ഹ്രസ്വ സന്ദർശനാർഥം ജിദ്ദയിലെത്തിയ ഷാഫി പറമ്പിൽ എം.പി ജിദ്ദ ഇന്ത്യൻ കോൺസൽ ജനറൽ ഫഹദ് അഹമ്മദ് ഖാൻ സൂരിയുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയിൽ മക്കയിൽ ഇന്ത്യൻ സ്കൂൾ (കമ്യൂണിറ്റി സ്കൂൾ) ആരംഭിക്കുക എന്ന ദീർഘനാളായുള്ള ആവശ്യം വിശദമായി ചർച്ച ചെയ്തു.
ഹജ്ജ് വേളയിൽ സന്നദ്ധ സേവന പ്രവർത്തകർക്കുള്ള നിയന്ത്രണം മൂലമുള്ള പ്രയാസങ്ങൾ ഉന്നയിക്കപ്പെട്ടു. ഹജ്ജ് എംബാർക്കേഷൻ പോയന്റുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾ, ഹാജിമാരുടെ വിമാനയാത്ര നിരക്കിലുള്ള വർധന, വിവിധ കാരണങ്ങൾ മൂലം നിയമക്കുരുക്കിൽ പെടുന്ന ഇന്ത്യക്കാർക്ക് നിയമസഹായം ലഭ്യമാക്കുന്നതുൾപ്പെടെയുള്ള പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങൾ കോൺസുൽ ജനറലുമായുള്ള ചർച്ചയിൽ പ്രതിപാദിച്ചു. ജിദ്ദയിൽ നിന്നും മക്കയിൽ നിന്നും നിരവധി സാധാരണക്കാർ എം.പിയെ കാണുകയും നിവേദനങ്ങൾ നൽകുകയുമുണ്ടായി.
സർക്കാർ തലത്തിൽ വിദേശകാര്യ വകുപ്പ്, കേന്ദ്ര ഹജ്ജ് കമ്മിറ്റി ഉൾപ്പെടെയുള്ള ബന്ധപ്പെട്ട വകുപ്പുകളുടെ ശ്രദ്ധയിലും കോൺസുലേറ്റ്, എംബസി ഇടപെടേണ്ട വിഷയങ്ങളിൽ അങ്ങിനെയും ചെയ്യുമെന്ന് ഷാഫി പറമ്പിൽ എം.പി പറഞ്ഞു. കോൺസുൽ ജനറലിനോടൊപ്പം ഹജ്ജ് കോൺസുൽ അബ്ദുൽ ജലീലുമുണ്ടായിരുന്നു.
ഒ.ഐ.സി.സി റീജനൽ കമ്മിറ്റി പ്രസിഡന്റ് ഹക്കീം പാറക്കൽ, ഒ.ഐ.സി.സി നേതാക്കളായ ആസാദ് പോരൂർ, ശരീഫ് അറക്കൽ, സഹീർ മാഞ്ഞാലി, രാധാകൃഷ്ണൻ കാവുമ്പായി, അലി തേക്കുതോട്, മനോജ് മാത്യു, ഷൗക്കത്ത് പരപ്പനങ്ങാടി, ഷമീർ നദ്വി കുറ്റിച്ചൽ, ഹർഷദ് ഏലൂർ എന്നിവർ ഷാഫി പറമ്പിൽ എം.പി യെ അനുഗമിച്ചു.