
ദില്ലി: യുഎഇ പ്രസിഡന്‍റുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചു. ഇന്നലെ ഇറാൻ-ഇസ്രയേൽ-അമേരിക്ക സംഘർഷം രൂക്ഷമായ ശേഷം പ്രധാനമന്ത്രി നടത്തിയ ആദ്യത്തെ പ്രതികരണമാണിത്. യുഎഇക്കെതിരായ ആക്രമണങ്ങളെ ശക്തമായി അപലപിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യ യുഎഇയെ ഐക്യദാർഢ്യം അറിയിച്ചു. യുഎഇയിൽ താമസിക്കുന്ന ഇന്ത്യക്കാരോടുള്ള കരുതലിന് പ്രധാനമന്ത്രി നന്ദി അറിയിച്ചു. സമാധാനം പുനഃസ്ഥാപിക്കുന്നതിനും പ്രാദേശിക സുരക്ഷയ്‌ക്കും ഇന്ത്യയുടെ പിന്തുണ അദ്ദേഹം അറിയിച്ചു.
“യുഎഇ പ്രസിഡന്റും എന്റെ സഹോദരനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി സംസാരിച്ചു. ഈ പ്രയാസകരമായ സമയങ്ങളിൽ ഇന്ത്യ യുഎഇക്ക് ഒപ്പം നിൽക്കുന്നു,” അദ്ദേഹം എക്‌സിൽ കുറിച്ചു. ഇന്നലെ ഇറാൻ – ഇസ്രയേൽ- യുഎസ് സംഘർഷം രൂക്ഷമായെങ്കിലും പക്ഷം പിടിക്കാതെ കരുതലോടെയായിരുന്നു ഇന്ത്യയുടെ നീക്കം. ഈ സംഘർഷത്തിൽ രാജ്യം ആദ്യമായി ഐക്യദാർഢ്യം പ്രഖ്യാപിച്ചിരിക്കുന്നതി യുഎഇക്കാണ്.
ഇറാന്റെ ആക്രമണം ഗൾഫ് രാജ്യങ്ങളിൽ കനത്തതോടെ യു എ ഇ കടുത്ത സുരക്ഷാ മുൻകരുതലുകൾ പ്രഖ്യാപിച്ചു. മിസൈൽ ആക്രമണ ഭീഷണിയെ തുടർന്ന് അടുത്ത മൂന്ന് ദിവസം അതീവ ജാഗ്രതയാണ് യു എ ഇ പ്രഖ്യാപിച്ചിരിക്കുന്നത്. മാർച്ച് 2, 3, 4 തീയതികളിൽ രാജ്യത്തെ സ്കൂളുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി നൽകി.
പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് ഐ സി എസ് ഇ, ഐ എസ് സി പരീക്ഷകൾ ഉൾപ്പെടെ മാറ്റിവെച്ചിട്ടുണ്ട്. ഈ ദിവസങ്ങളിൽ സ്വകാര്യ – സർക്കാർ മേഖലയിലെ ജീവനക്കാർക്ക് ‘വർക്ക് ഫ്രം ഹോം’ അനുവദിക്കാനും തീരുമാനിച്ചു. പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചതായും ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും യു എ ഇ ഭരണകൂടം അറിയിച്ചു. ദുബായ് ഗ്ലോബൽ വില്ലേജ് അടക്കം താത്ക്കാലികമായി അടച്ചിട്ടുണ്ട്.