• Tue. Oct 28th, 2025

24×7 Live News

Apdin News

ഇരട്ട ദൗത്യ ശേഷിയുള്ള നൂതന കപ്പല്‍: തദ്ദേശീയമായി നിര്‍മിച്ച ‘ഇക്ഷക്’ നാവികസേനയില്‍,കമ്മീഷന്‍ കൊച്ചിയില്‍ നവംബര്‍ 6ന് 

Byadmin

Oct 28, 2025



കൊച്ചി: തദ്ദേശീയമായി നിര്‍മിച്ച മൂന്നാമത്തെ വലിയ സര്‍വേ കപ്പല്‍ ‘ഇക്ഷക്’ ഇന്ത്യന്‍ നാവികസേനയുടെ ഭാഗമായി 2025 നവംബര്‍ 6ന് കൊച്ചിയിലെ ദക്ഷിണ നാവികാസ്ഥാനത്ത് ഔദ്യോഗികമായി കമ്മീഷന്‍ ചെയ്യപ്പെടുന്നു.
ചടങ്ങില്‍ കസേനാ മേധാവി അഡ്മിറല്‍ ദിനേശ് കെ. ത്രിപാഠി അധ്യക്ഷനായിരിക്കും

സര്‍വേ വെസല്‍ (ലാര്‍ജ്) ശ്രേണിയിലെ മൂന്നാമത്തെ കപ്പലായ ‘ഇക്ഷക്’, ഇന്ത്യയുടെ സ്വയംപര്യാപ്ത നാവികസാങ്കേതിക ശേഷിയുടെ ശക്തമായ തെളിവായി മാറുന്നു. അത്യാധുനിക ഹൈഡ്രോഗ്രാഫിക് സംവിധാനങ്ങളുള്ള ഈ കപ്പല്‍ തദ്ദേശീയ പ്രതിഭയുടെയും സാങ്കേതിക മികവിന്റെയും പ്രതീകമാണ്.

കൊല്‍ക്കത്തയിലെ ഗാര്‍ഡന്‍ റീച്ച് ഷിപ്പ് ബില്‍ഡേഴ്‌സ് ആന്‍ഡ് എഞ്ചിനീയേഴ്‌സ് ലിമിറ്റഡ് (GRSE) നിര്‍മിച്ച ഈ കപ്പല്‍ നാവികനിര്‍മാണ ഡയറക്ടറേറ്റിന്റെയും കൊല്‍ക്കത്ത യുദ്ധക്കപ്പല്‍ മേല്‍നോട്ടസംഘത്തിന്റെയും നേതൃത്വത്തില്‍ 80 ശതമാനത്തിലധികം തദ്ദേശീയ ഘടകങ്ങള്‍ ഉപയോഗിച്ചാണ് പൂര്‍ത്തിയാക്കിയത്.
ഇന്ത്യയിലെ എംഎസ്എംഇ (MSME) മേഖലയുമായി ജിആര്‍എസ്ഇ നടത്തിയ വിജയകരമായ സഹകരണത്തിന്റെ ഫലമാണ് ഇക്ഷക്.
ഇത് ‘ആത്മനിര്‍ഭര്‍ ഭാരത്’ ദര്‍ശനത്തിന്റെ ശക്തമായ പ്രതിനിധാനമാണ്.

‘വഴികാട്ടി’ എന്നര്‍ത്ഥം വരുന്ന ഇക്ഷക് എന്ന പേര്, അജ്ഞാത സമുദ്രമേഖലകളെ രേഖപ്പെടുത്തിയും, നാവികര്‍ക്ക് സുരക്ഷിത യാത്ര ഉറപ്പാക്കിയും, ഇന്ത്യയുടെ സമുദ്ര ശക്തിയെ ശക്തിപ്പെടുത്തിയുമുള്ള കപ്പലിന്റെ ദൗത്യങ്ങളെ പ്രതീകവത്കരിക്കുന്നു.

പ്രാഥമിക ഹൈഡ്രോഗ്രാഫിക് സര്‍വേ ദൗത്യങ്ങള്‍ക്കൊപ്പം, മാനുഷിക സഹായ-ദുരിതാശ്വാസ (HADR) ദൗത്യങ്ങളിലും അടിയന്തരാവസ്ഥകളില്‍ ആശുപത്രി കപ്പലായും പ്രവര്‍ത്തിക്കാന്‍ ഇക്ഷകിന് കഴിയും.
ഇത് നാവികസേനയുടെ സൈനിക ശേഷിക്കും മാനവിക മുഖത്തിനും പുതിയ ഭാവം നല്‍കുന്ന നേട്ടമാണ്.

ഇന്ത്യന്‍ നാവികസേനയിലെ വനിതാ ഉദ്യോഗസ്ഥര്‍ക്കായി പ്രത്യേക താമസ സൗകര്യമൊരുക്കിയ ആദ്യത്തെ വലിയ സര്‍വേ കപ്പലാണ് ‘ഇക്ഷക്’.
സേനയുടെ പുരോഗമനപരമായും ലിംഗസമത്വാധിഷ്ഠിതമായും ഉള്ള സമീപനം പ്രതിഫലിപ്പിക്കുന്ന ഈ പുതുമ, ഭാവിയിലെ ഉള്‍ക്കൊള്ളുന്ന നാവികസേനയുടെ പ്രതീകമായി വിലയിരുത്തപ്പെടുന്നു.

അത്യാധുനിക സര്‍വേ, നാവിഗേഷന്‍, കമ്മ്യൂണിക്കേഷന്‍ സംവിധാനങ്ങളുള്ള ഇക്ഷക്, കടല്‍ത്തടവും തീരപ്രദേശങ്ങളും കൃത്യമായി മാപ്പ് ചെയ്യുന്നതിനും നാവിക ചാര്‍ട്ടുകള്‍ പുതുക്കുന്നതിനും കഴിവുള്ളതാണ്.
ഇതിലൂടെ ഇന്ത്യയുടെ സമുദ്ര ഡൊമെയിന്‍ അവബോധം (Maritime Domain Awareness) വര്‍ധിക്കുകയും സുരക്ഷിത നാവിഗേഷനും തീര പ്രതിരോധവും ഉറപ്പാക്കുകയും ചെയ്യും.

ഇക്ഷകിന്റെ സേനാപ്രവേശം, ഇന്ത്യയെ സ്വയംപര്യാപ്ത നാവിക രാഷ്‌ട്രമെന്ന ലക്ഷ്യത്തിലേക്കുള്ള മറ്റൊരു ഉറച്ച ചുവടായി മാറുന്നു.
നാവികസേന, ജിആര്‍എസ്ഇ, തദ്ദേശ വ്യവസായശൃംഖല എന്നിവയുടെ കൂട്ടായ്‌മയാണ് ഈ നേട്ടം സൃഷ്ടിച്ചത്.
സ്വദേശീയ സാങ്കേതിക വിദ്യയും അഭിമാനവും ചേര്‍ന്ന് തീര്‍ത്ത ‘ഇക്ഷക്’ കടല്‍ത്തടങ്ങള്‍ മാത്രമല്ല, ഇന്ത്യയുടെ ആത്മവിശ്വാസത്തിന്റെയും നവോന്മേഷത്തിന്റെയും വഴികളും രേഖപ്പെടുത്തും.

By admin