
ന്യൂദല്‍ഹി: ആവശ്യമായ പെട്രോള്‍, ഡീസല്‍ കരുതല്‍ ശേഖരമുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ ഇന്ത്യയുടെ ഇന്ധന ശേഖരം സംബന്ധിച്ച ആശങ്കകള്‍ ഉയര്‍ന്നതോടെയാണ് ഈ വെളിപ്പെടുത്തല്‍. 25 ദിവസത്തേക്ക് ആവശ്യമായ അസംസ്‌കൃത എണ്ണയും അടുത്ത 25 ദിവസത്തേക്ക് വേണ്ട ഊര്‍ജ്ജ ഉല്‍പന്നങ്ങളും ഇന്ത്യയിലുണ്ട്. മൊത്തം 50 ദിവസത്തെ ലഭ്യത ഉറപ്പാക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.
അടിയന്തര ആവശ്യത്തിനായി നീക്കിവച്ചിരിക്കുന്ന പ്രത്യേക പെട്രോളിയം കരുതല്‍ ശേഖരത്തില്‍ നിന്നുള്ള എണ്ണ ഇതില്‍ ഉള്‍പ്പെടുന്നില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു.
സംഘര്‍ഷം ആഗോള ഊര്‍ജ്ജ വിതരണത്തിനുള്ള പ്രധാന പാതയായ ഹോര്‍മുസ് കടലിടുക്ക് അടക്കുന്നതിലേക്ക് നയിച്ചു. ടെഹ്റാന്‍ നടത്തിയ ആക്രമണങ്ങള്‍ സൗദി അറേബ്യയിലെയും ഖത്തറിലെയും ഊര്‍ജ്ജ അടിസ്ഥാന സൗകര്യങ്ങള്‍ക്കും കേടുപാടുകള്‍ വരുത്തിയിരുന്നു.