
ന്യൂദൽഹി : ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച വിവാദ മതപ്രഭാഷകൻ സാക്കിർ നായിക്കിന് ബംഗ്ലാദേശിലേക്ക് പ്രവേശനം അനുവദിക്കില്ല. ഇന്ത്യയുടെ പ്രതിഷേധത്തെത്തുടർന്ന് മുഹമ്മദ് യൂനുസ് സർക്കാർ ആദ്യ തീരുമാനം മാറ്റുകയായിരുന്നു . നവംബർ 28 മുതൽ 29 വരെ ഈ മാസം അവസാനം ധാക്കയിൽ സക്കീർ നായിക്ക് പങ്കെടുക്കുന്ന പ്രധാന പരിപാടി നിശ്ചയിച്ചിരുന്നു. ഇതിന് പിന്നാലെ സാക്കിർ നായിക് ബംഗ്ലാദേശിലേക്ക് വന്നാൽ അദ്ദേഹത്തെ കൈമാറുമെന്ന് പ്രതീക്ഷിക്കുന്നതായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവിച്ചു. അതിനെ തുടർന്നാണ് ബംഗ്ലാദേശ് സർക്കാർ സാക്കിർ നായിക്കിന് പ്രവേശനം വിലക്കിയത്.
ബംഗ്ലാദേശിൽ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ അട്ടിമറിച്ചതിനുശേഷം, ഇസ്ലാമിക ശക്തികളുടെ സ്വാധീനം ഗണ്യമായി വർദ്ധിച്ചിരുന്നു . മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനസിന്റെ നേതൃത്വത്തിലുള്ള ബംഗ്ലാദേശിലെ ഇടക്കാല സർക്കാർ ഇസ്ലാമിക മതമൗലികവാദികളെ രാജ്യത്തേക്ക് സ്വാഗതം ചെയ്യുകയാണ് . ബംഗ്ലാദേശിലെ ഇടക്കാല സർക്കാർ ഇപ്പോൾ സ്വാഗതം ചെയ്യാൻ ഒരുങ്ങുന്ന അതേ സാക്കിർ നായിക്കിന് 2016 ജൂലൈയിൽ നടന്ന ധാക്ക ബേക്കറി ഭീകരാക്രമണത്തിൽ പങ്കുണ്ടെന്നാണ് സൂചന.
ബംഗ്ലാദേശിലെ ഇടക്കാല സർക്കാർ ചൊവ്വാഴ്ച സെക്രട്ടേറിയറ്റിലെ ആഭ്യന്തര മന്ത്രാലയത്തിൽ നടത്തിയ ക്രമസമാധാന കോർ കമ്മിറ്റി യോഗത്തിലാണ് സാക്കിർ നായിക്കിന്റെ ബംഗ്ലാദേശ് സന്ദർശനം താൽക്കാലികമായി നിരോധിക്കാൻ തീരുമാനിച്ചത് . സാക്കിർ നായിക്ക് ബംഗ്ലാദേശ് സന്ദർശിക്കുകയാണെങ്കിൽ ഇസ്ലാമിസ്റ്റുകളായ അനുയായികളുടെ വലിയൊരു ജനക്കൂട്ടം ഒത്തുകൂടാനുള്ള സാധ്യത മന്ത്രാലയത്തിന്റെ കോർ കമ്മിറ്റി യോഗം ചർച്ച ചെയ്തു. സുരക്ഷ ഉറപ്പാക്കാൻ ധാരാളം സുരക്ഷാ ഉദ്യോഗസ്ഥരെയും വിന്യസിക്കേണ്ടി വരും. മാത്രമല്ല ഇന്ത്യയുടെ എതിർപ്പ് അവഗണിച്ച് സക്കീർ നായിക്കിന് സ്വാഗതമോതുന്നത് വൻ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന ഭയവും ബംഗ്ലാദേശിനുണ്ട്.