• Thu. Dec 19th, 2024

24×7 Live News

Apdin News

ഇന്നസെന്‍റിന്റെ ബലത്തില്‍മാത്രം അമ്മയില്‍ എത്തിയ ഇടവേളബാബുവിന്റെ പൂണ്ട് വിളയാട്ടം അമ്മയെ തകര്‍ത്തു: ആലപ്പി അഷ്റഫ്

Byadmin

Dec 19, 2024



തിരുവനന്തപുരം : നേതൃസ്ഥാനത്ത് ഇരിക്കുന്നവര്‍ക്ക് ധാര്‍മ്മികതയും നീതിബോധവും സത്യസന്ധതയും ഇല്ലെങ്കില്‍ അമ്മ എന്ന സംഘടനപോലെ ഏത് സംഘടനയും തകരുമെന്ന് ആലപ്പി അഷ്റഫ്. “മോഹന്‍ സംവിധാനം ചെയ്ത ഒരു സിനിമയില്‍ ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റായി പങ്കെടുക്കുമ്പോള്‍ നടന്‍ ഇന്നസെന്‍റിന്റെ കൂടെ സ്റ്റുഡിയോയിലേക്ക് വന്ന ഒരു പാവം പയ്യനായിരുന്നു ഇടവേള ബാബു. പിന്നീട് ആ പാവം പയ്യനായിരുന്ന ഇടവേള ബാബു ഇന്നസെന്‍റിന്റെ ബലത്തില്‍ അമ്മയില്‍ എത്തി. അതിന് ശേഷം ഇടവേള ബാബുവിന്റെ പൂണ്ട് വിളയാട്ടമായിരുന്നു അമ്മയില്‍ എന്നും അതാണ് അമ്മയുടെ നാശത്തിന് കാരണമായമായത്”- ആലപ്പി അഷ്റഫ് പറഞ്ഞു.  തന്റെ യൂട്യൂബ് ചാനലിലായിരുന്നു ആലപ്പി അഷ്റഫിന്റെ ഈ ആരോപണം.

“ഗണേഷ് കുമാര്‍ മന്ത്രിയായിരിക്കുമ്പോള്‍ കെഎസ്എഫ് ഡിസി വൈസ് ചെയര്‍മാനായി ഇടവേള ബാബുവിനെ നിയമിക്കുന്നു. ഇല്ലാത്ത ഒരു പോസ്റ്റ് സൃഷ്ടിച്ചാണ് ആ നിയമനം. അവിടെ തിയറ്റര്‍ ചാര്‍ട്ടിങ്ങായിരുന്നു ബാബുവിന്റെ പ്രധാന ജോലി. കെഎസ്എഫ്ഡിസിക്ക് കേരളത്തില്‍ ഉടനീളം പത്ത് പതിമൂന്ന് തിയറ്ററുകള്‍ ഉണ്ട്. അതില്‍ നല്ല കളക്ഷന്‍ കിട്ടുന്ന തിയറ്ററുകളില്‍ പടം ഓടിക്കണമെങ്കില്‍ ബാബുവിന്റെ അനുവാദം വേണം. ലിബര്‍ട്ടി ബഷീര്‍ ഒരു ഇന്‍റര്‍വ്യൂവില്‍ പറഞ്ഞത് ആ തിയറ്ററുകളില്‍ പടം കളിക്കണമെങ്കില്‍ ബാബുവിന് കൈക്കൂലി കൊടുത്തേ പറ്റൂ എന്നാണ്. കുറച്ചുനേരം വാഹനങ്ങള്‍ തടയാന്‍ അധികാരം കിട്ടുമ്പോള്‍ റോഡ് പണിക്കാര്‍ കാട്ടുന്ന അഹന്തയാണ് ഇടവേള ബാബു കാണിച്ചതെന്നും ചെറുകിട സിനിമക്കാര്‍ക്ക് സര്‍ക്കാരിന്റെ കീഴില്‍ ഉള്ള തനിക്ക് പറ്റിയ അബദ്ധമാണ് ബാബുവിന് ആ പദവി നല്‍കിയതെന്ന് പിന്നീട് ഗണേഷ് കുമാര്‍ തന്നെ പറഞ്ഞു.”-ആലപ്പി അഷ്റഫ് പറഞ്ഞു.

താന്‍ അമ്മയില്‍ മെമ്പര്‍ഷിപ്പ് എടുക്കാന്‍ ചെന്നപ്പോള്‍ തനിക്ക് അതിനുള്ള യോഗ്യത ഇല്ലെന്നാണ് ഇടവേള ബാബു പറഞ്ഞതെന്ന് ആലപ്പി അഷ്റഫ് തുറന്നടിക്കുന്നു. “അതിന് ശേഷം എന്റെ സുഹൃത്തായ ദുബായിലുള്ള വലിയൊരു ബിസിനസുകാരന്‍ നാട്ടില്‍ വന്നു. എന്തിനാണ് നാട്ടില്‍ വന്നത് എന്ന് ചോദിച്ചപ്പോള്‍ അമ്മയുടെ ജനറല്‍ ബോഡി യോഗത്തിനാണ് വന്നതെന്നായിരുന്നു മറുപടി. ഞാന്‍ ജനറല്‍ ബോഡി അംഗമാണെന്നാണും അയാള്‍ പറഞ്ഞു. അതിന് അമ്മ സിനിമക്കാരുടെ സംഘടനയല്ലേ എന്ന് ഞാന്‍ ചോദിച്ചു. അപ്പോള്‍. ദുബായില്‍ നടന്ന ഒരു ഷോയില്‍ താരങ്ങള്‍ക്കിടയില്‍ നിര്‍ത്തി ഇടവേള ബാബുവാണ് മെമ്പര്‍ഷിപ്പ് നല്‍കിയതെന്നും അയാള്‍ പറഞ്ഞു. എത്ര കാശ് മുടക്കി എന്ന് ചോദിച്ചപ്പോള്‍, കാശ് മുടക്കാതെ ഇത് വല്ലതുംപറ്റുമോ എന്നാണ് അദ്ദേഹം പറഞ്ഞത്” -ആലപ്പി അഷ്റഫ് പറയുന്നു.

ജീവിതത്തില്‍ സിനിമയില്‍ കണ്ടിട്ടില്ലാത്ത പലരെയും അമ്മയുടെ ജനറല്‍ ബോഡി യോഗത്തില്‍ കണ്ടിട്ടുണ്ടെന്ന് പാര്‍വ്വതി തിരുവോത്ത് പറഞ്ഞതായും ആലപ്പി അഷ്റഫ് ഓര്‍ക്കുന്നു. കോടീശ്വരന്മാരുടെ പല മക്കളും സെലിബ്രിറ്റി ക്രിക്കറ്റില്‍ അംഗങ്ങളായതിന് പിന്നിലും ഇടവേള ബാബുവിന്റെ കരങ്ങളുണ്ടെന്നും ആല്പപ്പി അഷ്റഫ് തുറന്നടിക്കുന്നു. .

By admin