• Tue. Nov 19th, 2024

24×7 Live News

Apdin News

ഇന്ന് മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ 107-ാം ജന്മ വാര്‍ഷിക ദിനം

Byadmin

Nov 19, 2024


മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ 107-ാം ജന്മ വാര്‍ഷിക ദിനമാണ് ഇന്ന്. ആഗോള സമൂഹത്തില്‍ തന്നെ പകരം വെക്കാനില്ലാത്ത കര്‍മരേഖയായിരുന്നു ഇന്ദിരാഗാന്ധിയുടെ ജീവിതം.

ഇന്ത്യന്‍ ജനത എക്കാലവും സ്നേഹാദരങ്ങളോടെ മനസില്‍ സൂക്ഷിക്കുന്ന നേതാവാണ് ഇന്ദിരാഗാന്ധി. ഇന്ത്യയെ ലോകത്തിന്റെ നെറുകയിലേയ്ക്ക് കൈപിടിച്ചുയര്‍ത്തിയ, അധികാരത്തിന്റെ എല്ലാ പതിവ് ലക്ഷണങ്ങളും തിരുത്തിക്കുറിച്ച ഉരുക്ക് വനിത. രാഷ്ട്ര നിര്‍മാണ പ്രക്രിയയില്‍ ഇന്ദിരാഗാന്ധിയുടെ സേവനങ്ങളെക്കുറിച്ച് രാഷ്ട്രീയ പ്രതിയോഗികള്‍ക്ക് പോലും എതിരഭിപ്രായമുണ്ടാകില്ല.

ഇന്ദിരയുടെ ഭരണകാലത്താണ് ഇന്ത്യ ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ ശക്തിയായി മാറിയത്. രാഷ്ട്രീയവും സൈനികവും സാമ്പത്തികവുമായി വലിയ ശക്തിയായി മാറിയതും ഇക്കാലത്തുതന്നെ. ഇക്കാരണം കൊണ്ട് തന്നെയാണ് സ്വാതന്ത്ര്യത്തിന് മുമ്പും ശേഷവും മഹാത്മാ ഗാന്ധിക്കും നെഹ്റുവിനും ശേഷം ഏറ്റവും കൂടുതല്‍ പരാമര്‍ശിക്കപ്പെട്ട രാഷ്ട്രീയ നേതാവായി ഇന്ദിരാഗാന്ധി മാറിയത്. സംവരണം പോലും അന്യമായിരുന്ന ഒരു കാലത്ത് സ്ത്രീകള്‍ പൊതുരംഗത്തേയ്ക്ക് കടന്നു വരേണ്ടതിന്റെ ആവശ്യം ആവര്‍ത്തിച്ച് ഓര്‍മിപ്പിച്ചു ഇന്ദിരാഗാന്ധി.

രാജ്യത്തിന്റെ നേനതൃ സ്ഥാനത്തേക്ക് ഇന്ദിരാഗാന്ധി കടന്നുവന്നപ്പോള്‍ നെറ്റിചുളിച്ചവര്‍ക്ക് പ്രവൃത്തിയിലൂടെയാണ് ഈ ധീരവനിത മറുപടി നല്‍കിയത്. കൃത്യവും കാര്‍ക്കശ്യവും നിറഞ്ഞ ഭരണരീതികളിലൂടെ പ്രഖ്യാപനങ്ങളെ യാഥാര്‍ഥ്യമാക്കാന്‍ ഇന്ദിര ഗാന്ധിക്ക് കഴിഞ്ഞു. ഇന്ന് കോടിക്കണക്കിന് സ്ത്രീകള്‍ അധികാരത്തിലേക്ക് കടന്നു വരുമ്പോള്‍ യാഥാര്‍ഥ്യമാകുന്നത് ഇന്ദിരാജിയുടെ ദീര്‍ഘവീക്ഷണമാണ്.

അധികാരത്തിന്റെ ഉന്നതിയില്‍ ഇരിക്കുമ്പോളും ലളിത ജീവിതം നയിച്ച ഇന്ദിര വ്യക്തിപരമായും ഒരു വലിയ മാതൃകയായി. ഗൗരവം നിറഞ്ഞ ഭരണകര്‍ത്താവെന്നതിലുപരി സവിശേഷ വ്യക്തിത്വത്തിനുകൂടി ഉടമയായിരുന്നു ഇന്ദിരാജി. തിരക്കുപിടിച്ച ജീവിത സാഹചര്യങ്ങളില്‍ പോലും എഴുത്തിനും വായനനയ്ക്കും അവര്‍ സമയം കണ്ടെത്തി. സിഖ് കലാപത്തെതുടര്‍ന്ന് അംഗരക്ഷകരില്‍ നിന്നും സിഖുകാരെ മാറ്റണമെന്ന ആവശ്യം ചെവിക്കൊണ്ടില്ല ഇന്ദിരാഗാന്ധി. സ്വന്തം അംഗരക്ഷകരില്‍ നിന്നുതന്നെ വെടിയേറ്റ് ആ ധീരപുഷ്പം ജീവനറ്റു എന്ന വാര്‍ത്തയും ലോകം ഞെട്ടലോടെ കേട്ടു. സ്ത്രീശക്തിയുടെ ഉത്തമമാതൃക ലോകത്തിന് കാണിച്ചുകൊടുത്ത ആ ധീരവനിതയുടെ ജന്മദിനത്തില്‍ നല്ലൊരു നാളെ നമുക്ക് സ്വപ്നം കാണാം.

By admin