• Thu. Nov 6th, 2025

24×7 Live News

Apdin News

ഇന്ത്യയുടെ സൈനികാഭ്യാസമായ ത്രിശൂലിനെ മുഹമ്മദ് യൂനസിനും പേടി

Byadmin

Nov 6, 2025



ന്യൂദല്‍ഹി:ഇന്ത്യയുടെ സൈനികാഭ്യാസമായ ത്രിശൂല്‍ പാകിസ്ഥാനെ മാത്രമല്ല ബംഗ്ലാദേശിനെയും ഭയപ്പെടുത്തുന്നതായി റിപ്പോര്‍ട്ട്. ഒരാഴ്ചക്കാലത്തേക്ക് ഇന്ത്യയുടെ ശത്രുവായ സക്കീര്‍ നായിക്കിനെ ബംഗ്ലാദേശിലേക്ക് കൊണ്ടുവരാനുള്ള തീരുമാനം മുഹമ്മദ് യൂനസ് പിന്‍വലിച്ചതിന് പിന്നില്‍ ത്രിശൂലിനോടുള്ള ഭയമാണെന്നാണ് പുറത്തുവരുന്ന ചില റിപ്പോര്‍ട്ടുകള്‍.

സക്കീര്‍ നായിക്കിന്റെ സുരക്ഷ ത്രിശൂല്‍ കാരണം അട്ടിമറിക്കപ്പെടുമോ എന്ന ഭയം ബംഗ്ലാദേശ് സൈന്യത്തിനുണ്ട്. ബംഗ്ലാദേശില്‍ മാര്‍ച്ചില്‍ നടക്കാന്‍ പോകുന്ന പൊതുതെരഞ്ഞെടുപ്പ് കാരണമാണ് സക്കീര്‍ നായിക്കിന്റെ വരവ് റദ്ദാക്കിയത് എന്നാണ് ബംഗ്ലാദേശ് നല്‍കുന്ന വിശദീകരണം. സക്കീര്‍ നായിക്ക് വന്നാല്‍ ധാരാളം പേര്‍ തടിച്ചുകൂടുമെന്നു പരിപാടി നടക്കുന്ന സ്ഥലങ്ങള്‍ക്ക് സുരക്ഷയൊരുക്കാന്‍ വന്‍തോതില്‍ പൊലീസിനെയും പട്ടാളത്തേയും വിന്യസിക്കേണ്ടി വരുമെന്നും തെരഞ്ഞെടുപ്പ് അടുത്തിരിക്കെ അത് സാധിക്കില്ലെന്നുമാണ് ബുദ്ധിപൂര്‍വ്വം മുഹമ്മദ് യൂനസ് നല്‍കുന്ന വിശദീകരണം. മാര്‍ച്ചിലൊന്നും ബംഗ്ലാദേശിലെ പൊതു തെര്ഞെടുപ്പ് നടക്കാന്‍ പോകുന്നില്ലെന്നും അത് മുഹമ്മദ് യൂനസ് ന്യായീകരണത്തിന് വേണ്ടി നല്‍കിയ ഒരു ഒഴിവുകഴിവ് മാത്രമാണെന്നാണ് പറയപ്പെടുന്നത്.

ത്രിശൂലിനെ ഭയപ്പെടുന്നത് എന്തുകൊണ്ട്?

ഓപ്പറേഷന്‍ സിന്ദൂര്‍ പാകിസ്ഥാനെതിരായ സൈനികനീക്കത്തിന്റെ ഒരു തുടക്കം മാത്രമായിരുന്നു. അണിയറയില്‍ പാകിസ്ഥാന്‍ ചിലതെല്ലാം ഒരുക്കുമ്പോള്‍ ഭാരതം സന്നദ്ധമാണോ എന്ന ചോദ്യത്തിന് ഉത്തരമായി മാറിയിരിക്കുകയാണ് ഇപ്പോള്‍ ത്രിശൂല്‍.ആത്മനിര്‍ഭര്‍ ഭാരതിന്റെ ഭാഗമായി ഇന്ത്യയില്‍ നിര്‍മ്മിച്ച യുദ്ധക്കപ്പലായ ഐഎന്‍എസ് വിക്രാന്ത്, പ്രത്യേക സേനാ കമാന്‍റോകള്‍, മിസൈലുകള്‍, യുദ്ധക്കപ്പലുകള്‍, റഫാല്‍, സുഖോയ് 30 പോലുള്ള യുദ്ധവിമാനങ്ങള്‍ എന്നിവ അണിനിരക്കുന്ന തൃശൂല്‍ വെറുമൊരു സൈനികാഭ്യാസമല്ല, പാകിസ്ഥാനുള്ള മുന്നറിയിപ്പ് തന്നെയാണ്. ഇന്ത്യയുടെ .25 യുദ്ധക്കപ്പലുകള്‍, സുഖോയ്, റഫാല്‍ എന്നിവ ഉള്‍പ്പെടെ വ്യോമസേനയുടെ 40 യുദ്ധവിമാനങ്ങള്‍, 20000 സൈനികര്‍ എന്നിവര്‍ ത്രിശൂലില്‍ പങ്കെടുക്കുന്നു. 12 ദിവസത്തെ ത്രിസേന യുദ്ധാഭ്യാസത്തിന്റെ കേന്ദ്രബിന്ദു ഇന്ത്യയ്‌ക്കും പാകിസ്ഥാനും ഇടയില്‍ 100 കിലോമീറ്റര്‍ നീളത്തിലുള്ള ജലപാതയായ സര്‍ ക്രീക്കാണ്. സര്‍ ക്രീക്ക് എന്ന പ്രദേശത്തെ തെരഞ്ഞെടുത്തതിന്റെ കാരണം ലളിതം. സര്‍ ക്രീക്ക് കേന്ദ്രീകരിച്ച് കുറച്ചുനാളുകളായി പാകിസ്ഥാന്‍ ചില ഗൂഢ സൈനികനീക്കങ്ങള്‍ നടത്തിയിരുന്നു. അത് വേണ്ട എന്നും ഇനിയും തുടര്‍ന്നാല്‍ ബ്രഹ്മോസുകള്‍ കണക്കുതീര്‍ക്കുമെന്നും പാകിസ്ഥാന്റെ ചരിത്രവും ഭൂമിശാസ്ത്രവും തന്നെ മാറ്റുമെന്നുമുള്ള ശക്തമായ മുന്നറിയിപ്പ് നല്‍കുക തന്നെയാണ് ത്രിശൂലിന്റെ ലക്ഷ്യം.

എന്താണ് സക്കീര്‍ നായിക്കിനെ ഇന്ത്യ തേടുന്നത്?

കള്ളപ്പണം വെളുപ്പിക്കുന്നു, യുവാക്കളെ മതമൗലികവാദികളാക്കുന്നു എന്നീ കുറ്റങ്ങളുടെ പേരില്‍ സക്കീര്‍ നായിക്കിനെ വിചാരണ ചെയ്യാനിരിക്കുകയാണ് ഇന്ത്യ. പക്ഷെ പിടികൂടുന്നതിന് മുന്‍പ് സക്കീര്‍ നായിക്ക് മലേഷ്യയിലേക്ക് കടക്കുകയായിരുന്നു.

ബംഗ്ലാദേശില്‍ ഷേഖ് ഹസീന ഭരിച്ചിരുന്നപ്പോള്‍ സക്കീര്‍ നായിക്കിന്റെ പീസ് ടിവി നിരോധിച്ചിരുന്നു. ബംഗ്ലാദേശിലെ ഹോളി ആര്‍ടിസന്‍ ബേക്കറിയില്‍ നടന്ന സ്ഫോടനത്തെ തുടര്‍ന്ന് 22 പേര്‍ കൊല്ലപ്പെട്ട സംഭവവുമായി സക്കീര്‍ നായിക്കിന് ബന്ധമുള്ളതായി ആരോപിക്കപ്പെട്ടിരുന്നു. നിയോ ജമാത്തുള്‍ മുജാഹിദീന്‍ എന്ന സംഘടനയായിരുന്നു ഈ സ്ഫോടനത്തിന് പിന്നില്‍. ഇതിലെ പ്രതികളില്‍ ഒരാള്‍ തന്നെ അക്രമത്തിന് പ്രചോദിപ്പിച്ചത് മതപ്രഭാഷകനായ സക്കീര്‍ നായിക്കാണെന്ന് പ്രസ്താവിച്ചിരുന്നു. ഇതോടെയാണ് സക്കീര്‍ നായിക്ക് തനിക്കെതിരെ കുരുക്ക് മുറുകുമെന്ന് മുന്‍കൂട്ടിയറിഞ്ഞ് രായ്‌ക്കുരാമാനം ഇന്ത്യ വിട്ടോടിപ്പോയത്. മലേഷ്യയില്‍ അഭയം തേടിയ സക്കീര്‍ നായിക്കിനെ പിന്നീട് പാകിസ്ഥാനും ഖത്തറും പ്രവേശിപ്പിച്ചിരുന്നു.

By admin