
ന്യൂദല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാന്റെ വ്യോമബേസുകളിലും തീവ്രവാദപരിശീലനകേന്ദ്രങ്ങളിലും അഗ്നിപടര്‍ത്തിയ ബ്രഹ്മോസ് ഇന്തോനേഷ്യയ്‌ക്കും വിയറ്റ്നാമിനും വില്‍ക്കാന്‍ റഷ്യ പച്ചക്കൊടി വീശി. ബ്രഹ്മോസ് എന്ന ക്രൂസ് മിസൈല്‍ ഇന്ത്യയും റഷ്യയും സംയുക്തമായാണ് നിര്‍മ്മിക്കുന്നത്.
ബ്രഹ്മോസ് ഏതെങ്കിലും പുറംരാജ്യങ്ങള്‍ക്ക് വില്‍ക്കണമെങ്കില്‍ റഷ്യയുടെ അനുമതി കൂടി ആവശ്യമാണ്. അതാണ് ഇപ്പോള്‍ കിട്ടിയിരിക്കുന്നത്. ഡിസംബര്‍ നാലിന് കേന്ദ്രപ്രതിരോധ മന്ത്രി രാജ് നാഥ് സിങ്ങും റഷ്യയുടെ പ്രതിരോധ മന്ത്രി ആന്‍ഡ്രു ബെലസോവും തമ്മിലുള്ള കൂടിക്കാഴ്ചയിലാണ് ഈ തീരുമാനം അന്തിമമായത്. ഇന്ത്യയുടെ റഷ്യയും ബ്രഹ്മോസ് മിസൈല്‍ വില്‍പനയില്‍ നിന്നും ലഭിക്കുന്ന ലാഭം പങ്കുവെയ്‌ക്കുന്നുമുണ്ട്.
എന്തായാലും റഷ്യയുടെ അനുമതി കൂടി ലഭിക്കുന്നതോടെ ഈ രണ്ട് രാജ്യങ്ങളുമായുള്ള ബ്രഹ്മോസ് വില്‍പനകരാര്‍ അന്തിമഘട്ടത്തിലേക്ക് നീങ്ങുകയാണ്. 45 കോടി ഡോളര്‍ (ഏകദേശം 4024 കോടി രൂപ) ചെലവാക്കിയാണ് ഇന്തോനേഷ്യ ബ്രഹ്മോസ് വാങ്ങുക. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒരു വലിയ പ്രതിരോധക്കയറ്റുമതി കരാറാണിത്.ഏകദേശം 700 മില്യണ്‍ ഡോളര്‍ (5810 കോടി രൂപ) ചെലവഴിച്ചാണ് വിയറ്റ് നാം ഇന്ത്യയില്‍ നിന്നും ബ്രഹ്മോസ് വാങ്ങുക. ദക്ഷിണചൈനാക്കടലില്‍ ചൈനയുടെ ആക്രമണഭീഷണിയെ ചെറുക്കാനാണ് ഇരുരാജ്യങ്ങളും ബ്രഹ്മോസ് വാങ്ങുന്നത്. ഇതുവരെ ഫിലിപ്പൈന്‍സ് മാത്രമേ ഇന്ത്യയില്‍ നിന്നു ബ്രഹ്മോസ് വാങ്ങിയിട്ടുള്ളൂ.
ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാന്റെ വ്യോമബേസുകള്‍ തകര്‍ത്തതോടെയാണ് ബ്രഹ്മോസ് അന്താരാഷ്‌ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെട്ടത്. ഇന്ത്യയുടെ സുഖോയ് മാര്‍ക്ക് ഒന്ന് യുദ്ദവിമാനങ്ങളില്‍ നിന്നും മൂളിപ്പറന്ന ബ്രഹ്മോസിനെ കണ്ടെത്താന്‍ പാകിസ്ഥാനില്‍ സ്ഥാപിച്ചിരിക്കുന്ന ചൈനയുടെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ക്ക് ആയില്ല. പാകിസ്ഥാന്‍ ഉപയോഗിക്കുന്ന ചൈനയുടെ വ്യോമപ്രതിരോധത്തെ കീറിമുറിച്ചാണ് ബ്രഹ്മോസ് പാകിസ്ഥാനിലെ വ്യോമബേസുകള്‍ തകര്‍ത്തത്. 2.9 മാക് വേഗതയില്‍ (മണിക്കൂറില്‍ 3400 കിലോമീറ്റര്‍ വേഗത)കുതിക്കുന്നതാണ് ഈ ബ്രഹ്മോസ്. 290 കിലോമീറ്റര്‍ വരെ അകലയെുള്ള ലക്ഷ്യസ്ഥാനത്തെ ഭേദിക്കാന്‍ ഈ ബ്രഹ്മോസ് മിസൈലിന് സാധിക്കും.