ലോകത്തിലെ ഏറ്റവും പുരാതനവും മനോഹരവുമായ ഭാഷകളിലൊന്നാണ് സംസ്‌കൃതം. പൗരാണിക ഭാരതം ലോകത്തിന് നല്‍കിയ മഹത്തായ നിധികളില്‍ ഒന്ന്. സംസ്‌കൃതം അറിയാമെങ്കില്‍ ഭാരതീയ ഭാഷകള്‍ പഠിക്കുന്നത് എളുപ്പമാണ്. കാരണം അതില്‍ ഭൂരിഭാഗവും സംസ്‌കൃതത്തില്‍ നിന്ന് ഉരുത്തിരിഞ്ഞതാണ്, അതിനാല്‍ അവയ്‌ക്ക് ധാരാളം സമാനതകളുണ്ട്. ദാക്ഷിണാത്യ ഭാഷകളില്‍ മിക്കതും തത്സമവും തത്ഭവവുമായ സംസ്‌കൃത വാക്കുകളാല്‍ സമൃദ്ധമാണെന്ന് മനസിലാക്കാം.
ഭാഷകളുടെ മാതാവ് എന്ന് വിളിക്കപ്പെടുന്ന സംസ്‌കൃതത്തിന് ഭാരതത്തിന്റെ സാംസ്‌കാരികവും ആത്മീയവുമായ ഘടനയില്‍ സവിശേഷ സ്ഥാനമുണ്ട്. ധാര്‍മികാചാരങ്ങള്‍, ക്ലാസിക്ക് കലകള്‍, പണ്ഡിതോചിതമായ പ്രവര്‍ത്തനങ്ങള്‍ എന്നിവയിലൂടെ പ്രതിധ്വനിക്കുന്ന സംസ്‌കൃതം വളരെ സജീവമായി ആധുനികകാലത്തും തുടരുന്നു. ദേവ ഭാഷ എന്നും അറിയപ്പെടുന്നു, ഭാരതീയ സംസ്‌കാരത്തിന്റെ അടിത്തറയായതിനാല്‍ ഈ ഭാഷ സാര്‍വ്വജനീനമാകേണ്ടത് കാലത്തിന്റെ ആവശ്യകതയാണ്. വേദങ്ങള്‍, പുരാണങ്ങള്‍, ഉപനിഷത്തുകള്‍, ഇതിഹാസങ്ങള്‍ തുടങ്ങിയ ധാര്‍മികഗ്രന്ഥങ്ങള്‍ എഴുതപ്പെട്ടിരിക്കുന്നത് സംസ്‌കൃതത്തിലാണ് . ഭാരതത്തിലെ ഗണിതം, ജ്യോതിശാസ്ത്രം, വൈദ്യശാസ്ത്രം രസതന്ത്രം തുടങ്ങിയ ശാസ്ത്രങ്ങളുടെ ഭാഷയായിരുന്നു സംസ്‌കൃതം. പരമ്പരാഗത വിദ്യാഭ്യാസ സമ്പ്രദായമായി വിദ്യാലയങ്ങളില്‍ സംസ്‌കൃതം പഠിപ്പിക്കുന്നത് ആയിരക്കണക്കിന് വര്‍ഷങ്ങളായി തുടരുന്നുവെങ്കിലും ബ്രിട്ടീഷുകാര്‍ ഔപചാരികമായി പാശ്ചാത്യ രീതിയിലുള്ള വിദ്യാഭ്യാസ സംപ്രദായം ഏര്‍പ്പെടുത്തിയതിനെത്തുടര്‍ന്ന് അത് പാര്‍ശ്വവത്കരിക്കപ്പെട്ടു.
ദാര്‍ശനിക, സാഹിത്യ പാരമ്പര്യങ്ങളുടെ അടിത്തറ
സംസ്‌കൃതഭാഷയുടെ പ്രാധാന്യം കേവലം ഭാഷാപരമായ മൂല്യത്തെ മറികടന്ന് ഭാരതത്തിന്റെ ദാര്‍ശനിക, സാഹിത്യ പാരമ്പര്യങ്ങളുടെ അടിത്തറയായി വര്‍ത്തിക്കുന്നു. ആധുനിക ഭാഷകള്‍ ചാനല്‍ സംസ്്കൃതിയിലൂടെ ആധിപത്യം പുലര്‍ത്തുന്ന ഇന്നത്തെ ലോകത്ത്, സംസ്്കൃതത്തിന്റെ ശാശ്വതമായ പ്രസക്തി തിരിച്ചറിയുകയും ഈ പുരാതന നിധി സംരക്ഷിക്കുന്നതിനുള്ള വഴികള്‍ പര്യവേക്ഷണം ചെയ്യേണ്ടതും അത്യാവശ്യമായി വന്നിരിക്കുകയാണ്. ധാര്‍മിക മൂല്യങ്ങള്‍ നിറഞ്ഞ ഈ ഭാഷ കഴിയുന്നത്ര ആളുകളും വിദ്യാര്‍ത്ഥികളും പഠിക്കുകയും പഠിപ്പിക്കുകയും മനസിലാക്കുകയും വേണം. കാരണം ഇത് സമൂഹത്തിന്റെ ക്ഷേമത്തെ പ്രോത്സാഹിപ്പിക്കുന്ന ഭാഷയാണ്. സംസ്‌കൃതഭാഷയുടെ ശബ്ദങ്ങള്‍ മധുരവും ലളിതവുമാണ്. ഭാരതത്തില്‍ മൈസൂരില്‍നിന്നും 1970 മുതല്‍ സുധര്‍മ്മ എന്ന പേരില്‍ ഒരു സംസ്‌കൃത ദിനപത്രം പ്രസിദ്ധീകരിക്കുന്നുണ്ട്. 1980-മുതല്‍ കേരളത്തില്‍ നിന്നും ആദ്യമായി ഭാരതമുദ്ര എന്ന സമ്പൂര്‍ണ്ണ സംസ്‌കൃതമാസിക പ്രസിദ്ധീകരിച്ചിരുന്നു. ഇതിന് പുറമേ, വാര്‍ത്തകള്‍ക്കു പ്രാമുഖ്യം നല്‍കി ഭുവനമുദ്ര എന്ന പേരില്‍ ഒരു ദ്വൈവാരികാസംസ്‌കൃതപത്രവും പ്രസിദ്ധീകരിച്ചിരുന്നു. സംസ്‌കൃതം പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2009 മുതല്‍ കോഴിക്കോട് നിന്ന് രസന എന്ന സംസ്‌കൃത മാസിക പ്രസിദ്ധീകരിച്ചുവരുന്നു. 1994 സെപ്തംബര്‍ മുതല്‍ സംസ്‌കൃതഭാരതി സംഭാഷണസന്ദേശമെന്ന സംസ്‌കൃത മാസിക പ്രസിദ്ധീകരിച്ചുവരുന്നു.
കൂടാതെ, ഭരതനാട്യം, കര്‍ണാടക സംഗീതം തുടങ്ങിയ ക്ലാസിക്കല്‍ കലകള്‍ക്കനുസൃതമായി പുതിയ സംസ്‌കൃത രചനകള്‍ നിര്‍ബാധം തുടരുന്നു. ആധുനിക വിഷയങ്ങളില്‍ കഥകളും കാവ്യങ്ങളും നോവലുകളും ആധുനികകാലത്തും രൂപപ്പെടുന്നതിലൂടെ ഭാഷ ഊര്‍ജ്ജസ്വലമായി നിലനില്‍ക്കുന്നുവെന്ന് ഉറപ്പാക്കുന്നു. കൂടാതെ, ആധുനിക പണ്ഡിതന്മാരും ഭാഷാശാസ്ത്രജ്ഞരും അതിന്റെ വ്യാകരണ കൃത്യതയ്‌ക്കും വിശാലമായ പദസഞ്ചയത്തിനും വേണ്ടി സംസ്‌കൃതത്തിലേക്ക് കൂടുതലായി കടന്നുവരുന്നു. കമ്പ്യൂട്ടേഷണല്‍ ഭാഷാശാസ്ത്രം, നിര്‍മിതബുദ്ധി തുടങ്ങിയ മേഖലകളില്‍ അതിന്റെ മൂല്യം തിരിച്ചറിയുന്ന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു.
നമ്മുടെ സാംസ്‌കാരിക പൈതൃകത്തിന്റെ വലിയൊരു കലവറയാണ് ദേവഭാഷ. സംസ്‌കൃത സാഹിത്യത്തില്‍ എല്ലാത്തരം വിദ്യകളും അടങ്ങിയിരിക്കുന്നുവെന്ന് പറയുന്നത് വ്യക്തമാണ്. അതായത് ഭാരതീയ ശാസ്ത്രജ്ഞരായ ചരക, സുശ്രുത, ആര്യഭട്ട, വരാഹമിഹിര, ഭാസ്‌കര, സംഗമഗ്രാമമാധവ പ്രഭൃതികള്‍ അവരുടെ ശാസ്ത്രീയ ഗ്രന്ഥങ്ങള്‍ സംസ്‌കൃതത്തില്‍ രചിച്ചതിനാല്‍ അത്തരം ഗ്രന്ഥങ്ങളുടെ ആധികാരികവിജ്ഞാനം സ്വായത്തമാക്കുന്നതിന് സംസ്‌കൃത പരിജ്ഞാനം അനിവാര്യമാണ്. ഇന്നും നമ്മെ അതിശയിപ്പിക്കുന്നത് ഭാരതീയ നാഗരികതയുടെ പല അടിസ്ഥാനകഥകള്‍ക്കും അവയുടെ വേരുകള്‍ സംസ്‌കൃത സാഹിത്യത്തിലാണ് എന്നുള്ളതാണ്. ഭാരതീയേതിഹാസങ്ങളായ രാമായണത്തിലെ രാമന്റെയും സീതയുടെയും കഥ, മഹാഭാരതത്തിലെ സാഹോദര്യപരമായ ദുരന്തം, അല്ലെങ്കില്‍ കൃഷ്ണന്റെ കുട്ടിക്കാലം, ഭാഗവതപുരാണത്തിലെ ഗോപികളുമായുള്ള അദ്ദേഹത്തിന്റെ പ്രണയം തുടങ്ങിയവ. മിക്ക സംസ്‌കൃത സാഹിത്യങ്ങളും യഥാര്‍ത്ഥത്തില്‍ മനോഹരമായ സൂര്യോദയങ്ങള്‍, ഭയാനകമായ യുദ്ധങ്ങള്‍, മധുരമായ പ്രണയം എന്നിവയെക്കുറിച്ചുള്ള വിവരണങ്ങളാണ്.
സംസ്‌കൃതത്തോടുള്ള താല്‍പര്യം ജ്വലിപ്പിക്കാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗം അതിന്റെ കാലാതീതമായ സാഹിത്യമാണ്, പ്രത്യേകിച്ച് നാടകങ്ങള്‍. കാളിദാസന്റെ അഭിജ്ഞാന ശാകുന്തളം, ശൂദ്രകന്റെ മൃച്ഛകടികം എന്നിവ സംസ്‌കൃത നാടകത്തിന്റെ ആഴവും പ്രസക്തിയും പ്രദര്‍ശിപ്പിക്കുന്നു. സ്‌നേഹം, സ്വത്വം, വിധി എന്നിവയുടെ കഥയായ അഭിജ്ഞാന ശാകുന്തളം ആധുനിക പ്രേക്ഷകരുമായി പ്രതിധ്വനിക്കുന്ന സാര്‍വത്രിക മാനുഷിക വികാരങ്ങളെ ഉള്‍ക്കൊള്ളുന്നു. അതുപോലെ, മൃച്ഛകടികം സാമൂഹിക നീതി, സ്‌നേഹം, ധാര്‍മികത എന്നിവയുടെ പ്രമേയങ്ങളെ അഭിസംബോധന ചെയ്യുകയും സമകാലിക പ്രശ്‌നങ്ങളെക്കുറിച്ച് സംസാരിക്കുന്ന ഒരു ആഖ്യാനം അവതരിപ്പിക്കുകയും ചെയ്യുന്നു. ഈ നാടകങ്ങള്‍ ഭൂതകാലത്തിന്റെ അവശിഷ്ടങ്ങള്‍ മാത്രമല്ല, ഇന്നും വായനക്കാരുമായി ഇടപഴകുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്ന കാലാതീത കൃതികളായി വര്‍ത്തിക്കുന്നു.
ഈ കൃതികള്‍ പര്യവേക്ഷണം ചെയ്യുന്നതിലൂടെ, വിവര്‍ത്തനത്തില്‍ പോലും, വ്യക്തികള്‍ക്ക് സംസ്‌കൃത സാഹിത്യത്തോട് ആഴത്തിലുള്ള വിലമതിപ്പ് വളര്‍ത്തിയെടുക്കാന്‍ കഴിയും. ഈ പുതിയ താല്‍പര്യം പിന്നീട് ഭാഷ പഠിക്കുന്നതിലേക്ക് നയിക്കും. ധാര്‍മികതയേയും ആചാരങ്ങളെയും കുറിച്ച് കൂടുതല്‍ ധാരണയുണ്ടാക്കുകയും ചെയ്യും. സംസ്‌കൃതം കേവലം ഒരു ഭാഷ എന്നതിലുപരി തത്ത്വചിന്ത, നിയമം, ശാസ്ത്രം, സാഹിത്യം, വ്യാകരണം, സ്വരശാസ്ത്രം, വ്യാഖ്യാനം മുതലായവയുമായി ബന്ധപ്പെട്ടിരിക്കുന്ന വൈജ്ഞാനിക തലമാണതിനുള്ളത്. നാസയുടെ അഭിപ്രായത്തില്‍, ഭൂമിയില്‍ സംസാരിക്കുന്ന ഏറ്റവും കൃത്യമായ ഭാഷ സംസ്‌കൃതമാണ്. ലോകത്തിലെ മറ്റേതൊരു ഭാഷയേക്കാളും കൂടുതല്‍ വാക്കുകള്‍ സംസ്‌കൃതത്തിലുണ്ട്; നിലവില്‍, സംസ്‌കൃത നിഘണ്ടുവില്‍ 102 കോടി 70 ലക്ഷം 50,000 വാക്കുകള്‍ ഉണ്ട്. പുതിയ കാലത്തിന്റെ ആവശ്യകതകള്‍ നിറവേറ്റാനാവശ്യമായ ആധുനിക പദസംകേതങ്ങള്‍ നിര്‍മിച്ചെടുക്കാനുള്ള ക്ഷമതയും സംസ്‌കൃതഭാഷക്ക് കൂടുതലാണ്. നാസ ശാസ്ത്രജ്ഞനായ റിക്ക് ബ്രിഗ്‌സ് തന്റെ പ്രബന്ധമായ സംസ്‌കൃതത്തിലെയും കൃത്രിമബുദ്ധിയിലെയും വിജ്ഞാന പ്രാതിനിധ്യം എന്ന പ്രബന്ധത്തില്‍ സംസ്‌കൃതം ഒരു കമ്പ്യൂട്ടറിന് ഉപയോഗിക്കാന്‍ കഴിയുന്ന ഏറ്റവും മികച്ച ഭാഷകളിലൊന്ന് എന്ന് ചര്‍ച്ച ചെയ്തതിട്ടുണ്ട്. കംപ്യൂട്ടേഷണല്‍ ലിംഗ്വിസ്റ്റിക്‌സിലും NLPയിലും (Natural Language Processing) സംസ്‌കൃതം വ്യാകരണപരമായിട്ടും ഘടനാപരമായിട്ടും ഏറ്റവും ശുദ്ധമായ ഭാഷ ആണെന്ന് കണക്കാക്കപ്പെടുന്നു. – പാണിനിയുടെ അഷ്ടാധ്യായി സൂത്രങ്ങളിലെ സാങ്കേതികത തന്നെ കമ്പ്യൂട്ടര്‍ ഭാഷയുടെ അടിസ്ഥാനമാകാം. നാസയിലെ ചില ഗവേഷണങ്ങള്‍ പോലും സംസ്‌കൃതത്തെ machine-readable language ആയി വിശേഷിപ്പിച്ചു.
ധാര്‍മികതയുടെ പുനരുജ്ജീവനത്തിന്
വികാരം, സൗന്ദര്യം, സാഹിത്യ പ്രതിഭ എന്നിവയാല്‍ സമ്പന്നമായ ഈ ലോകത്തെ തങ്ങളുടെ ജീവിതത്തിന്റെ ഭാഗമാക്കാന്‍ വിദ്യാര്‍ത്ഥികള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, അവര്‍ സംസ്‌കൃതം പഠിക്കണം. ഭാരതീയ നാഗരികതയുടെ ശാസ്ത്രീയവും ദാര്‍ശനികവും പ്രായോഗികവുമായ വിജ്ഞാന സംവിധാനങ്ങളുടെ സമ്പന്നതയിലേക്ക് വിദ്യാര്‍ത്ഥികള്‍ക്ക് ദിശാബോധം നല്‍കുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗമാണ് സംസ്‌കൃതം പഠനം. ലോകത്തിലെ ഏറ്റവും നല്ല ഘടനയുള്ളതും സംക്ഷിപ്തവുമായ ഭാഷകളിലൊന്നാണ് സംസ്‌കൃതം. സംസ്‌കൃത സാഹിത്യങ്ങളുടെ സംസ്‌കാരം യഥാര്‍ത്ഥത്തില്‍ സമന്വയത്തിന്റെയും സ്വാംശീകരണത്തിന്റെയും സംസ്‌കാരമാണ്. മാനവികത, മനുഷ്യരാശിയുടെ ഐക്യം, മൂല്യങ്ങള്‍, സമാധാനം, പരസ്പര ധാരണ, വ്യക്തിയുടെയും സമൂഹത്തിന്റെയും യോജിച്ച വികസനം എന്നിവയാണ് സംസ്‌കൃത സാഹിത്യത്തിന്റെ സന്ദേശം. സമന്വയം, ഐക്യം, അനുരഞ്ജനം എന്നിവ സംസ്‌കൃത സംസ്‌കാരത്തിന്റെ അന്തഃസത്ത ഉള്‍ക്കൊള്ളുന്നതിനാല്‍ ഇത് ഭാരതത്തിന്റെ ധാര്‍മ്മികതയെ പുനരുജ്ജീവിപ്പിക്കാന്‍ സഹായിക്കും. സംസ്‌കൃതം സംരക്ഷിക്കുന്നതിന് കൂട്ടായ പരിശ്രമം ആവശ്യമാണ്. സ്‌കൂളുകളില്‍ സംസ്‌കൃത വിദ്യാഭ്യാസം ഉള്‍പ്പെടുത്തുക, അതിന്റെ സാഹിത്യത്തിന്റെ വിവര്‍ത്തനവും പൊരുത്തപ്പെടുത്തലും പ്രോത്സാഹിപ്പിക്കുക, ദൈനംദിന സാംസ്‌കാരിക സമ്പ്രദായങ്ങളില്‍ അതിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുക എന്നിവ സുപ്രധാന നടപടികളാണ്. അതിന്റെ ഭാവി വ്യാപ്തി തിരിച്ചറിഞ്ഞ ശേഷം, ഈ ഭാഷയെ മുഖ്യധാരാ അക്കാദമിക് പരിപാടികളില്‍ ചേര്‍ത്ത് ഈ ഭാഷ സംരക്ഷിക്കാന്‍ ഭരണകൂടതലത്തില്‍ നടപടികള്‍ സ്വീകരിക്കേണ്ടതാണ്.
1969 മുതലാണ് സംസ്‌കൃത ദിന ആചരണത്തിന് തീരുമാനമായി. 1999 -2000 വര്‍ഷം കേന്ദ്ര സര്‍ക്കാര്‍ ആദ്യമായി സംസ്‌കൃത വര്‍ഷം ആയി ആചരിച്ചു. സംസ്‌കൃത ഭാഷയുടെ പ്രചാരണത്തിനും സംരക്ഷണത്തിനും നിരവധി പ്രധാനപ്പെട്ട നടപടികള്‍ സ്വീകരിച്ചു. ശ്രാവണ പൗര്‍ണ്ണമിയുടെ മുന്നിലും പിന്നിലുമായി മൂമ്മൂന്ന് ദിവസവും ചേര്‍ത്ത് സംസ്‌കൃതവാരം ആചരിക്കാന്‍ തീരുമാനിച്ചു. സംസ്‌കൃതം കേന്ദ്രസര്‍ക്കാരിന്റെയും പല സംസ്ഥാന സര്‍ക്കാരുകളുടെയും പിന്തുണയോടെ വികസിച്ച് വരികയാണ്. തങ്ങളുടെ സാംസ്‌കാരിക പൈതൃകമായി പല സംസ്ഥാനങ്ങളും സംസ്‌കൃതത്തെ സ്വീകരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നു. സംസ്‌കൃതഭാരതി, സംസ്‌കൃത സംവര്‍ദ്ധന പ്രതിഷ്ഠാന്‍ തുടങ്ങിയ സാംസ്‌കാരിക പ്രസ്ഥാനങ്ങള്‍ സംസ്‌കൃത ഭാഷയുടെ പുനരുത്ഥാനത്തില്‍ നിസ്സീമമായ പങ്കാണ് വഹിക്കുന്നത്. ഇന്ന് സംസ്‌കൃതം പൈതൃക ഭാഷയായി മാത്രമല്ല, ആധുനിക ഭാരതത്തിന്റെ വിദ്യാഭ്യാസ-സാംസ്‌കാരിക രംഗത്തും പ്രാധാന്യമുള്ളതാണെന്ന് തെളിയിക്കുന്നു. സംസ്‌കൃത ദിനം പോലുള്ള സംരംഭങ്ങള്‍ ഭാഷയുടെ പ്രാധാന്യത്തെ ഓര്‍മ്മപ്പെടുത്തുകയും അതിന്റെ സംരക്ഷണത്തില്‍ സജീവമായ പങ്ക് വഹിക്കാന്‍ കൂടുതല്‍ ആളുകളെ പ്രചോദിപ്പിക്കുകയും ചെയ്യും. ഭാരതത്തില്‍ നിലവില്‍ 18 സംസ്‌കൃത സര്‍വകലാശാലകള്‍ പ്രവര്‍ത്തിക്കുന്നു. ഇവയില്‍ 3 എണ്ണം കേന്ദ്ര സര്‍വകലാശാലകളാണ്, 1 എണ്ണം ഡീംഡ് സര്‍വകലാശാലയും, 14 എണ്ണം സംസ്ഥാന സര്‍വകലാശാലകളും ഉള്‍പ്പെടുന്നു.. ഭാരതത്തില്‍ മാത്രമല്ല വിദേശത്തും അത്യുത്സാഹത്തോടെ ധാരാളം ആളുകള്‍ സംസ്‌കൃതം പഠിക്കുന്നു. ജര്‍മ്മനിയില്‍ 14 സര്‍വകലാശാലകളില്‍ സംസ്‌കൃതം പഠിപ്പിക്കുന്നു, മറ്റ് വിദേശരാജ്യങ്ങളിലും സംസ്‌കൃത ഭാഷയുടെ പ്രാധാന്യവും പ്രസക്തിയും വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. പൈതൃകത്തെയും ഔദ്യോഗിക അക്കാദമിക് ഗവേഷണത്തെയും കവിഞ്ഞ് ആത്മീയവും ജ്ഞാനപരവുമായ ആകര്‍ഷണമായി ഇത് മാറിയിരിക്കുന്നു.
(സംസ്‌കൃത ഭാരതി (കേരളം) പ്രാന്തസമിതി സദസ്യനാണ് ലേഖകന്‍)