തിരുവനന്തപുരം: ചിങ്ങം ഒന്നായ ഇന്ന് നാടേങ്ങും കര്‍ഷക ദിനം ആചരിക്കുമ്പോള്‍ കര്‍ഷകര്‍ ദുരിതങ്ങള്‍ക്ക് നടുവില്‍. കാലവര്‍ഷവും പ്രകൃതിഷോഭവും മൂലം കൃഷി നശിച്ച് ദുരിതത്തിലായ കര്‍ഷകര്‍ക്ക നഷ്ടപരിഹാരം കടലാസിലൊതുങ്ങി. നൂറുമേനി വിളവ് ലഭിച്ചിട്ടും സര്‍ക്കാരില്‍ നിന്നും നെല്ലിന്റെ സംഭരണ വില ഇതുവരെ ലഭിച്ചില്ല. മലയോര മേഖലയിലടക്കം വിളവ് നശിപ്പിക്കുന്ന ജീവികള്‍ക്ക് വേണ്ടിയുള്ള നഷ്ടപരിഹാരവും ലഭിക്കുന്നില്ല. സര്‍ക്കാരില്‍ നിന്നുള്ള ഇന്‍ഷുറന്‍സും നഷ്ടപരിഹാരവും ലഭിക്കാതെ എങ്ങനെ ഓണം ആഘോഷിക്കുമെന്ന ആശങ്കയിലാണ് കര്‍ഷകര്‍. കര്‍ഷകര്‍ക്ക് സഹായമൊന്നുമില്ലെങ്കിലും കര്‍ഷകദിനമുള്‍പ്പെടെ ആഘോഷമാക്കി കോടികള്‍ ചെലവഴിക്കാനാണ് സര്‍ക്കാര്‍ നീക്കം.
വന്യജീവിശല്യം വനമേഖലയോടു ചേര്‍ന്ന പ്രദേശങ്ങളില്‍ മാത്രമല്ല മറ്റുള്ള പ്രദേശങ്ങളിലും ശല്യം രൂക്ഷമാണ്. വിളനാശത്തിനു നഷ്ടപരിഹാരം തേടി കര്‍ഷകര്‍ വനംവകുപ്പിന് അപേക്ഷ നല്‍കുമെങ്കിലും തുക ലഭിക്കാറില്ല. വന്യജീവി ആക്രമണം മൂലമുള്ള കൃഷിനാശത്തിന് കൃഷിവകുപ്പ് സഹായം നല്‍കില്ല. പ്രകൃതിക്ഷോഭ നഷ്ടപരിഹാരം കൃഷിവകുപ്പിന്റെ ഉത്തരവാദിത്വമാണ്. അപേക്ഷകള്‍ സ്വീകരിക്കുമെങ്കിലും പണം ലഭിക്കാറില്ല. ധനവകുപ്പ് പണം അനുവദിക്കാത്തതാണ് തടസമെന്ന് കൃഷിവകുപ്പ് പറയുന്നു.
നെല്ലിന്റെ സംഭരണ വില വൈകുന്നതിനെ തുടര്‍ന്ന് പ്രതിസന്ധിയിലാണ് കര്‍ഷകര്‍. പണയം വച്ചും വായ്പയെടുത്തും കൃഷി ഇറക്കിയവരാണ് പ്രതിസന്ധിയിലായിരിക്കുന്നത്. നാലുമാസം മുമ്പ് നല്‍കിയ നെല്ലിന്റെ വിലയാണ് ലഭിക്കാനുള്ളത്. മുന്‍ വര്‍ഷങ്ങളില്‍ രണ്ടാഴ്ചയ്‌ക്കകം സംഭരണവില കര്‍ഷകന്റെ അക്കൗണ്ടില്‍ എത്തുമായിരുന്നു. നല്ല വിളവ് ലഭിച്ചെങ്കിലും സംഭരണ വില നല്‍കിയിട്ടില്ല. പ്രകൃതി ക്ഷോഭത്തില്‍ കൃഷി നാശം നേരിട്ടവര്‍ക്കുള്ള ഇന്‍ഷ്വറന്‍സ് തുക ലഭിക്കാത്ത 1896 കര്‍ഷകരുണ്ട്. ഈ വര്‍ഷം 1507 പേര്‍ അപേക്ഷിച്ചു. ഇക്കൊല്ലം 130 കര്‍ഷകര്‍ ഓണ്‍ലൈനായും അപേക്ഷിച്ചു. പ്രകൃതിക്ഷോഭം മൂലം കൃഷിനാശം പതിവായതോടെയാണ് കര്‍ഷകരെ വിള ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ ചേര്‍ത്തത്. നെല്ല്, വാഴ, തെങ്ങ്, പച്ചക്കറികള്‍, കുരുമുളക്, റബര്‍, കമുക്, കശുമാവ് തുടങ്ങി 27 ഇനം വിളകള്‍ക്കാണ് ഇന്‍ഷ്വറന്‍സ് ലഭിക്കുന്നത്.
ജൂണ്‍, ജൂലായ് മാസങ്ങളിലെ മഴയ്‌ക്കൊപ്പമുണ്ടായ കാറ്റില്‍ വലിയ രീതിയിലുള്ള കൃഷി നാശമാണ് ഉണ്ടായത്. രണ്ടുലക്ഷത്തോളം ഏത്ത വാഴകളാണ് നശിച്ചത്. 6517 വാഴ കര്‍ഷകര്‍ക്ക് നഷ്ടമുണ്ടായി. ഓണവിപണി ലക്ഷ്യമിട്ട് കൃഷി ചെയ്തവര്‍ക്കാണ് ഈ ദുര്‍ഗതി.