
വാഷിങ്ടണ്‍: അമേരിക്കൻ സുപ്രീം കോടതിയില്‍ നിന്നും തിരിച്ചടി നേരിട്ട ട്രംപ് ആഗോളതലത്തിൽ എല്ലാ ഉൽപ്പന്നങ്ങൾക്കുള്ള തീരുവ 10 ശതമാനമത്തില്‍ നിന്നും 15 ശതമാനമാക്കി ഉയര്‍ത്തിയതായി പ്രഖ്യാപിച്ചു. അമേരിക്കന്‍ സുപ്രീംകോടതി വിധിക്കെതിരെ ശക്തമായ പ്രതിഷേധം തുടരുന്നതിനിടയിലാണ് ട്രംപിന്റെ ഈ പുതിയ നീക്കം.
വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ എല്ലാ രാജ്യങ്ങള്‍ക്കും 10 ശതമാനം ഇറക്കുമതി തീരുവ ഏർപ്പെടുത്തുമെന്ന് ട്രംപ് അറിയിച്ചിരുന്നു. എന്നാല്‍ ശനിയാഴ്ച തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലിലൂടെ 10 ശതമാനം എന്നത് 15 ശതമാനമായി വർധിപ്പിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.
ലോമെങ്ങും ആശങ്ക, ആശയക്കുഴപ്പം
ഇതോടെ ലോകത്താകെ കടുത്ത ആശയക്കുഴപ്പം നിലനില്‍ക്കുകയാണ്. ഇന്ത്യയുള്‍പ്പെടെ ഇക്കാര്യത്തില്‍ കടുത്ത ആശയക്കുഴപ്പത്തിലാണ്. ഇന്ത്യയുടെ തീരുവ 50 ശതമാനത്തില്‍ നിന്നും 18 ശതമാനമാക്കി കുറച്ചത് ഈയിടെയാണ്. ഇപ്പോള്‍ ഉയര്‍ത്തിയ ഈ 15 ശതമാനം ഇന്ത്യയുടെ തീരുവയില്‍ എങ്ങിനെ പ്രതിഫലിക്കും എന്നറിവായിട്ടില്ല. എല്ലാ രാജ്യങ്ങള്‍ക്കും ഒരേ ഇറക്കുമതി തീരുവയാണോ ട്രംപിന്റെ ലക്ഷ്യം എന്നും അറിയുന്നില്ല.
അമേരിക്ക വന്‍പ്രതിസന്ധിയിലേക്ക്
ഫെബ്രുവരി 24 ചൊവ്വാഴ്ച മുതൽ ഈ പുതിയ നികുതി നിരക്കുകൾ പ്രാബല്യത്തിൽ വരും. 1974-ലെ ട്രേഡ് ആക്ട് പ്രകാരമുള്ള പ്രത്യേക അധികാരം ഉപയോഗിച്ചാണ് ട്രംപ് ഈ താത്കാലിക നികുതി പ്രഖ്യാപിച്ചത്. എന്നാൽ, ഭരണകൂടത്തിന് ഈ നികുതി 150 ദിവസത്തേക്ക് (അഞ്ച് മാസം) മാത്രമേ നിലനിർത്താൻ സാധിക്കൂ. അതിനുശേഷം ഇത് തുടരണമെങ്കിൽ അമേരിക്കൻ പാർലമെന്‍റായ കോൺഗ്രസിന്റെ അംഗീകാരം തേടേണ്ടതുണ്ട്. യുഎസ് കോണ്‍ഗ്രസില്‍ ഡമോക്രാറ്റുകള്‍ ഒന്നടങ്കം ട്രംപിനോട് കടുത്ത എതിര്‍പ്പിലാണ്.
താൻ നേരത്തെ ഏർപ്പെടുത്തിയ തീരുവകൾ റദ്ദാക്കിയ സുപ്രീം കോടതി നടപടി വിഡ്ഢിത്തവും അമേരിക്കൻ വിരുദ്ധവുമാണെന്ന് ട്രംപ് ആരോപിച്ചു. രാജ്യത്തെ ചൂഷണം ചെയ്യുന്നവർക്കെതിരെയുള്ള നിയമപരമായ പോരാട്ടം തുടരുമെന്നും, അനുവദനീയമായ ഏറ്റവും ഉയർന്ന നിരക്കായ 15 ശതമാനം തീരുവ ഉടനടി നടപ്പിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.