
ന്യൂദല്‍ഹി: ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയെ താഴ്‌ത്തിക്കെട്ടുന്ന ഐഎംഎഫിനെ (ഇന്‍റര്‍നാഷണല്‍ മോണിറ്ററി ഫണ്ട് – അന്താരാഷ്‌ട്ര നാണ്യനിധി) ചോദ്യം ചെയ്ത് ഇന്ത്യ.
കഴിഞ്ഞ ദിവസം ഐഎംഎഫ് (അന്താരാഷ്‌ട്ര നാണയ നിധി) ഇന്ത്യയെ സി ഗ്രേഡിലേക്ക് താഴ്‌ത്തിയിരുന്നു. ഇന്ത്യയുടെ ജിഡിപി (മൊത്ത ആഭ്യന്തര ഉല്‍പാദനം), ജിവിഎ (ഗ്രോസ് വാല്യു ആഡഡ്) എന്നിവ കണക്കിലെടുത്തുകൊണ്ടുള്ള ഇന്ത്യയുടെ നാഷണല്‍ അക്കൗണ്ട്സ് സ്റ്റാറ്റിസ്റ്റിക്സിനെ ആണ് ‘സി’ നിലവാരത്തിലേക്ക് ഐഎംഎഫ് തരംതാഴ്‌ത്തിയത്. എന്നാല്‍ ഇതിനെ ശക്തമായി എതിര്‍ക്കുന്ന കണക്കുകളാണ് എന്‍എസ് ഒ വെള്ളിയാഴ്ച പുറത്തുവിട്ടത്. ഇന്ത്യ 2025 ജൂലൈ-സെപ്തംബര്‍ ത്രൈമാസത്തില്‍ 8.2 ശതമാനം വളര്‍ച്ച നേടിയെന്ന് എന്‍എസ്ഒ (നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് പുറത്തുവിട്ട കണക്ക് പറയുന്നു. അതായത് ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയെ വളരെ യാഥാസ്ഥിതികമായ രീതിയിലാണ് ഐഎംഎഫ് കണക്കാക്കുന്നത് എന്ന അഭിപ്രായമാണ് ഇന്ത്യയ്‌ക്കുള്ളത്.
റഷ്യയില്‍ നിന്നും എണ്ണ വാങ്ങിയതിനുള്ള 25 ശതമാനം പിഴത്തീരുവ ഉള്‍പ്പെടെ ഇന്ത്യയില്‍ നിന്നും യുഎസിലേക്ക് കയറ്റുമതി ചെയ്യുന്ന സാധനങ്ങളുടെ മേല്‍ ട്രംപ് ഏര്‍പ്പെടുത്തിയ 50ശതമാനം താരിഫ് അനിശ്ചിതകാലത്തേക്ക് തുടരുമെന്നും ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച ശോഭനീയമല്ലെന്നുമുള്ള ഐഎംഎഫിന്റെ കഴിഞ്ഞ ദിവസത്തെ റിപ്പോര്‍ട്ടിനെ ഇന്ത്യ എതിര്‍ത്തു. യുഎസില്‍ ഏര്‍പ്പെടുത്തിയ ഉയര്‍ന്ന കയറ്റുമതി താരിഫ് ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയെ ബാധിക്കില്ലെന്നാണ് ഇന്ത്യയുടെ നിലപാട്. മറ്റ് നിരവധി രാജ്യങ്ങളിലേക്ക് കയറ്റുമതി പ്രോത്സാഹിപ്പിക്കുക വഴി ഇന്ത്യ യുഎസില്‍ നിന്നുള്ള ഭീഷണിയെ മറികടക്കുകയാണ് എന്നാണ് ഇന്ത്യ വിശദീകരിക്കുന്നത്. മാത്രമല്ല, നിരവധി പുതിയ രാജ്യങ്ങളുമായി അടുത്തുതന്നെ ഒപ്പുവെയ്‌ക്കാന്‍ പോകുന്ന സ്വതന്ത്രവ്യാപാരക്കരാറുകള്‍ യുഎസില്‍ നിന്നുള്ള ഭീഷണിയെ മറികടക്കാന്‍ ഇന്ത്യയെ സഹായിക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ വിലയിരുത്തുന്നു.
ഇന്ത്യന്‍ രൂപയുടെ ഡോളറുമായുള്ള വിനിമയനിരക്കിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയുടെ വളര്‍ച്ചാനിരക്കിനെ വിലയിരുത്തരുതെന്നും ഏത് വിനിമയ നിരക്കിനേയും മാറ്റിമറിക്കാനുള്ള വിദേശനാണ്യ ശേഖരം ഇന്ത്യയുടെ കേന്ദ്രബാങ്കായ റിസര്‍വ്വ് ബാങ്കിന്റെ പക്കലുണ്ടെന്നും ഇന്ത്യ അവകാശപ്പെടുന്നു.
അമേരിക്കയുടെ അജണ്ട നടപ്പാക്കുന്ന ഏജന്‍സിയാണ് ഐഎംഎഫ് എന്നും ഇന്ത്യ കരുതുന്നു. ഇന്ത്യയില്‍ ഭീകരാക്രമണം നടത്തി പട്ടാപ്പകല്‍ ഇന്ത്യന്‍ ടൂറിസ്റ്റുകളെ വെടിവെച്ച് കൊന്ന, ഇപ്പോഴും ഭീകരവാദം പ്രധാനവരുമാനമായി കാണുന്ന പാകിസ്ഥാന് പുതിയ സാമ്പത്തിക വായ്‌പ നല്‍കി പ്രോത്സാഹിപ്പിക്കരുതെന്ന് ഇന്ത്യ ശക്തമായി വാദിച്ചിട്ട് കൂടി പാകിസ്ഥാന് വായ്‌പ നല്‍കിയവരാണ് ഐഎംഎഫ്. അതായത് ഐഎംഎഫിന് അവരുടേതായ അജണ്ടയുണ്ടെന്നാണ് ഇന്ത്യ വാദിക്കുന്നത്. പാകിസ്ഥാന് 2025 മെയ് മാസത്തില്‍ 199 കോടി ഡോളര്‍ നല്‍കിയ ഐഎംഎഫ് വീണ്ടും സെപ്തംബറില്‍ മറ്റൊരു 120 കോടി ഡോളര്‍ കൂടി കൊടുക്കാന്‍ തീരുമാനച്ചിരുന്നു. ഇതില്‍ ഭൂരിഭാഗം ഫണ്ടും പാകിസ്ഥാന്‍ ആയുധം വാങ്ങാനും ഭീകരവാദം വളര്‍ത്താനും ആണ് ഉപയോഗിക്കുന്നത് എന്നതാണ് ഇന്ത്യയുടെ പരാതി.