സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് സമ്പ്രദായം ഉറപ്പാക്കുക എന്ന ഭരണഘടനാപരമായ കടമ നിറവേറ്റുന്നതില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരാജയപ്പെട്ടുവെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ പറഞ്ഞു. കൂടാതെ ‘ബിജെപി വക്താവ്’ പോലെ പ്രവര്‍ത്തിക്കുന്നുവെന്ന് ആരോപിച്ച് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്മെന്റ് പ്രമേയം കൊണ്ടുവരുന്നത് തള്ളിക്കളയുന്നില്ല.
വോട്ടര്‍ പട്ടികയിലെ പ്രത്യേക തീവ്രപരിഷ്‌കരണം (എസ്‌ഐആര്‍) സംബന്ധിച്ച തങ്ങളുടെ ചോദ്യങ്ങള്‍ക്കും വോട്ടര്‍ പട്ടികയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ക്കും മറുപടി നല്‍കുന്നതില്‍ സിഇസി പരാജയപ്പെട്ടുവെന്ന് പ്രതിപക്ഷം പറഞ്ഞു.
‘ഭരണഘടന ഒരു സാധാരണ പൗരന് നല്‍കുന്ന ഏറ്റവും പ്രധാനപ്പെട്ട അവകാശമാണ് വോട്ടവകാശം. ജനാധിപത്യം അതിനെ ആശ്രയിച്ചിരിക്കുന്നു. അത് സംരക്ഷിക്കാനുള്ള ബോഡിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍.. എന്നാല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഉന്നയിക്കുന്ന സുപ്രധാന ചോദ്യങ്ങള്‍ക്ക് CEC മറുപടി നല്‍കാതെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒളിച്ചോടുന്നത് നമുക്ക് കാണാന്‍ കഴിയും,’ കോണ്‍ഗ്രസ് നേതാവ് ഗൗരവ് ഗൊഗോയ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
തിരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടവകാശത്തിന്റെ സംരക്ഷകനാണെന്നും സുപ്രധാനമായ ഭരണഘടനാ സ്ഥാപനമായിരിക്കെ, രാഷ്ട്രീയ പാര്‍ട്ടികള്‍ ഉന്നയിക്കുന്ന സുപ്രധാന ചോദ്യങ്ങള്‍ക്ക് തൃപ്തികരമായ ഉത്തരം നല്‍കാന്‍ അതിന് കഴിയുന്നില്ലെന്നും ഗൊഗോയ് പറഞ്ഞു.