കാന്‍ബെറ: ആസ്ത്രേല്യയ്‌ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിനേക്കാള്‍ കൂടുതല്‍ ഇന്ത്യക്കാര്‍ ആസ്ത്രേല്യയിലേക്ക് കുടിയേറി എത്തുന്നുവെന്ന് വിമര്‍ശിച്ച എംപി ജസീന്ത മാപ്പ് പറയണമെന്ന് ആസ്ത്രേല്യന്‍ പ്രധാനമന്ത്രി ആന്‍റണി ആല്‍ബനീസ്.
എന്താണ് ഇന്ത്യക്കാര്‍ക്കെതിരായ ജസീന്തയുടെ ആരോപണം?
ആസ്ത്രേല്യയില്‍ കുടിയേറി എത്തുന്ന ഇന്ത്യക്കാര്‍ ആസ്ത്രേല്യക്കാര്‍ക്ക് പോലും ജീവിക്കാന്‍ കഴിയാത്ത വിധം ജീവിതച്ചെലവ് ഉയര്‍ത്തുകയാണെന്നായിരുന്നു സെന്‍ട്രല്‍ റൈറ്റ് ലിബറല്‍ പാര്‍ട്ടി നേതാവ് ജസീന്ത പ്രൈസ് വിമര്‍ശിച്ചത്. ഇന്ത്യക്കാര്‍ മൂലം കെട്ടിടവാടക, ഭക്ഷണച്ചെലവ്, പൊതുവായ ജീവിതച്ചെലവ് എന്നിവ ഉയരുകയാണ് എന്ന പരാതിയാണ് ജസീന്ത പ്രൈസ് ഉയര്‍ത്തുന്നത്. ആസ്ത്രേല്യയിലെ ഏറ്റവും വലിയ ന്യൂനപക്ഷസമുദായങ്ങളില്‍ ഒന്നാണ് അവിടുത്തെ ഇന്ത്യക്കാര്‍.
ആസ്ത്രേല്യന്‍ പ്രധാനമന്ത്രി ആല്‍ബനീസിന്റെ ഇടത് പാര്‍ടിയായ ലേബര്‍ പാര്‍ട്ടിക്ക് വോട്ട് കിട്ടാനായി കൂടുതല്‍ ഇന്ത്യക്കാരെ ആസ്ത്രേല്യയില്‍ എത്തിക്കുകയാണെന്നും ജസീന്ത ആരോപിക്കുന്നു. ” ആസ്ത്രേല്യയില്‍ ഇന്ത്യന്‍ സമുദായം വര്‍ധിച്ചുവരികയാണ്. അവരാകട്ടെ ലേബര്‍ പാര്‍ട്ടി വോട്ടര്‍മാരുമാണ്.”- ഒരു റേഡിയോ അഭിമുഖത്തില്‍ ജസീന്ത ആരോപിച്ചിരുന്നു.
ഇന്ത്യക്കാര്‍ക്ക് വേദനിക്കുന്നു, മാപ്പ് പറയണം
ജസീന്തയുടെ പരാതി ഇന്ത്യക്കാരെ വേദനിപ്പിക്കുന്നുണ്ടെന്നും ഇത് സത്യമല്ലെന്നും അവരോട് ജസീന്ത മാപ്പു പറയണമെന്നും ആന്‍റണി ആല്‍ബനീസ് ആവശ്യപ്പെട്ടു. 2023ലെ കണക്ക് പ്രകാരം 8,45,800 ഇന്ത്യക്കാരാണ് ആസ്ത്രേല്യയില്‍ ജോലി ചെയ്യുന്നത്. 2013ല്‍ ഇതിന്റെ പകുതി ഇന്ത്യക്കാരേ ആസ്ത്രേല്യയില്‍ ഉണ്ടായിരുന്നുള്ളൂ.
ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയവും ആസ്ത്രേല്യയില്‍ ഉയര്‍ന്നുവരുന്ന ഇന്ത്യാ വിരുദ്ധ വികാരങ്ങള്‍ ഉയര്‍ത്തുന്ന പ്രശ്നങ്ങളെക്കുറിച്ച് ആസ്ത്രേല്യന്‍ സര്‍ക്കാരുമായി ചര്‍ച്ച നടത്തിയിരുന്നു. അനധികൃത കുടിയേറ്റമല്ല, വിദ്യഭ്യാസ യോഗ്യതയുടെ അടിസ്ഥാനത്തിലാണ് കൂടുതല്‍ ഇന്ത്യക്കാരും ആസ്ത്രേല്യയില്‍ എത്തുന്നതെന്ന് കേന്ദ്ര സര്‍ക്കാര്‍ പറയുന്നു.