• Mon. Oct 7th, 2024

24×7 Live News

Apdin News

ഇന്ത്യ-മാലദ്വീപ് സൗഹൃദത്തിന് വർഷങ്ങളുടെ പഴക്കം; അയല്‍രാജ്യങ്ങള്‍ക്ക് പ്രഥമപരിഗണന നല്‍കുക എന്നത് ഇന്ത്യയുടെ നയം: മോദി

Byadmin

Oct 7, 2024


ന്യൂദല്‍ഹി: മാലദ്വീപുമായി എക്കാലവും അടുത്ത സൗഹൃദം കാത്തുസൂക്ഷിക്കുന്ന നിലപാടാണ് ഇന്ത്യയുടേതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദങ്ങൾക്ക് വർഷങ്ങളുടെ പഴക്കമുണ്ടെന്നതും ഈ ബന്ധം പുരാതനകാലം മുതൽ തുടങ്ങിയതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അയല്‍രാജ്യങ്ങള്‍ക്ക് പ്രഥമപരിഗണന നല്‍കുന്ന നയമാണ് ഇന്ത്യയ്‌ക്കുള്ളതെന്നും പ്രധാനമന്ത്രി പറഞ്ഞു.

സാമ്പത്തികപരമായതോ ആരോഗ്യപരമായതോ ആയ അടിയന്തരസാഹചര്യങ്ങളില്‍ സഹായഹസ്തവുമായി ആദ്യമെത്തുന്നത് ഇന്ത്യയാണെന്നും മോദി കൂട്ടിച്ചേര്‍ത്തു. കോവിഡ് കാലത്ത് പ്രതിരോധ വാക്‌സിന്‍ എത്തിച്ചതുള്‍പ്പെടെയുള്ളവ ഇന്ത്യയ്‌ക്ക് മാലദ്വീപിനോടുള്ള സൗഹൃദമാണ് വ്യക്തമാക്കുന്നതെന്നും മോദി പറഞ്ഞു. ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതില്‍ മാലദ്വീപിന് സുപ്രധാന പങ്കുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

സമുദ്ര രംഗത്തെ സുരക്ഷയടക്കം വിഷയങ്ങളിൽ ഇരു രാജ്യങ്ങളും സഹകരിച്ച് നീങ്ങും. മാലിദ്വീപിലെ ജനങ്ങളുടെ ക്ഷേമത്തിനും പുരോഗതിക്കും ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. ബെംഗളൂരുവിൽ പുതിയ മാലിദ്വീപ് കോൺസുലേറ്റ് തുറക്കുന്നത് സംബന്ധിച്ച് ചർച്ച നടത്തിയെന്നും മോദി പറഞ്ഞു. മാലിദ്വീപ് പ്രസിഡൻ്റ് മുഹമ്മദ് മുയിസുവുമായി നടത്തിയ ചർച്ചയ്‌ക്ക് ശേഷം സംയുക്ത പ്രസ്താവനയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോവിഡ്‌ സമയത്ത് വാക്‌സിന്‍ അല്ലെങ്കില്‍ കുടിവെള്ളം തുടങ്ങി അവശ്യസാമഗ്രികള്‍ എത്തിക്കുന്നതിലൂടെ ഇന്ത്യ എപ്പോഴും നല്ല അയല്‍ക്കാരനായി വര്‍ത്തിച്ചിട്ടുണ്ട്. മോദി പറഞ്ഞു. മാലദ്വീപില്‍ ഇന്ത്യയുടെ സഹകരണത്തോടെ നിര്‍മിച്ച വിമാനത്താവളത്തിന്റെ ഉദ്ഘാടനം നടന്നതായും എഴുന്നൂറോളം സാമൂഹിക ഭവന യൂണിറ്റുകള്‍ ഇന്ത്യ കൈമാറിയതായും മാലദ്വീപില്‍ പുതിയ തുറമുഖത്തിന്റെ നിര്‍മാണത്തിനുള്ള പിന്തുണ നല്‍കുന്നതിനുള്ള പദ്ധതിയുണ്ടെന്നും മോദി അറിയിച്ചു. മാലദ്വീപില്‍ അടുത്തിടെ പ്രവര്‍ത്തനക്ഷമമായ കുടിവെള്ളപദ്ധതിയെ കുറിച്ചും മോദി പരാമര്‍ശിച്ചു. ആ പദ്ധതിയിലൂടെ 28 ദ്വീപുകളിലെ 30,000-ലധികം ജനങ്ങള്‍ക്ക് ശുദ്ധവെള്ളം ലഭിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



By admin