ചണ്ഡീഗഡ് : എഎപി സർക്കാർ ഭരിക്കുന്ന പഞ്ചാബിലെ കൃഷിയിടങ്ങളിലെ തീപിടുത്ത കേസുകളുടെ എണ്ണം 4,000 കടന്നു. പുതിയ 216 സംഭവങ്ങൾക്ക് ഞായറാഴ്ച സംസ്ഥാനം സാക്ഷ്യം വഹിച്ചുവെന്നാണ് റിപ്പോർട്ട്.
സെപ്റ്റംബർ 15 മുതൽ നവംബർ 3 വരെ പഞ്ചാബിൽ ആകെ 4,132 സംഭവങ്ങൾ ഉണ്ടായതായി പഞ്ചാബ് റിമോട്ട് സെൻസിംഗ് സെൻ്റർ ഡാറ്റ പറയുന്നു. കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളിൽ സംസ്ഥാനത്ത് 1,779 കാർഷിക തീപിടിത്ത കേസുകളാണ് റിപ്പോർട്ട് ചെയ്തത്.
ഒക്‌ടോബർ 29ന് 219, ഒക്ടോബർ 30ന് 110, ഒക്ടോബർ 31ന് 484, നവംബർ 1ന് 587, നവംബർ 2ന് 379 എന്നിങ്ങനെയാണ് തീപിടുത്ത കേസുകളുടെ എണ്ണം. ഞായറാഴ്ച റിപ്പോർട്ട് ചെയ്ത 216 പുതിയ കേസുകളിൽ 59 വൈക്കോൽ കത്തിച്ച സംഭവങ്ങൾ സംഗ്രൂരിൽ കണ്ടുവെന്നും അധികൃതർ പറഞ്ഞു. ഇത് സംസ്ഥാനത്ത് ഏറ്റവും കൂടുതലാണ്.
മറ്റ് ജില്ലകളായ ഫിറോസ്പൂരിൽ 26 കാർഷിക തീപിടുത്തങ്ങളും മോഗയിലും മാൻസയിലും 19 വീതവും തർൺ തരൺ ജില്ലയിൽ 18 ഉം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതേ സമയം പഞ്ചാബിൽ നെല്ല് വിളവെടുപ്പ് തുടരുകയാണ്.
ഒക്‌ടോബർ, നവംബർ മാസങ്ങളിലെ നെൽക്കൃഷിയുടെ വിളവെടുപ്പിനുശേഷം ദൽഹിയിലെ അന്തരീക്ഷ മലിനീകരണം വർധിക്കാൻ പഞ്ചാബിലെ കൃഷിയിടങ്ങളിലെ വൈക്കോൽ കത്തിക്കൽ പലപ്പോഴും കാരണമാവുന്നുണ്ട്. നേരത്തെ 2023-ൽ പഞ്ചാബിൽ മൊത്തം 36,663 കാർഷിക തീപിടുത്തങ്ങളാണ് രേഖപ്പെടുത്തിയത്.