
2001 ല്‍ കേരളത്തില്‍ എല്‍ഡിഎഫ് ഭരണമവസാനിച്ച് യുഡിഎഫ് ഭരണം തിരിച്ചുവന്നപ്പോള്‍ എഴുതിയ മുഖപ്രസംഗം തുടങ്ങുന്നത് ഇങ്ങനെയാണ്:
”വിദ്യാര്‍ഥികളെ ആറ്റിലെറിഞ്ഞുകൊന്നും, അധ്യാപകനെ ക്ലാസ്സ്മുറിയില്‍ കയറി വെട്ടിനുറുക്കിയും ഭരണത്തിലെ രണവും നിണവുമാസ്വദിച്ച് നായനാര്‍ ഒടുവില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഭരണമുന്നണിക്ക് അധികാരം ഏല്‍പ്പിച്ചുകൊടുത്തിരിക്കുകയാണല്ലോ. കോമാളിയുടെ കലര്‍പ്പുള്ള കൊലപാതകിയാണ് സമൂഹത്തില്‍ ഏറ്റവും ഭീകരനായി മാറുക എന്ന് മനശ്ശാസ്ത്രപണ്ഡിതന്മാര്‍ പറയാറുണ്ട്. ഫാസിസത്തിന്റെ അധോലോകങ്ങളില്‍ മനശ്ശാസ്ത്രജ്ഞന്മാരെ അമ്പരപ്പിക്കുന്ന ഇത്തരം മുഖങ്ങളെ നാം പരിചയപ്പെട്ടിട്ടുണ്ട്. തങ്ങള്‍ കുരുതികൊടുത്ത യഹൂദശിശുക്കളുടെ തലയോട് പേപ്പര്‍വെയ്റ്റ് ആയി ഉപയോഗിച്ചിരുന്ന നാസി ഭരണാധികാരികളെക്കുറിച്ച് നമുക്കറിയാം. യഹൂദന്മാരായ ബുദ്ധിജീവികളുടെ തലയോടും ഇതേപോലെ അവരുടെ ഷോക്കേയ്‌സില്‍ സ്ഥാനം പിടിച്ചിരുന്നുപോലും. അഞ്ചു വര്‍ഷത്തെ നായനാര്‍ ഭരണത്തില്‍ കേട്ടുകേള്‍വി മാത്രമുള്ള ഫാസിസത്തിന്റെ ബീഭത്സരൂപം മലയാളിക്ക് തൊട്ടറിയാന്‍ കഴിഞ്ഞു. കൊലപാതകപരമ്പരയില്‍ കരുതികൊടുക്കപ്പെട്ടവര്‍ക്കു പുറമെ, ജീവശ്ശവമായി മാറിയവരും, ഉറ്റവര്‍ നഷ്ടപ്പെട്ട് തെരുവാധാരമായി മാറിയവരുമായ പരശ്ശതങ്ങളുടെ കണ്ണീര്‍പ്പുഴക്കരയിലിരുന്ന്, കേരളത്തിലെ സ്റ്റാലിനിസം നായനാരിലൂടെ പ്രതികരിച്ചു. ചിലപ്പോള്‍ കോമാളിയുടെ വേഷംകെട്ടി, ചിലപ്പോള്‍ കൊലപാതകിയുടെ വിഷം തേട്ടി. സ്വതന്ത്രവും നീതിയുക്തവുമായി പ്രവര്‍ത്തിക്കേണ്ട സ്ഥാപനങ്ങളില്‍ ചൗക്കിദാര്‍ മുതല്‍ വൈസ് ചാന്‍സലര്‍ വരെയുള്ളവരെ പാര്‍ട്ടിയുടെ ലോക്കല്‍ കമ്മിറ്റികള്‍ മുഖേന ഇന്റര്‍വ്യൂ നടത്തി ഇക്കൂട്ടര്‍ നിയമിച്ചു. പ്രതിപക്ഷകക്ഷികളും കേന്ദ്രവും അതിന്റെ കയ്യൊപ്പുയന്ത്രമായ ഗവര്‍ണറും ഇതെല്ലാം കണ്ടും കേട്ടും കയ്യുംകെട്ടി നിന്നു. മദ്യമുതലാളിമാരുടെ വിഷവിരുന്നില്‍ കേരളം കിടിലം കൊണ്ടപ്പോള്‍ മറുഭാഗത്തു ചുവപ്പുചാനല്‍ തളിര്‍ക്കുകയും സംസ്ഥാനത്തിന്റെ ഖജനാവ് ശൂന്യമാവുകയും ചെയ്തു.”
ഒരു കമ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ ദുരന്തവാഴ്ചയെ ഇതിലും വൃത്തിയായി അക്ഷരംകൊണ്ട് ചൂണ്ടിക്കാണിക്കാന്‍ മറ്റാര്‍ക്കു കഴിയും.
2004ല്‍ ‘ഇന്ത്യ തിളങ്ങുന്നു’ എന്ന മുദ്രാവാക്യത്തോടെ തെരഞ്ഞെടുപ്പിനെ നേരിട്ട, വാജ്‌പെയ് നയിച്ച, ദേശീയജനാധിപത്യസഖ്യം പരാജയപ്പെട്ടപ്പോള്‍ എഴുതിയ മുഖപ്രസംഗത്തിന്റെ തലക്കെട്ട്, ‘ആദര്‍ശമോ? ആര്‍ക്കുവേണം’ എന്നായിരുന്നു. അതിലെ ചില ഭാഗങ്ങള്‍ ഇങ്ങനെയാണ്:
”കളവുപറയുന്നതിനേക്കാള്‍ കുറ്റകരമാണ് സത്യം തുറന്നു പറയാതിരിക്കുന്നത് എന്ന മുഖവുരയോടെ ആണ് രണ്ട് പതിറ്റാണ്ടു മുമ്പ് ‘വാര്‍ത്തിക’ത്തിന്റെ ആദ്യലക്കം പുറത്തിറങ്ങിയത്. ഈയൊരു സത്യപ്രതിജ്ഞ മൂലം ഞങ്ങള്‍ക്കൊരിക്കലും മനസ്സാക്ഷി പണയം വയ്‌ക്കേണ്ടി വന്നില്ല. ശത്രുക്കളെയും മിത്രങ്ങളെയും ബന്ധുക്കളെയും ചൊടിപ്പിച്ച ഒട്ടേറെ അപ്രിയസത്യങ്ങള്‍ ‘വാര്‍ത്തിക’ത്തിന് പ്രസിദ്ധീകരിക്കേണ്ടതായി വന്നു. ഡല്‍ഹിയിലെ ബിജെപി മുന്നണിയെക്കുറിച്ച് എഴുതേണ്ടി വന്നപ്പോഴൊക്കെ അകവും പുറവും നോക്കാതെ ഞങ്ങള്‍ വിമര്‍ശിച്ചു. പ്രകീര്‍ത്തിക്കേണ്ടതായ അവസരങ്ങളില്‍ കലവറയില്ലാതെ വാഴ്‌ത്താനും മടിച്ചില്ല.
”സ്വാതന്ത്ര്യാനന്തരം ഡല്‍ഹി ഭരിച്ച ഏതു ഭരണകൂടത്തെക്കാളും മികച്ച ഭരണനേട്ടമാണ് ദേശീയ ജനാധിപത്യസഖ്യം കഴിഞ്ഞ ആറുവര്‍ഷംകൊണ്ട് കൈവരിച്ചത് എന്ന് അതിന്റെ ശത്രുക്കള്‍ പോലും രഹസ്യമായി സമ്മതിക്കും. വിവരസാങ്കേതികവിദ്യ, വാര്‍ത്താവിനിമയം, ഗതാഗതം, രാജ്യരക്ഷ തുടങ്ങിയ തുറകളിലെല്ലാം രാഷ്ടം അഭൂതപൂര്‍വമായ മുന്നേറം തന്നെ നടത്തി. സുസ്ഥിരമായി, ഏറെക്കുറെ കാലാവധി തികയുംവരെ ഭരിച്ചു. എന്നിട്ടും ബിജെപി നയിച്ച ദേശീയജനാധിപത്യസഖ്യം തോറ്റു. ഇന്ദിരാഗാന്ധിയുടെയോ, നരസിംഹറാവുവിന്റെയോ മുമ്പില്‍ അടിയറവു പറയുന്നതു മനസ്സിലാക്കാം. സോണിയ കടിച്ച് മരിക്കുന്നതിനേക്കാള്‍ ദയനീയമായ ഒരു ദുര്‍മരണം വേറെയുണ്ടോ?
”എന്തേ ഇങ്ങനെ സംഭവിക്കാന്‍? ബിജെപിയുടെ കാല്‍ച്ചുവട്ടിലെ മണ്ണൊലിച്ചുപോകുന്നതിനെക്കുറിച്ച് ഞങ്ങള്‍ നിരന്തരം മുന്നറിയിപ്പു നല്‍കിയിരുന്നു. കോണ്‍ഗ്രസ്സില്‍നിന്ന് വ്യത്യസ്തമായ ഭരണം, നേതൃസ്ഥാനത്തുള്ളവരുടെ വ്യക്തിശുദ്ധി, ലാളിത്യം, കാര്യക്ഷമത ഇവയൊക്കെ സംഘടനയില്‍നിന്നു പ്രതീക്ഷിച്ച ഒരു വലിയ ജനവിഭാഗം ഇന്ത്യയിലുണ്ടായിരുന്നു. അരനൂറ്റാണ്ടുകാലം ഇവരുടെ ഭരണത്തിനുവേണ്ടി കാത്തിരുന്നവരുടെ പ്രതീക്ഷ വിജയിച്ചുവോ?
”ആദര്‍ശവും പ്രത്യയശാസ്ത്രവും നാടുനീങ്ങിയപ്പോള്‍ സ്വാര്‍ഥവും വ്യക്തിതാല്പര്യവും അരങ്ങിലെത്തി. ഡല്‍ഹിയിലെ സ്വാധീനമുപയോഗിച്ച് ചില്ലറ കാര്യങ്ങളൊക്കെ നേടിയെടുക്കാമെന്നായപ്പോള്‍ രാഷ്‌ട്രീയപ്രവര്‍ത്തനം വെറും ഏജന്‍സിപ്പണിയായി മാറി. ശത്രുവെന്നോ മിത്രമെന്നോ നോക്കാതെ കനിവും കാരുണ്യവും പ്രവഹിച്ചു. ഈ സ്വാര്‍ഥം, ആദര്‍ശം എന്ന അനാഥപ്രേതത്തെ തൊട്ടുതീണ്ടിയതേയില്ല. കേരളത്തിന്റെ ചരിത്രത്തില്‍ത്തന്നെ ഏറ്റവും വലിയ വികസനപ്രവര്‍ത്തനമാണ് കാസര്‍ഗോഡ് മുതല്‍ പാറശ്ശാലവരെയുള്ള റെയില്‍പ്പാളങ്ങളില്‍ നാം കണ്ടത്. ഈ വികസനത്തെ ആഘോഷപൂര്‍വം വരവേല്‍ക്കാന്‍ ഒരു പാര്‍ട്ടി ഇവിടെ ഉണ്ടായിരുന്നില്ല. അതുകൊണ്ട് വ്യക്തിപരമായി എന്തുപ്രയോജനം? ചെറിയ മനുഷ്യരും വലിയ സ്വാര്‍ഥരും സമ്മേളിച്ചാല്‍ ഇങ്ങനെയായിരിക്കും.”
ആദര്‍ശനിഷ്ഠയും രാഷ്‌ട്രതാല്‍പ്പര്യവും പൊതുജീവിതത്തിന്റെ മുഖമുദ്രയാക്കിവര്‍ അധികാരത്തിലെത്തിയപ്പോള്‍ അതില്‍നിന്ന് വ്യതിചലിച്ചതിന്റെ ദുരന്തത്തെക്കുറിച്ച് അന്ന് ശശിധരന്‍ മാസ്റ്റര്‍ ഉയര്‍ത്തിയ വിമര്‍ശനശരത്തിന്റെ മുനകൊള്ളേണ്ടിടത്ത് കൊണ്ടു. 2014 ല്‍ ദേശീയ ജനാധിപത്യസഖ്യം പൂര്‍ണഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുകയും സമീപനത്തിലും നയപരിപാടികളിലും ഭരണനിര്‍വഹണത്തിലും തികഞ്ഞ ആദര്‍ശശുദ്ധിയോടെയും രാഷ്‌ട്രതാല്‍പ്പര്യത്തിന്റെ പരമമായ ഇച്ഛാശക്തിയോടെയും കൂടി രാജ്യത്തെ മുന്നോട്ടു നയിക്കുന്നതാണ് നാം കണ്ടത്. തെരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായ വിജയങ്ങള്‍ നേടിക്കൊണ്ട് കൂടുതല്‍ക്കൂടുതല്‍ ജനവിശ്വാസം കരഗതമാക്കാന്‍ അതിനിന്നു കഴിയുന്നു. രാഷ്‌ട്രത്തിന്റെ ഇന്നത്തെ അവസ്ഥാവിശേഷത്തെ ശശിധരന്‍ മാസ്റ്റര്‍ ഇങ്ങനെ വിലയിരുത്തുന്നു.
ഇപ്പോഴും നൂറുല്‍ഹസന്റെ ആ പടയണിതന്നെ

”മോദിക്കു മുമ്പുള്ള ഇന്ത്യ, മോദിക്ക് ശേഷമുള്ള ഇന്ത്യ എന്നതരത്തില്‍ ചരിത്രത്തെ രണ്ടായി തിരിക്കേണ്ടിവരും ഇനി. പ്രധാനമന്ത്രി നരേന്ദ്ര മോദി വികാസത്തിന്റെയും വിജയത്തിന്റെയും വേഗത്തിന്റെയും വാഗ്ദാനപാലനത്തിന്റെയും പ്രതീകമായി മാറിക്കഴിഞ്ഞു. ഈ ഗതിവേഗത്തെ താരതമ്യപ്പെടുത്തിക്കൊണ്ടായിരിക്കും ഇനി വരാനിരിക്കുന്ന പ്രധാനമന്ത്രിമാരെ ജനങ്ങള്‍ വിലയിരുത്തുക. മോദിയുടെ വേഗതയില്‍ സഞ്ചരിക്കാന്‍ ഒരു ഭരണാധികാരിക്ക് ഇനി കഴിയുന്നില്ലെങ്കില്‍ അയാള്‍ തീര്‍ച്ചയായും പരാജയപ്പെടും. ഏത് പാര്‍ട്ടിയിലെ ആളായാലും. ഒറ്റ ദിവസം പോലും ലീവെടുക്കാത്ത, രാത്രി നാലു മണിക്കൂര്‍ മാത്രം ഉറങ്ങുന്ന, എപ്പോഴും കര്‍മ്മനിരതനായിരിക്കുന്ന ഒരാളെക്കുറിച്ചേ ഇനി ഭരണനേതൃത്വത്തില്‍ സങ്കല്‍പ്പിക്കാനാവൂ. എല്ലാവര്‍ക്കും ബാധകമായ വികസനത്തിനാണ് ഏറ്റവുമധികം ഊന്നല്‍ നല്‍കിയത്. ജനമനസ്സില്‍ അളവറ്റ മാനമാണ് അതുണ്ടാക്കിയത്.”
രാഷ്‌ട്രവും അതിനെ നയിക്കുന്ന രാഷ്‌ട്രീയനേതൃത്വം ഇന്ന് കൈവരിച്ച അഭിമാനാര്‍ഹമായ അവസ്ഥയെ പ്രശംസിക്കുമ്പോളും ചില ഗുരുതരമായ പോരായ്‌മകള്‍ ശശിമാഷ് ചൂണ്ടിക്കാണിക്കുന്നു.
”പക്ഷേ പുതിയ കേന്ദ്രസര്‍ക്കാര്‍ സ്പര്‍ശിക്കാത്ത ഒരു പ്രധാന മേഖലയുണ്ട്. സാംസ്‌കാരികരംഗമാണ് അത്. പഴയ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്തെ സാംസ്‌കാരിക മേഖല തന്നെയാണ് അധികാരത്തിലേറി പന്ത്രണ്ട് വര്‍ഷമായി ഇപ്പോഴും തുടരുന്നത്. ആ മേഖലയുടെ തലപ്പത്തുള്ളവരൊക്കെ പഴയ കോണ്‍ഗ്രസ് സംസ്‌കാരം ഉള്ളവരാണ്. സാഹിത്യ അക്കാദമി, സംഗീതനാടക അക്കാദമി, ആകാശവാണി, ദൂരദര്‍ശന്‍ ഇതൊക്കെ പഴയ രൂപത്തില്‍ത്തന്നെയാണ് നിലകൊള്ളുന്നത്. അവയുടെ ഘടനയെയോ പ്രവര്‍ത്തനസ്വഭാവത്തെയോ രാഷ്‌ട്രത്തിന് ഗുണകരമായ രീതിയില്‍ പരിവര്‍ത്തിപ്പിക്കാന്‍ യാതൊരു ശ്രമവും നടക്കുന്നതായി കാണുന്നില്ല. ഭരണതലത്തില്‍ മറ്റു മേഖലകളിലൊക്കെയുണ്ടായ സമഗ്രവും ത്വരിതവുമായ മാറ്റം എന്തുകൊണ്ടാണ് ഈ മേഖലയില്‍ ഉണ്ടാവാത്തത് എന്നത് ചര്‍ച്ച ചെയ്യേണ്ടിയിരിക്കുന്നു. അതില്ലാത്തിടത്തോളം കാലം സാംസ്‌കാരികമായി അതിഗുരുതരമായ രോഗാവസ്ഥയിലേക്ക് രാജ്യം എത്തിപ്പെടും എന്ന് എന്തുകൊണ്ട് തിരിച്ചറിയുന്നില്ല. സാംസ്‌കാരികമായ അവബോധമോ രാഷ്‌ട്രപുരോഗതിയെക്കുറിച്ച് ദീര്‍ഘവീക്ഷണമോ ഇല്ലാത്ത ബ്യൂറോക്രാറ്റുകളാണ് ആ മേഖലയെ ഇപ്പോഴും നിയന്ത്രിക്കുന്നത്.
”നമ്മുടെ നാട്ടില്‍ പേരാലുപോലെ വളര്‍ന്നുനില്‍ക്കുന്ന ഇടതുസാംസ്‌കാരിക രാഷ്‌ട്രീയത്തെ ചെറുക്കാന്‍ എന്‍ഡിഎയ്‌ക്കു കഴിഞ്ഞില്ല. ഇന്ദിരാഗാന്ധിയുടെ സാംസ്‌കാരികകാര്യസ്ഥനായ സയ്യദ് നൂറുല്‍ ഹസ്സനാണ് ഇടതുപക്ഷം ചേര്‍ന്നുപോകുന്ന ഈ പെരുവഴി വെട്ടിയത്. അത് ചരിത്ര-സാമൂഹ്യശാസ്ത്ര-വിദ്യാഭ്യാസ സ്ഥാപനങ്ങളെ മാത്രമല്ല, സിനിമാ-ടെലിവിഷന്‍-പത്രപ്രവര്‍ത്തനം, സാഹിത്യം, അക്കാദമി, സ്ത്രീപക്ഷം, എന്‍ജിഒ, മനുഷ്യാവകാശം, നിയമം, പരിസ്ഥിതി തുടങ്ങിയ ലാവണങ്ങളെയൊക്കെ ചുവപ്പിച്ചു. ‘നെറേറ്റീവ് സെറ്റേഴ്‌സ്’ ആണിവര്‍. മാര്‍ക്‌സിസത്തിന്റെ ആഗോളരാഷ്‌ട്രീയം ഏതാണ്ട് അവസാനിച്ചുകഴിഞ്ഞു. എന്നാല്‍, കമ്യൂണിസ്റ്റ് സാംസ്‌കാരിക രക്ഷാപ്രവര്‍ത്തനത്തിന് ഒട്ടും മങ്ങലേറ്റിട്ടില്ല. കഴിഞ്ഞ ഒരു ദശകത്തിനിടയില്‍ നരേന്ദ്രമോദി നേരിട്ട ഒളിയുദ്ധങ്ങളുടെയും തെളിയുദ്ധങ്ങളുടെയും പ്രഭവസ്ഥാനം ഇതായിരുന്നു. ലോകമുതലാളിത്തത്തിന്റെ കയ്യിലെ മുന്തിയ ആയുധം കൂടിയാണ് ഇത്. സാംസ്‌കാരികമേഖലയില്‍ മോദിഭരണകൂടം ഇപ്പോഴും ശമ്പളം കൊടുത്ത് തീറ്റിപ്പോറ്റുന്നത് നൂറുല്‍ഹസ്സന്റെ ആ പടയണിയെത്തന്നെയല്ലേ!
(അടുത്തത്: അക്കിത്തം കവിതയിലെ ഋതുഭേദങ്ങള്‍)