തിരുവനന്തപുരം: ഇപ്പോഴത്തെ ഫെമിനിസം ഒരുപാട് തെറ്റിദ്ധരിക്കപ്പെട്ടിരിക്കുകയാണെന്നും പുരുഷനാല്‍ ചതിക്കപ്പെടുകയോ പീഡിപ്പിക്കപ്പെടുകയോ ചെയ്യുമ്പോള്‍ പെട്ടെന്ന് ഫെമിനിസ്റ്റ് ആവുകയാണെന്ന് നടിയും നര്‍ത്തകിയുമായ സിതാര ബാലകൃഷ്ണന്‍. ഹിന്ദുധര്‍മ്മ പരിഷത്തിന്റെ നേതൃത്വത്തില്‍ മാതൃത്വം ലഹരിയാകണം എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
പുരാണകഥകളിലെ സ്ത്രീകള്‍ ആയോധന കലകള്‍ അഭ്യസിച്ചവരും യുദ്ധം ചെയ്യാനറിയാവുന്നവരുമായിരുന്നു. അവര്‍ ശക്തരായ ഫെമിനിസ്റ്റുകളായിരുന്നു. അവരെ പുരുഷന്മാര്‍ ബഹുമാനിച്ചിരുന്നു. സ്ത്രീകള്‍ക്ക് പ്രകൃതിയില്‍ നിന്ന് ജന്മനാ ലഭിച്ച സ്ത്രീത്വത്തെ അഘോഷിച്ചുകൊണ്ട് ജീവിച്ചവരാണെന്ന് അവര്‍ പറഞ്ഞു.
കുട്ടികളില്‍ നെഗറ്റീവ് എനര്‍ജിയാണ് ഇന്നുള്ളത്. എന്തെങ്കിലും കലാ കായിക മേഖലകളിലേക്ക് അവരെ തിരിച്ചു വിടണം. ഇതോടെ മൊബൈലിന്റെ മുന്നില്‍ നിന്നും അവര്‍ ക്രമേണ അകലുമെന്നും സിതാര ബാലകൃഷ്ണന്‍ പറഞ്ഞു.
ഹിന്ദുധര്‍മ്മ പരിഷത് വനിതാ വിഭാഗം ചെയര്‍പേഴ്‌സണ്‍ ജയശ്രീ ഗോപാലകൃഷ്ണന്‍ അധ്യക്ഷയായി. വൈസ് ചെയര്‍പേഴ്‌സണ്‍ ആര്‍. സി. ബീന ജനറല്‍ കണ്‍വീനര്‍ ശ്രീകല ഹിന്ദുധര്‍മ്മ പരിഷത്ത് പ്രസിഡന്റ് എം.ഗോപാല്‍, ശ്രീജ മനോജ്, പ്രദീപ്, ശരത്ചന്ദ്രന്‍, അരുണ്‍ വേലായുധന്‍, സാഗര്‍, ഷാജു വേണുഗോപാല്‍, അജിത്കുമാര്‍, സുധകുമാര്‍ എന്നിവര്‍ സംബന്ധിച്ചു.