• Fri. Oct 4th, 2024

24×7 Live News

Apdin News

ഇന്റര്‍വ്യൂ ബോര്‍ഡിന്റെ ചെയര്‍മാനായി ഷിജുഖാനെ നിയമിച്ചത് ചട്ടം ലംഘിച്ച്

Byadmin

Oct 4, 2024



തിരുവനന്തപുരം: കേരള സര്‍വകലാശാലയില്‍ നാലുവര്‍ഷ ബിരുദ കോഴ്‌സിനുള്ള ഗസ്റ്റ് അധ്യാപകരെ (അസിസ്റ്റന്റ് പ്രൊഫസ്സര്‍) തെരഞ്ഞെടുക്കാനുള്ള ഇന്റര്‍വ്യൂ ബോര്‍ഡിന്റെ ചെയര്‍മാനായി സിന്‍ഡിക്കേറ്റ് അംഗവും ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറിയുമായ ജെ.എസ്. ഷിജുഖാനെ നിയമിച്ചത് ചട്ടം ലംഘിച്ച്.

സര്‍വകലാശാലാ വൈസ് ചാന്‍സലറോ വൈസ് ചാന്‍സലറുടെ പ്രതിനിധിയായ, 10 വര്‍ഷം പ്രൊഫസര്‍ യോഗ്യതയുള്ള അധ്യാപകനോ ആകണം നിയമന ബോര്‍ഡിന്റെ ചെയര്‍മാന്‍ എന്നാണ് യുജിസി വ്യവസ്ഥ. ഇത് ലംഘിച്ചാണ് ഷിജുഖാനെ ചെയര്‍മാനായി സിന്‍ഡിക്കേറ്റ് തീരുമാനിച്ചത്. നിയമന ബോര്‍ഡ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിന്‍ഡിക്കേറ്റ് അംഗങ്ങളായ ഡോ. വിനോദ് കുമാര്‍. ടി.ജി നായര്‍, പി.എസ്.ഗോപകുമാര്‍ എന്നിവര്‍ ഗവര്‍ണര്‍ക്ക് നിവേദനം നല്കി.

കഴിഞ്ഞ ദിവസം ചേര്‍ന്ന കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗമാണ് യുജിസി ചട്ടപ്രകാരം വിസി നിര്‍ദേശിച്ച സിന്‍ഡിക്കേറ്റ് അംഗവും, സിപിഎം അധ്യാപക സംഘടന അംഗവുമായ സീനിയര്‍ വനിതാ പ്രൊഫസറെ ഒഴിവാക്കി ഷിജുഖാനെ ഇന്റര്‍വ്യൂ ബോര്‍ഡ് ചെയര്‍മാനായി തീരുമാനിച്ചത്. ഇടത് അധ്യാപക സംഘടനയില്‍പ്പെട്ട ഏതാനും അധ്യാപകരെ ഇന്റര്‍വ്യൂ ബോര്‍ഡ് അംഗങ്ങളായും നിശ്ചയിച്ചിട്ടുണ്ട്.

മുന്‍കാലങ്ങളില്‍ വിസിക്ക് പകരം പിവിസിയാണ് ഇന്റര്‍വ്യൂ ബോര്‍ഡില്‍ അധ്യക്ഷനാവുക. എന്നാല്‍ ഇപ്പോള്‍ പിവിസി പദവി ഒഴിഞ്ഞു കിടക്കുന്നതുകൊണ്ട് വിസിയോ വിസി ചുമതലപ്പെടുത്തുന്ന സീനിയര്‍ പ്രൊഫസറോ സംസ്ഥാനത്തെ മറ്റു സര്‍വകലാശാലകളില്‍ അധ്യക്ഷത വഹിക്കണം എന്നാണ് ചട്ടം. അനധ്യാപകരായ സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ ഇന്റര്‍വ്യൂ ബോര്‍ഡില്‍ പങ്കെടുക്കുന്നത് യൂജിസി വിലക്കിയിട്ടുമുണ്ട്. ഷിജുഖാന് യാതൊരുവിധ അധ്യാപന പരിചയവുമില്ല. അമ്പതോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഷിജുഖാനെ വിദ്യാഭ്യാസ വിദഗ്ധന്‍ എന്ന നിലയിലാണ് സര്‍ക്കാര്‍ സിന്‍ഡിക്കേറ്റിലേയ്‌ക്ക് നാമനിര്‍ദേശം ചെയ്തത്.

By admin