• Thu. Aug 21st, 2025

24×7 Live News

Apdin News

ഇന്റര്‍ സ്റ്റേറ്റ് സീനിയര്‍ അത്‌ലറ്റിക്‌സ്: വനിതാ ട്രിപ്പിള്‍ ജംപില്‍ സാന്ദ്രയ്‌ക്ക് സ്വര്‍ണവും അലീനയ്‌ക്ക് വെള്ളിയും

Byadmin

Aug 21, 2025



ചെന്നൈ: ഇന്റര്‍ സ്റ്റേറ്റ് യൂത്ത് അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ് 2025ന്റെ ആദ്യദിനത്തില്‍ ഉത്തര്‍ പ്രദേശിന് നേരീയ ആധിപത്യം. ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യ ദിവസമായ ഇന്നലെ നടന്ന അഞ്ച് ഫൈനലുകളില്‍ യുപി രണ്ട് സ്വര്‍ണം സ്വന്തമാക്കി. കേരളത്തിനായി വനിതാ ട്രിപ്പിള്‍ ജംപില്‍ സാന്ദ്ര ബാബു സ്വര്‍ണവും ്‌ലീന ടി. സജി വെള്ളിയും നേടി.

13.20 മീറ്റര്‍ ദൂരം താണ്ടിയാണ് സാന്ദ്ര സ്വര്‍ണം നേടിയത്. 13.15 മീറ്റര്‍ ദൂരം പിന്നിട്ടാണ് അലീന കേരളത്തിനായി വെള്ളി നേടിയത്. കേരളം ആദ്യ ദിനം നേടിയ രണ്ട് മെഡലുകള്‍ ഇതു മാത്രമാണ്. ഈ ഇനത്തില്‍ വെങ്കലം പഞ്ചാബിന്റെ നിഹാരികയ്‌ക്കാണ്(13.09 മീറ്റര്‍).

വനിതകളുടെ ഹാമര്‍ ത്രോയിലും പുരുഷന്മാരുടെ പതിനായിരം മീറ്ററിലുമാണ് യുപി സ്വര്‍ണം നേടിയത്. താന്യ ചൗധരി 63.91 മീറ്റര്‍ ദൂരത്തിലേക്കെറിഞ്ഞാണ് യുപിക്കായി ഹാമര്‍ ത്രോയില്‍ സ്വര്‍ണം നേടിയത്. ഒഡീഷയുടെ ദിവ്യ ഷാന്‍ഡില്യ(59.58 മീറ്റര്‍), രാജസ്ഥാന്റെ മായ(57.57) എന്നിവര്‍ വനിതാ ഹാമര്‍ ത്രോയില്‍ വെള്ളി, വെങ്കലം മെഡലുകള്‍ നേടി. പുരുഷന്മാരുടെ പതിനായിരം മീറ്ററില്‍ അഭിഷേക് ആണ് യുപിക്കായി സ്വര്‍ണം സ്വന്തമാക്കിയത്. 30:56.64 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് അഭിഷേകിന്റെ സ്വര്‍ണ നേട്ടം. കര്‍ണാടകയില്‍ നിന്നുള്ള ശിവജി പരശു മാഡപ്പ് ഈ ഇനത്തില്‍ വെള്ളി നേടി(30:57.69). ഉത്തര്‍ പ്രദേശിന്റെ തന്നെ ശിവം(30:59.14) ഈ ഇനത്തില്‍ മൂന്നാമതായി ഫിനിഷ് ചെയ്തു.

ഇന്നലെ നടന്ന മറ്റ് ഇനങ്ങളില്‍ വനിതകളുടെ അയ്യായിരം മീറ്ററില്‍ ഹിമാചല്‍ പ്രദേശും പുരുഷ പോള്‍വോള്‍ട്ടില്‍ തമിഴ്‌നാടും സ്വര്‍ണം നേടി. വനിതകളുടെ അയ്യായിരം മീറ്ററില്‍ ഹിമാചലിനായി സീമയാണ് സ്വര്‍ണം നേടിയത്. മഹാരാഷ്‌ട്രയുടെ രവീണ ഗെയ്‌ക്ക്‌വാദും ഝാര്‍ഖണ്ഡിന്റെ സംഘമിത്ര മഹതയും വെള്ളിയും വെങ്കലവും നേടി.

പുരുഷ പോള്‍വോള്‍ട്ടില്‍ സ്വര്‍ണവും വെള്ളിയും വെങ്കലവും തമിഴ്‌നാട് താരങ്ങള്‍ നേടി. റീഗന്‍ ജി, എം. ഗൗതം, കമല്‍ ലോഗനാഥന്‍ എന്നിവരാണ് മെഡലുകള്‍ നേടിയത്.

By admin