ന്യൂദല്‍ഹി : ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സമാധാനവും ശാന്തിയും നിലനിര്‍ത്തേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. അതിര്‍ത്തി പ്രശ്‌നത്തിന് ന്യായവും നീതി യുക്തവും പരസ്പരം സ്വീകാര്യവുമായ പരിഹാരം കാണാനുളള പ്രതിബദ്ധത ഇന്ത്യന്‍ പ്രധാനമന്ത്രി ആവര്‍ത്തിച്ചു.
ചൊവ്വാഴ്ച വൈകുന്നേരം ന്യൂദല്‍ഹിയില്‍ തന്നെ സന്ദര്‍ശിച്ച ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയോടാണ് നരേന്ദ്ര മോദി ഇക്കാര്യങ്ങള്‍ പറഞ്ഞത്. ടിയാന്‍ജിനില്‍ നടക്കുന്ന എസ്സിഒ ഉച്ചകോടിയിലേക്ക് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെ ക്ഷണവും സന്ദേശവും വാങ് യി പ്രധാനമന്ത്രിക്ക് കൈമാറി.
കഴിഞ്ഞ വര്‍ഷം കസാനില്‍ പ്രസിഡന്റ് ഷിയുമായി നടത്തിയ കൂടിക്കാഴ്ചയ്‌ക്ക് ശേഷം ഉഭയകക്ഷി ബന്ധത്തി ഉണ്ടായ പുരോഗതിയെ പ്രധാനമന്ത്രി മോദി സ്വാഗതം ചെയ്തു. കൈലാസ് മാനസസരോവര്‍ യാത്ര പുനരാരംഭിച്ചത് ഉള്‍പ്പെടെ അദ്ദേഹം ചൂണ്ടിക്കാട്ടി. എസ്സിഒ ഉച്ചകോടിയിലേക്കുള്ള ക്ഷണത്തിന് പ്രസിഡന്റ് ഷിയോട് നന്ദി പറഞ്ഞ മോദി ക്ഷണം സ്വീകരിക്കുന്നതായി അറിയിച്ചു. എസ്സിഒ ഉച്ചകോടിയില്‍ ചൈനയുടെ അധ്യക്ഷതയ്‌ക്ക് ഇന്ത്യയുടെ പിന്തുണയും മോദി ഉറപ്പ് നല്‍കി. ടിയാന്‍ജിനില്‍ പ്രസിഡന്റ് ഷി ജിംഗ് പിംഗിനെ കാണാന്‍ താത്പര്യപ്പെടുന്നുവെന്നും പറഞ്ഞു. ഇന്ത്യയും ചൈനയും തമ്മിലുള്ള സ്ഥിരതയുള്ളതും ക്രിയാത്മകവുമായ ബന്ധം പ്രാദേശികവും ആഗോളവുമായ സമാധാനത്തിനും സമൃദ്ധിക്കും ഗണ്യമായ സംഭാവന നല്‍കുമെന്ന് മോദി പറഞ്ഞു.
അതിനിടെ, വളം, ധാതുക്കള്‍, തുരങ്കം നിര്‍മ്മിക്കുന്നതിനുളള മെഷീനുകള്‍ എന്നിവ ചൈന ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യുമെന്ന് ചൈനീസ് വിദേശകാര്യ കാര്യ മന്ത്രി പറഞ്ഞു.