ലാഹോർ: പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് വൻ തിരിച്ചടി. 2023 മെയ് 9 ന് പഞ്ചാബ് പ്രവിശ്യയിലെ ഐഎസ്‌ഐ കെട്ടിടത്തിനും മറ്റ് സൈനിക സ്ഥാപനങ്ങൾക്കും നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് ഇമ്രാൻ ഖാന്റെ പാർട്ടിയിലെ ചില എംപിമാർ ഉൾപ്പെടെ 166 അംഗങ്ങൾക്ക് വ്യാഴാഴ്ച കോടതി 10 വർഷം വീതം തടവ് ശിക്ഷ വിധിച്ചു. ദേശീയ അസംബ്ലിയിലെ പ്രതിപക്ഷ നേതാവ് ഒമർ അയ്യൂബ്, സെനറ്റിലെ പ്രതിപക്ഷ നേതാവ് ഷിബ്ലി ഫറാസ്, പിടിഐയിലെ പ്രമുഖ നേതാക്കളായ സർതാജ് ഗുൽ, സാഹിബ്‌സാദ ഹമീദ് റാസ എന്നിവർക്കാണ് കോടതി 10 വർഷം വീതം തടവ് വിധിച്ചത്.
ആഗസ്റ്റ് 5 മുതൽ രാജ്യത്തുടനീളം നിർദ്ദേശിക്കപ്പെട്ട ‘ഫ്രീ ഇമ്രാൻ ഖാൻ പരിപാടി’ ആരംഭിക്കുന്നതിന് ഒരു ആഴ്ച മാത്രം ബാക്കി നിൽക്കെയാണ് ഖാന്റെ പാകിസ്ഥാൻ തെഹ്രീക്-ഇ-ഇൻസാഫ് (പിടിഐ) നേതാക്കൾക്ക് ശിക്ഷ വിധിക്കുന്ന വാർത്ത വരുന്നത്. ഫൈസലാബാദിലെ ഐഎസ്‌ഐ കെട്ടിടം ആക്രമിച്ച കേസിൽ 185 പ്രതികളിൽ 108 പേരെ കുറ്റക്കാരെന്ന് കോടതി വ്യാഴാഴ്ച വിധിച്ചു, ബാക്കി 77 പേരെ വെറുതെ വിട്ടു. ഫൈസലാബാദിലെ ഒരു പോലീസ് സ്റ്റേഷൻ ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസിൽ 58 പ്രതികൾക്ക് 10 വർഷം വീതം തടവ് ശിക്ഷ വിധിച്ചു. കുറ്റക്കാരായവരിൽ ആറ് ദേശീയ അസംബ്ലി അംഗങ്ങൾ, ഒരു പഞ്ചാബ് അസംബ്ലി അംഗം, ഒരു എംപി എന്നിവരും ഉൾപ്പെടുന്നു.
മെയ് 9 ലെ സംഭവവുമായി ബന്ധപ്പെട്ട കേസുകളിൽ ഇതുവരെ ഇമ്രാൻ ഖാന്റെ പാർട്ടിയിലെ 14 എംപിമാരെ കുറ്റക്കാരായി കണ്ടെത്തി അയോഗ്യരാക്കിയിട്ടുണ്ട്.
അതേ സമയം ഫൈസലാബാദ് ഭീകരവിരുദ്ധ കോടതിയുടെ (എടിസി) തീരുമാനത്തെ പാകിസ്ഥാൻ തെഹ്രീക്-ഇ-ഇൻസാഫ് ശക്തമായി അപലപിച്ചു. പാർലമെന്റിൽ നിന്ന് തങ്ങളുടെ എംപിമാരെ അയോഗ്യരാക്കാനും പാർട്ടി സമാധാനപരമായ പ്രതിഷേധങ്ങൾ നടത്തുന്നത് തടയാനുമുള്ള ഗൂഢാലോചനയുടെ ഭാഗമാണിതെന്ന് ഖാന്റെ പാർട്ടി ആരോപിച്ചു. കൂടാതെ ഈ തീരുമാനത്തെ ലാഹോർ ഹൈക്കോടതിയിൽ ചോദ്യം ചെയ്യുമെന്ന് പാർട്ടിയുടെ ഇടക്കാല ചെയർമാൻ ഗൗഹർ അലി പറഞ്ഞു.
അടുത്തിടെ ഇമ്രാൻ ഖാൻ കരസേനാ മേധാവി അസിം മുനീറിനെ ലക്ഷ്യം വച്ചിരുന്നു. ജനറൽ സൈന്യത്തെ അപമാനിക്കുകയും അധികാരത്തിൽ പിടിമുറുക്കാൻ ദേശീയ താൽപ്പര്യങ്ങൾ ത്യജിക്കുകയും ചെയ്യുന്നുവെന്ന് ഖാൻ തുറന്നടിച്ചിരുന്നു. “രാജ്യം മുനീറിന്റെ നിയമത്തിന് കീഴിലാണ് പ്രവർത്തിക്കുന്നത്, ഐഎസ്‌ഐ (ഇന്റലിജൻസ് ഏജൻസി) അദ്ദേഹത്തെ സംരക്ഷിക്കുന്നു. അധികാരത്തിൽ തന്റെ പിടി നിലനിർത്താൻ എല്ലാ ദേശീയ താൽപ്പര്യങ്ങളും ത്യജിക്കാൻ അദ്ദേഹം തയ്യാറാണ്,”- ഖാൻ സോഷ്യൽ മീഡിയയിലെ ഒരു പോസ്റ്റിൽ പറഞ്ഞിരുന്നു. യഹ്യ ഖാൻ ചെയ്തതുപോലെ നിലവിലെ കരസേനാ മേധാവി സൈന്യത്തെ അപമാനിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചിരുന്നു.