
ന്യൂഡൽഹി ∙ ഇന്ത്യയുടെ തൊഴിൽ രംഗത്ത് ചരിത്രപരമായ മാറ്റം കൊണ്ടുവന്ന പുതിയ തൊഴിൽ കോഡുകൾ സമഗ്ര സാമ്പത്തിക വളർച്ചയിലേക്കുള്ള പരിവർത്തനാത്മക ചുവടുവയ്‌പ്പായി മാറുന്നു. 29 തൊഴിൽ നിയമങ്ങളെ ഏകീകൃതമാക്കി, വ്യക്തതയും സ്ഥിരതയും ഉറപ്പാക്കുന്ന നാല് തൊഴിൽ കോഡുകളാണ് സർക്കാർ രൂപപ്പെടുത്തിയിരിക്കുന്നത്. ഇതിലൂടെ തൊഴിലാളികൾക്ക് ശക്തമായ സാമൂഹിക സംരക്ഷണവും സുരക്ഷിത തൊഴിലിടങ്ങളും ഉറപ്പാക്കപ്പെടുന്നു.
അസംഘടിത മേഖല, ഗിഗ്, പ്ലാറ്റ്‌ഫോം തൊഴിലാളികൾ തുടങ്ങി ദശലക്ഷക്കണക്കിന് പേർക്ക് പുതിയ കോഡുകൾ ഔദ്യോഗിക അംഗീകാരവും ആനുകൂല്യങ്ങളിലേക്കുള്ള പ്രവേശനവുമാണ് നൽകുന്നത്. പ്രൊവിഡന്റ് ഫണ്ട്, ആരോഗ്യ ഇൻഷുറൻസ്, പ്രസവാനുകൂല്യങ്ങൾ തുടങ്ങിയ ആനുകൂല്യങ്ങൾ ഇനി ഔപചാരിക തൊഴിലാളികൾക്ക് മാത്രം പരിമിതമല്ല. ഇ-ശ്രം പോർട്ടലിൽ 31 കോടിയിലധികം തൊഴിലാളികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവർക്കായി ചലനാത്മകമായ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്ന പോർട്ടബിൾ യൂണിവേഴ്സൽ അക്കൗണ്ട് നമ്പർ സംവിധാനം നടപ്പിലാക്കുന്നു.
തൊഴിൽ സുരക്ഷ, ആരോഗ്യം, തൊഴിൽ സാഹചര്യ കോഡ് വനിതകൾക്ക് രാത്രി ഷിഫ്റ്റുകളിൽ ജോലി ചെയ്യാൻ അനുമതി നൽകുന്നു. സുരക്ഷാ മാനദണ്ഡങ്ങൾ കർശനമാക്കിക്കൊണ്ട്, തൊഴിലിടങ്ങളിൽ സുരക്ഷിതത്വം ഉറപ്പാക്കുന്ന സംവിധാനവും ഈ കോഡ് ഉറപ്പാക്കുന്നു. അതേസമയം, വേതന കോഡ് എല്ലാ മേഖലകളിലും മിനിമം വേതനം ഉറപ്പാക്കുന്നു.
ഇൻഡസ്ട്രിയൽ റിലേഷൻസ് കോഡ് വ്യാവസായിക തർക്കങ്ങൾ നേരത്തേ പരിഹരിക്കുന്നതിനുള്ള സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നു. തൊഴിൽ കോഡുകളുടെ ലക്ഷ്യം തൊഴിലാളികൾക്ക് സംരക്ഷണം നൽകുന്നതിനൊപ്പം വ്യവസായങ്ങൾക്ക് ലളിതമായ അനുവർത്തന സംവിധാനങ്ങൾ ഉറപ്പാക്കുക എന്നതാണ്.
കേന്ദ്രവും സംസ്ഥാനങ്ങളും ഏകോപിതമായി നീങ്ങിയാൽ “ഒരു രാഷ്‌ട്രം, ഒരു തൊഴിൽ നിയമ ചട്ടക്കൂട്” എന്ന ദർശനം യാഥാർത്ഥ്യമാകുമെന്ന് വിദഗ്‌ദ്ധർ അഭിപ്രായപ്പെടുന്നു. ഗിഗ് തൊഴിലാളികൾക്കായുള്ള സംഭാവനാ നിരക്കുകൾ നിശ്ചയിക്കുകയും ആനുകൂല്യവിതരണം സുതാര്യമാക്കുകയും വേണമെന്ന് വിദഗ്‌ദ്ധർ ചൂണ്ടിക്കാട്ടുന്നു.
വിശ്വാസ്യതയും സുതാര്യതയുമാണ് തൊഴിൽ പരിഷ്‌ക്കാരങ്ങളുടെ അടിത്തറ. വേഗത്തിലും കാര്യക്ഷമതയോടെയും നടപ്പിലാക്കിയാൽ, തൊഴിൽ കോഡുകൾ ഇന്ത്യയുടെ സാമ്പത്തിക വളർച്ചയുടെ നങ്കൂരമായിത്തീരുമെന്ന് കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയുടെ ഡയറക്ടർ ജനറൽ ചന്ദ്രജിത് ബാനർജി അഭിപ്രായപ്പെട്ടു.
