
ന്യൂദല്‍ഹി: അസര്‍ബൈജാനെ നേരിടാനാണ് ആര്‍മീനിയ ഇന്ത്യയില്‍ നിന്നും 2000 കോടി രൂപ ചെലവില്‍ പിനാക എന്ന നിരവധി ബാരലുകളുള്ള റോക്ക് വാങ്ങിയത്. 2025 ഡിസംബര്‍ ആറിന് ആര്‍മീനിയ-അസര്‍ബൈജാന്‍ അതില്‍ത്തിയില്‍ ആക്രമണത്തിന് എത്തിയതായിരുന്നു അസര്‍ബൈജാന്റെ ടി-72 എന്ന ടാങ്ക്. ഈ റഷ്യന്‍ നിര്‍മ്മിത ടാങ്ക് ആര്‍മീനിയയെ ലക്ഷ്യമാക്കി വെടിവെയ്‌ക്കാന്‍ തുടങ്ങി. അടുത്ത നിമിഷം കണ്ടത് ഒരു അറബിക്കഥയിലെന്നോണമുള്ള സംഭവമാണ്. റഷ്യ നിര്‍മ്മിച്ച ഉരുക്ക് ടാങ്കായ ടി-72 കത്തിക്കരിഞ്ഞ് നിലംപരിശായി. ഒറ്റയടിക്ക് 12 റോക്കറ്റുകളാണ് ഇതില്‍ നിന്നും മൂളിപ്പറക്കുക. ശത്രു തിരിച്ചാക്രമിക്കുന്നതിനെപ്പറ്റി ചിന്തിക്കും മുന്‍പ് ലക്ഷ്യസ്ഥാനം തകര്‍ന്നിരിക്കും. അതാണ് പിനാകയെ വ്യത്യസ്തമാക്കുന്നത്.
ഒരു ഷെല്ലാക്രമണത്തിനും കുലുക്കാന്‍ കഴിയാത്തത്രയും ശക്തമാണ് ടി-72 ടാങ്കിന്റെ ബോഡി എന്നിരിക്കെ എന്താണ് ആ ടാങ്കിനെ വെറും കരിക്കട്ടയാക്കി മാറ്റിയത്? മറ്റൊന്നുമല്ല, ഇന്ത്യയുടെ പിനാക റോക്കറ്റായിരുന്നു ടി-72 ടാങ്കിന്റെ അന്തകനായി മാറിയത്. ആര്‍മീനിയ 2022ലാണ് ഇന്ത്യയില്‍ നിന്നും പിനാക റോക്കറ്റ് വാങ്ങിയത്. അത് 2024ല്‍ ഇന്ത്യ കൈമാറുകയും ചെയ്തു. പിനാകയില്‍ നിന്നും തൊടുത്ത റോക്കറ്റ് ടി-72 ടാങ്കിനെ തകര്‍ത്തുവെന്ന വാര്‍ത്ത പരന്നതോടെ ലോകമെങ്ങുമുള്ള പ്രതിരോധമന്ത്രാലയങ്ങളില്‍ ഇന്ത്യയുടെ ആയുധം ചര്‍ച്ചയായി. ഒരു വിദേശരാജ്യത്തിന്റെ മണ്ണില്‍ ഇന്ത്യയുടെ ആയുധം ഉപയോഗിച്ചു എന്ന് മാത്രമല്ല, കിറുകൃത്യതയോടെ അത് റഷ്യയുടെ കരുത്തുറ്റ ടാങ്കെന്ന് വിശേഷിപ്പിക്കപ്പെടുന്ന ടി-72നെ തകര്‍ത്ത് തരിപ്പണമാക്കുകയും ചെയ്തു. ഇതോടെ ആയുധക്കയറ്റുമതി ചെയ്യുന്ന ശക്തമായ രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇന്ത്യയും സ്ഥാനം പിടിക്കുകയാണ്.
2020ലെ യുദ്ധത്തില്‍ തകര്‍ന്ന ആര്‍മീനിയ
അസര്‍ബൈജാന്‍-ആര്‍മീനിയ യുദ്ധം 1990 മുതല്‍ നടക്കുന്ന യുദ്ധമാണ്. പക്ഷെ 2020ല്‍ നടന്ന 44 ദിവസത്തെ യുദ്ധത്തില്‍ ആര്‍മീനിയയ്‌ക്ക് വലിയ തിരിച്ചടി നേരിടേണ്ടി വന്നു. കരാബാക് എന്ന പ്രദേശം മുഴുവനായി അസര്‍ ബൈജാന്‍ ആ യുദ്ധത്തില്‍ പിടിച്ചു. അന്ന് ആര്‍മീനിയ ആശ്രയിച്ചിരുന്നത് റഷ്യയുടെ യുദ്ധടാങ്കുകളെയാണ്. പക്ഷെ ഇസ്രയേലിന്റെയും തുര്‍ക്കിയുടെയും ഡ്രോണുകള്‍ ഉപയോഗിച്ചുള്ള അസര്‍ബൈജാന്റെ ആക്രമണത്തിന് മുന്‍പില്‍ ആര്‍മിനിയ ഉപയോഗിച്ച് റഷ്യന്‍ ടാങ്കുകള്‍ തകര്‍ന്നു. ഇതോടെയാണ് ആര്‍മീനിയ മെച്ചപ്പെട്ട ആയുധങ്ങള്‍ക്ക് മറ്റൊരു പങ്കാളിയെ തിരഞ്ഞുതുടങ്ങിയത്. ഒടുവില്‍ അവര്‍ ഇന്ത്യയെ കണ്ടെത്തുകയായിരുന്നു. 2022ല്‍ ആണ് ഇന്ത്യയുടെ പിനാക മള്‍ട്ടി ബാരല്‍ റോക്കറ്റ് വിക്ഷേപണസംവിധാനം വാങ്ങാന്‍ തയ്യാറായത്. 1999ല്‍ പാകിസ്ഥാനെതിരായ കാര്‍ഗില്‍ യുദ്ധത്തില്‍ വിജയകരമായി ഇന്ത്യ പിനാക ഉപയോഗിച്ചിരുന്നു. ഇത് പിനാകയുടെ ഖ്യാതി ഇന്ത്യയ്‌ക്ക് പുറത്തേക്ക് പരത്തി.
ശക്തിയേറിയ മൂന്നാമത്തെ പിനാക എത്തി
തൊടുത്താല്‍ ഒരേ സമയം പല ബാരലുകളില്‍ നിന്നായി പിനാക റോക്കറ്റുകള്‍ കുതിയ്‌ക്കും. ആര്‍മീനിയയ്‌ക്ക് വിതരണം ചെയ്തത് 80 കിലോമീറ്റര്‍ അകലെയുള്ള ലക്ഷ്യസ്ഥാനങ്ങളെ കൃത്യമായി തകര്‍ക്കാന്‍ കഴിയുന്ന പിനാക റോക്കറ്റ് ആണ്. ഇപ്പോള്‍ ഇന്ത്യ 120 കിലോമീറ്റര്‍ വരെ അകലെയുള്ള ലക്ഷ്യം തകര്‍ക്കുന്ന പിനാക വികസിപ്പിച്ചുകഴിഞ്ഞു. ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാനെതിരെ ഫലപ്രദമായ ആക്രമണം നടത്തിയതോടെയാണ് പിനാക റോക്കറ്റ് പേരെടുത്തത്. ലോകരാഷ്ടങ്ങള്‍ ഇതോടെ പിനാകയെപ്പറ്റി ചര്‍ച്ച ചെയ്യാന്‍ തുടങ്ങി. പക്ഷെ അതിന് മുന്‍പേ ആര്‍മീനിയ ഇന്ത്യയുടെ പിനാക 2022ല്‍ തന്നെ വാങ്ങാന്‍ തയ്യാറായി മുന്നോട്ട് വന്നിരുന്നു.
ഇതുവരെ ഇന്ത്യയ്‌ക്ക് രണ്ട് തരം പിനാക റോക്കറ്റുകളേ ഉണ്ടായിരുന്നുള്ളൂ. ഒന്ന് 45 കിലോമീറ്റര്‍ അകലെ വരെയുള്ള ശത്രുലക്ഷ്യം തകര്‍ക്കുമെങ്കില്‍ രണ്ടാമത്തേത് 90 കിലോമീറ്റര്‍ അകലെ വരെയുള്ള ശത്രുലക്ഷ്യം തകര്‍ക്കും. ഇപ്പോഴിതാ ഇതിന് മൂന്നാമത് കൂടുതല്‍ ശക്തമായ പതിപ്പ് എത്തിയിരിക്കുന്നു.. ഇപ്പോഴിതാ 120 കിലോമീറ്റര്‍ ദൂരെ വരെ ചെന്നെത്തി ശത്രുപാളയത്തെ തകര്‍ക്കുന്ന ദീര്‍ഘദൂര പിനാക റോക്കറ്റ് പരീക്ഷിച്ചിരിക്കുകയാണ് ഇന്ത്യ.
പിനാക, ശിവഭഗവാന്റെ വില്ല്
പിനാക ശിവഭഗവാന്റെ വില്ലാണ്. ശക്തമായ ആയുധം. വന്യമായ സംഹാരശേഷി പുറത്തെടുക്കാന്‍ കഴിയുന്ന പിനാക വില്ല് കയ്യിലെടുത്തവന്‍ എന്നര്‍ത്ഥത്തില്‍ പിനാകപാണി എന്നും ശിവനെ വിളിക്കും. ഇന്ത്യയുടെ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒ വികസിപ്പച്ചെടുത്ത പിനാക റോക്കറ്റ് ഇന്ത്യയില്‍ നിര്‍മ്മിക്കുന്നത് മൂന്ന് സ്വകാര്യ കമ്പനികളാണ്. ടാറ്റ അഡ്വാന്‍സ്ഡ് സിസ്റ്റം, സോളാര്‍ ഇന്‍ഡസ്ട്രീസ്, ലാഴ്സണ്‍ ആന്‍റ് ടൂബ്രോ എന്നീ കമ്പനികള്‍.