
ന്യൂദല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിന്റെ നാളുകള്‍ക്ക് ശേഷം ഇതാദ്യമായി ഇന്ത്യന്‍ പ്രധാനമന്ത്രി മോദിയും അമേരിക്കന്‍ പ്രസിഡന്‍റ് ട്രംപും ഫോണില്‍ സംസാരിച്ചു. ഇന്ത്യ-യുഎസ് ബന്ധത്തില്‍ മഞ്ഞുരുക്കുന്ന നടപടിയാണ് ഉണ്ടായിരിക്കുന്നത്.
ഫോണിലൂടെയുള്ള ഇരുനേതാക്കളുടെയും ഈ സംസാരം കുറെക്കാലമായി ഒപ്പുവെയ്‌ക്കാതെ കിടന്നിരുന്ന ഇന്ത്യാൃയുഎസ് വ്യാപാരക്കരാര്‍ യാഥാര്‍ത്ഥ്യമാകുന്നതിലേക്ക് നയിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. അതുപോലെ അമേരിക്ക ഇന്ത്യയ്‌ക്ക് മേല്‍ ചുമത്തിയിരിക്കുന്ന 50 ശതമാനം എന്ന ഭീമമായ വ്യാപാരത്തീരുവയില്‍ മാറ്റമുണ്ടാകുമെന്നും ഇന്ത്യയില്‍ നിന്നും അമേരിക്കയിലേക്കുള്ള കയറ്റുമതി പഴയതുപോലെ സുഗമമാക്കാന്‍ കഴിയുമെന്നും പ്രതീക്ഷിക്കപ്പെടുന്നു. ഇന്ത്യാ-യുഎസ് ബന്ധത്തിലെ മഞ്ഞുരുകി എന്നാണ് പല രാഷ്‌ട്രീയനിരീക്ഷകരും ഇതേക്കുറിച്ച് വിലയിരുത്തുന്നത്. ഇതിന്റെ പ്രത്യാഘാതമെന്തെന്ന് വരും ദിവസങ്ങളില്‍ അറിയാനാവും.
ഇരുവരും അകല്‍ച്ച പാലിച്ചതോടെ ശത്രുക്കള്‍ ട്രംപിനെ പല വിധത്തില്‍ ഇന്ത്യയ്‌ക്കെതിരെ സ്വാധീനിക്കുന്നത് തടയിടാനാണ് പരസ്പരം സംസാരിക്കുക എന്ന നയതന്ത്രത്തിലേക്ക് മോദിയും എത്തിച്ചേര്‍ന്നതെന്ന് കരുതപ്പെടുന്നു.
ഇരുരാജ്യങ്ങളും തമ്മിലുള്ള സമഗ്രമായ സൈനിക പങ്കാളിത്തത്തെക്കുറിച്ച് സുദീര്‍ഘമായി ഇരുനേതാക്കളും സംസാരിച്ചു. ഒപ്പം ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരബന്ധം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചും ചര്‍ച്ചയുണ്ടായി.
ഇതിനു പുറമേ ഇരുനേതാക്കളും വിവിധ ആഗോള വിഷയങ്ങളും ചര്‍ച്ച ചെയ്തു. കൂട്ടായ വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാനും ഇരുവരും തീരുമാനിച്ചു.