ന്യൂദൽഹി : ഇന്ത്യയും യുഎസും തമ്മിലുള്ള പതിറ്റാണ്ടുകളായി തുടരുന്ന തന്ത്രപരമായ ശ്രമങ്ങളെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വ്യാപാര നയം ദുർബലപ്പെടുത്തിയെന്ന് മുൻ യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടൺ . ഇന്ത്യയ്‌ക്ക് മേൽ, പ്രത്യേകിച്ച് റഷ്യൻ എണ്ണ വാങ്ങുന്നതിന് ചുമത്തിയ കനത്ത തീരുവകൾ ഇന്ത്യയെ റഷ്യയുമായും ചൈനയുമായും കൂടുതൽ അടുപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഏപ്രിലിൽ ട്രംപ് ചൈനയുമായി നേരിയ വ്യാപാര ഏറ്റുമുട്ടലിന് തുടക്കമിട്ടിരുന്നെങ്കിലും, ഈ നടപടിയിൽ നിന്നും പിന്മാറിയതായും ബോൾട്ടൺ പറഞ്ഞു. അതേസമയം, അദ്ദേഹം ഇന്ത്യയ്‌ക്ക് മേൽ 50% ൽ കൂടുതൽ തീരുവ ചുമത്തി. ഈ തീരുവ അമേരിക്കയ്‌ക്ക് ‘ഏറ്റവും മോശം ഫലം’ വരുത്തും. ഇന്ത്യ ഇതിനെ ശക്തമായി എതിർത്തു, പ്രത്യേകിച്ച് ചൈനയ്‌ക്ക് മേൽ അത്തരമൊരു തീരുവ ചുമത്തിയിട്ടില്ലാത്തതിനാൽ. ഈ നീക്കം റഷ്യയുമായും ചൈനയുമായും ചേർന്ന് അമേരിക്കയ്‌ക്കെതിരെ ചർച്ച നടത്താൻ ഇന്ത്യയെ പ്രേരിപ്പിക്കുമെന്നും അദ്ദേഹം പറയുന്നു.ചൈനയ്‌ക്കുള്ള മൃദു താരിഫ് നിരക്കുകളും ഇന്ത്യയ്‌ക്ക് കർശന താരിഫുകളും യുഎസ് ചെയ്യുന്ന വലിയ തെറ്റാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി .
ഈ താരിഫ് ഇന്ത്യ-യുഎസ് ബന്ധങ്ങളിൽ ദീർഘകാലാടിസ്ഥാനത്തിൽ നാശമുണ്ടാക്കുമെന്ന് യുഎസ് വിദേശനയ വിദഗ്‌ദ്ധൻ ക്രിസ്റ്റഫർ പാഡില്ലയും മുന്നറിയിപ്പ് നൽകി. അമേരിക്ക ഒരു വിശ്വസനീയ പങ്കാളിയാണോ എന്ന ചോദ്യം ഭാവിയിൽ ഉയർത്താൻ ഇത് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.