്നത്.

അധികം വൈകാതെ ജിഇയുമായി ഇന്ത്യ വിമാന എഞ്ചിനുകള്‍ സഹ-ഉൽപ്പാദനസംരംഭമാക്കി മാറ്റാനുള്ള ശ്രമത്തിലാണ്. ഇന്ത്യയും ജിഇയും തമ്മിലുള്ള പങ്കാളിത്തത്തിലൂടെയായിരിക്കും എഫ്414 എഞ്ചിനുകള്‍ നിര്‍മ്മിക്കുക. ഇതിനായി ഇന്ത്യയിൽ ഒരു സഹ-ഉൽപ്പാദന സംവിധാനങ്ങള്‍ ഒരുക്കാനുള്ള പദ്ധതികൾ നടന്നുവരികയാണ്, അതിൽ രാജ്യത്തിനകത്ത് നിർമ്മാണം, അസംബ്ലി, പരിശോധന, ദീര്‍ഘകാല അറ്റകുറ്റപ്പണി സംവിധാനം എന്നിവ ഉൾപ്പെടുന്നു.

 

 

 

 

 

 

 

 

By admin