ഇന്ത്യ-പാക് വെടിനിര്‍ത്തല്‍ ധാരണ ഈ മാസം 18 വരെ നീട്ടി. ബുധനാഴ്ച നടത്തിയ ഡിജിഎംഒ തല ചര്‍ച്ചയിലാണ് തീരുമാനമുണ്ടായത്. ഇന്ത്യയുടെ ഡിജിഎംഒ രാജീവ് ഘായ് പാകിസ്താന്‍ ഡിജിഎംഒയുമായി ഹോട്ട്ലൈന്‍ വഴിയാണ് ചര്‍ച്ച നടത്തിയത്. പാകിസ്താന്‍ വിദേശകാര്യ മന്ത്രി ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം ഇന്ത്യയുടെ ഭാഗത്ത് നിന്ന് ഈ വിഷയത്തില്‍ സ്ഥിരീകരണമുണ്ടായിട്ടില്ല.
അതേസമയം, ഏറ്റുമുട്ടലില്‍ ജെയ്ഷെ ഭീകരരെ വധിച്ച ജമ്മുകശ്മീരിലെ ത്രാലില്‍ അതീവ ജാഗ്രത. വനമേഖല കേന്ദ്രീകരിച്ച് കൂടുതല്‍ ഭീകരര്‍ക്കായി സുരക്ഷാ സേന ഇന്നും തിരച്ചില്‍ തുടരും.
ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാന് നേരെ ഇന്ത്യ പ്രയോഗിച്ചത് ബ്രഹ്‌മോസ് മിസൈലുകളെന്ന് റിപ്പോര്‍ട്ട്. ഇതിനിടെ അഫ്ഗാനിസ്താനുമായുള്ള ബന്ധം ശക്തിപ്പെടുത്താനുള്ള നീക്കങ്ങളും ഇന്ത്യ ആരംഭിച്ചു. ഇന്ത്യന്‍ വ്യോമസേന നടത്തിയ തിരിച്ചടിയില്‍ പാകിസ്താന്റെ 13 എയര്‍ബേസുകളില്‍ 11നും കേടുപാടുകള്‍ സംഭവിച്ചു. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ നിര്‍ദേശപ്രകാരമാണ് തിരിച്ചടിക്ക് ബ്രഹ്‌മോസ് തിരഞ്ഞെടുത്തത് എന്നാണ് വിവരം.