തിരുവനന്തപുരം: അങ്ങനെ ഇടതു മുന്നണിയും വലതുമുന്നണിയും തലസ്ഥാനത്ത് ഇല്ലാതായി. ഇടത്തും വലത്തും ബിജെപി പ്രവർത്തകരും അനുഭാവികളും മോദി ആരാധകരും അണിനിരന്നു. തലസ്ഥാനത്തെ കിള്ളിപ്പാലം മുതൽ കരമന വരെ മണ്ണെറിഞ്ഞാൽ താഴെ വീഴാത്ത പരുവത്തിൽ ജനക്കൂട്ടം. അവർക്കിടയിലൂടെ അടിവെച്ച് അടിവെച്ച് ജനനായകൻ നീങ്ങി.
അപ്പോൾ സുരക്ഷാ സംവിധാനങ്ങൾ ആരും കാര്യമാക്കിയില്ല. പക്ഷേ രാജ്യത്തെ മുഴുവൻ സുരക്ഷയും കാക്കുന്ന ഉദ്യോഗസ്ഥർ കണ്ണുചിമ്മാതെ നിന്നു.
ഇടത്തും വലത്തും ബിജെപി ജയ് വിളികൾ പൊടിപൊടിച്ചു. ഭാരത് മാതാ ജയ് വിളികൾ, ജയ്‌മോദി വിളികൾ പ്രകമ്പനം കൊള്ളിച്ചു. നടുവിൽ പൂക്കൾകൊണ്ടും ബിജെപി പതാകകൾകൊണ്ടും അലങ്കരിച്ച വാഹനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, സംസ്ഥാന ബിജെപി പ്രസിഡന്റും നേമം സ്ഥാനാർത്ഥിയുമായ ഡോ.രാജീവ് ചന്ദ്രശേഖരൻ, പാർട്ടി വൈസ് പ്രസിഡന്റും വട്ടിയൂർക്കാവ് സ്ഥാനാർത്ഥിയുമായ ആർ. ശ്രീലേഖ ഐപിഎസ്, സ്ഥാനാർത്ഥികളായ കരമന ജയൻ, വി. മുരളീധരൻ എന്നിവർ മോദിക്കൊപ്പം വാഹനത്തിൽ ഉണ്ടായിരുന്നു. വാഹനത്തിലെ സ്ഥല പരിമിതിയും സുരക്ഷാ വ്യവസ്ഥകളും മൂലം മറ്റു സ്ഥാനാർത്ഥികൾക്ക് പ്രധാനമന്ത്രിക്ക് ഒപ്പം ചേരാനായില്ല. ഇവരെ പ്രധാനമന്ത്രി പ്രത്യേകം കാണുകയുണ്ടായി.
സന്ധ്യയായതിനാൽ ദീപപ്രഭയിൽ തെളിയുന്ന താമര ചിഹ്നവുമേന്തിയാണ് നേതാക്കൾ ജനക്കുട്ടത്തെ അഭിവാദ്യം ചെയ്തത്.
സംസ്ഥാന നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ ബിജെപി-എൻഡിഎ സ്ഥാനാർത്ഥികളുടെ പ്രചാരണത്തിൽ പ്രധാനമന്ത്രിയുടെ പരിപാടികളുടെ പരിസമാപ്തികൂടിയായിരുന്നു ഇന്ന്.
തിരുവല്ലയിൽ സ്ഥാനാർത്ഥി അനൂപ് ആന്റണിയുടെ മണ്ഡലത്തിൽ നടന്ന പൊതുയോഗത്തിനു ശേഷമാണ് പ്രധാനമന്ത്രി തിരുവനന്തപുരത്തേക്ക് എത്തിയത്.
കേരള സംസ്‌കൃതിയെ പ്രഘോഷിക്കുന്ന കലാരൂപങ്ങൾ റോഡ്‌ഷോയ്‌ക്ക് വർണ്ണഭംഗികൂട്ടി.