• Sat. May 10th, 2025

24×7 Live News

Apdin News

ഇന്ത്യ- പാക് സൈനിക സംഘര്‍ഷം; കശ്മീരിലെയും ഡല്‍ഹിയിലെയും നിരവധി സ്‌കൂളുകള്‍ ഓണ്‍ലൈന്‍ മോഡിലേക്ക് – Chandrika Daily

Byadmin

May 10, 2025


ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സൈനിക സംഘര്‍ഷത്തിനിടയില്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കി, മുന്‍കരുതല്‍ നടപടിയായി ഡല്‍ഹിയിലെ നിരവധി സ്വകാര്യ സ്‌കൂളുകള്‍ വെള്ളിയാഴ്ച ഓണ്‍ലൈന്‍ ക്ലാസുകളിലേക്ക് മാറ്റിയതായി ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

വസന്ത് കുഞ്ചിലെ ഡല്‍ഹി പബ്ലിക് സ്‌കൂള്‍ (ഡിപിഎസ്), പശ്ചിമ വിഹാറിലെ ഇന്ദ്രപ്രസ്ഥ വേള്‍ഡ് സ്‌കൂള്‍, മോഡല്‍ ടൗണിലെ ക്വീന്‍ മേരി സ്‌കൂള്‍ തുടങ്ങിയ സ്‌കൂളുകളാണ് വെര്‍ച്വല്‍ ക്ലാസുകള്‍ തിരഞ്ഞെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിലവിലെ സാഹചര്യം പരിഗണിച്ചാണ് തീരുമാനമെന്ന് ഇന്ദ്രപ്രസ്ഥ വേള്‍ഡ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ശിഖ അറോറ പറഞ്ഞു. സുരക്ഷാ മുന്‍കരുതല്‍ എന്ന നിലയിലാണ് ക്ലാസുകള്‍ ഓണ്‍ലൈനായി നടത്തിയതെന്ന് വസന്ത് കുഞ്ച് ഡിപിഎസ് പ്രിന്‍സിപ്പല്‍ ദീപ്തി വോഹ്റ പറഞ്ഞു. അതേസമയം, ക്വീന്‍ മേരി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അനുപമ സിങ് വിദ്യാര്‍ഥികളുടെ ഹാജര്‍ കുറവാണെന്ന് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, ഇന്ന് സ്‌കൂളുകള്‍ അടച്ചിടാന്‍ ഔദ്യോഗികമായി ഉത്തരവ് ലഭിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥന്‍ അറിയിച്ചു.

അതിര്‍ത്തിയിലെ സംഘര്‍ഷം വര്‍ധിച്ചതിനെത്തുടര്‍ന്ന് ഡല്‍ഹി അതീവ ജാഗ്രത പാലിക്കുകയും എല്ലാ സര്‍ക്കാര്‍ ജീവനക്കാരുടെയും അവധികള്‍ റദ്ദാക്കുകയും ചെയ്തു. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘര്‍ഷം കാരണം കശ്മീരിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാന്‍ നിര്‍ബന്ധിതരായതോടെ നിരവധി സ്‌കൂളുകള്‍ ഓണ്‍ലൈന്‍ ക്ലാസുകളിലേക്ക് മാറിയിട്ടുണ്ട്. മുന്‍കരുതല്‍ നടപടിയായി മേയ് ഏഴ് മുതല്‍ സ്‌കൂളുകള്‍ അടച്ചിട്ടിരിക്കുകയാണ്.



By admin