റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്ന ഇന്ത്യയ്‌ക്കെതിരെ അമേരിക്ക 50 ശതമാനം തീരുവ ഏര്‍പ്പെടുത്തിയതായി യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അറിയിച്ചു. ഈ നീക്കം റഷ്യന്‍ സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ ആഘാതമാകുമെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര സമ്മര്‍ദങ്ങളും യു.എസ് ഉപരോധങ്ങളും കാരണം റഷ്യ സാമ്പത്തിക തകര്‍ച്ചയുടെ വക്കിലാണെന്നും ട്രംപ് അഭിപ്രായപ്പെട്ടു.
”റഷ്യ വലിയൊരു രാജ്യമാണ്. അവര്‍ രാഷ്ട്ര നിര്‍മ്മാണത്തിലേക്ക് തിരികെ വരണം. വലിയ മാറ്റങ്ങള്‍ വരുത്താനുള്ള ശേഷി അവര്‍ക്കുണ്ടെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തില്‍ ഒന്നും ചെയ്യാനാകുന്നില്ല. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്ന അവരുടെ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിയോട് 50 ശതമാനം തീരുവ ഏര്‍പ്പെടുത്തുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇത് റഷ്യയ്ക്ക് വലിയ തിരിച്ചടിയാണ്. എന്നാല്‍ ഇതോടെ കാര്യങ്ങള്‍ അവസാനിപ്പിക്കാനില്ല,” ട്രംപ് പറഞ്ഞു.
താന്‍ സ്വീകരിക്കാന്‍ പോകുന്ന തുടര്‍നടപടികള്‍ വ്യക്തമാക്കാന്‍ പ്രസിഡന്റ് തയ്യാറായില്ല. യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനുമായി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയ്‌ക്കെതിരെ യു.എസ്. പ്രഖ്യാപിച്ച 50 ശതമാനം തീരുവയില്‍ ആദ്യഘട്ടമായ 25 ശതമാനം തീരുവ ഈ മാസം 7-ന് നിലവില്‍ വന്നു. ബാക്കിയുള്ള 25 ശതമാനം തീരുവ ഈ മാസം 27-ന് പ്രാബല്യത്തില്‍ വരും. ഇന്ത്യ – യു.എസ്. വ്യാപാര കരാറിനെക്കുറിച്ചുള്ള അഞ്ചു ഘട്ട ചര്‍ച്ചകള്‍ ഇതിനകം പൂര്‍ത്തിയായി. തുടര്‍ ചര്‍ച്ചകള്‍ക്കായി അമേരിക്കന്‍ പ്രതിനിധി സംഘം 25-ന് ഇന്ത്യയില്‍ എത്തും.