കൊലപാതക കേസ് പ്രതികളെ കുറ്റവിമുക്തരാക്കി സുപ്രിംകോടതി. ഇരയുടെ മകനടക്കമുള്ള സാക്ഷികള്‍ മൊഴിമാറ്റിയതിനെ തുടര്‍ന്നാണ് പ്രതികളായ ആറുപേരെ കുറ്റവിമുക്തരാക്കിയത്. പരിഹരിക്കപ്പെടാത്ത കുറ്റകൃത്യത്തെക്കുറിച്ചോര്‍ത്തുള്ള ഹൃദയവേദനയോടെ പ്രതികളെ വെറുതെ വിടുന്നതായി ജസ്റ്റിസുമാരായ സുധാന്‍ഷു ധൂലിയ, കെ വിനോദ് ചന്ദ്രന്‍ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
2023 സെപ്റ്റംബറിലെ കര്‍ണാടക ഹൈകോടതി വിധിച്ച വിധിയാണ് സുപ്രിംകോടതി റദ്ദാക്കിയത്. വിചാരണ കോടതി നേരത്തെ പ്രതികളെ കുറ്റവിമുക്തരാക്കിയിരുന്നെങ്കിലും ഹൈകോടതി കുറ്റക്കാരെന്ന് കണ്ടെത്തുകയായിരുന്നു.
87 സാക്ഷികളുണ്ടായിരുന്നതില്‍ 71 പേരും മൊഴിമാറ്റി. പ്രധാന ദൃക്‌സാക്ഷികളടക്കമുള്ളവര്‍ ഇതില്‍ ഉള്‍പെടും. വിശ്വസനീയമല്ലാത്ത സാക്ഷിമൊഴികള്‍ കാരണം കേസ് അവസാനിപ്പിക്കേണ്ടി വന്നതില്‍ കോടതി ആശങ്ക പ്രകടിപ്പിച്ചു. ഇരയുടെ കൊച്ചുകുട്ടിക്കടക്കം തന്റെ പിതാവിന്റെ കൊലയാളിയെ തിരിച്ചറിയാന്‍ ഈ അവസാന നിമിഷം സാധിക്കുന്നില്ലായെന്നതും ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും കോടതി പറഞ്ഞു.
ക്രിമിനല്‍ നിയമത്തിന്റെ അടിസ്ഥാന തത്വങ്ങളെ തീര്‍ത്തും അവഗണിച്ച് തികഞ്ഞ അനാസ്ഥയോടെയാണ് അന്വേഷണം നടത്തിയതെന്ന് കോടതി കുറ്റപ്പെടുത്തി. പ്രോസിക്യൂഷനെ പരിഹസിക്കുന്ന നിലപാടാണിതെന്നും കോടതി ആരോപിച്ചു.
2011 ഏപ്രില്‍ 28നാണ് കേസിനാസ്പദമായ സംഭവം. പരസ്പരം ശത്രുതയിലായിരുന്ന രണ്ട് സഹോദരങ്ങളില്‍ ഒരാള്‍ക്കൊപ്പം ജോലി ചെയ്തിരുന്ന രാമകൃഷ്ണന്‍ ഏതിര്‍ സഹോദരനൊപ്പം ചേര്‍ന്നതാണ് പ്രശ്‌നമായത്. ഇതിന്റെ വിരോധത്തിലാണ് നടക്കാനിറങ്ങിയ രാമകൃഷ്ണനെ ആറംഗ സംഘം കൊലപ്പെടുത്തിയത്.