ഇന്ത്യാ-പാക് വെടിനിര്‍ത്തല്‍ കരാര്‍ പ്രഖ്യാപിച്ചതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. വെടിനിര്‍ത്തലിനെ കുറിച്ച് ആദ്യം പ്രഖ്യാപിച്ചത് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആണെന്ന കാര്യവും രാഹുല്‍ കത്തില്‍ അടിവരയിടുന്നുണ്ട്. സിന്ദൂര്‍ ഓപറേഷനെ കുറിച്ചും വെടിനിര്‍ത്തലിനെ കുറിച്ചും വിശദീകരിക്കാനായി പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിക്കണമെന്ന് കത്തില്‍ ആവശ്യപ്പെട്ടു.
”ബഹുമാനപ്പെട്ട പ്രധാനമന്ത്രി, ഉടന്‍തന്നെ പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിക്കണമെന്ന ആവശ്യം ആവര്‍ത്തിക്കുകയാണ്. പഹല്‍ഗാം ഭീകരാക്രമണം, സിന്ദൂര്‍ ഓപറേഷന്‍, വെടിനിര്‍ത്തല്‍ (വെടിനിര്‍ത്തല്‍ ആദ്യം പ്രഖ്യാപിച്ചത് യു.എസ് പ്രസിഡന്റ് ആണല്ലോ) എന്നിവയെ കുറിച്ച് ജനങ്ങള്‍ക്കും അവരുടെ പ്രതിനിധികള്‍ക്കും അറിയാന്‍ അത് അനിവാര്യമാണ്. ഭാവിയിലെ വെല്ലുവിളികള്‍ അതിജീവിക്കാനുള്ള അവസരം കൂടി ഇങ്ങനെയൊരു കൂടിച്ചേരലിലൂടെ കൈവരും. ഈ ആവശ്യം ഗൗരവമായി എടുക്കുമെന്ന് തന്നെ ഞാന്‍ വിശ്വസിക്കുന്നു.?”-എന്നാണ് രാഹുല്‍ ഗാന്ധി കത്തില്‍ പറയുന്നത്.