
ടെഹ്‌റാന്‍: ഇറാനില്‍ നടക്കുന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തില്‍ മരണം 600 കടന്നു. പതിനായിരത്തിലധികം പേരെ അറസ്റ്റ് ചെയ്യ്തു. ഇറാനിലെ ആശുപത്രികള്‍ പരുക്കേറ്റവരെയും മരിച്ചവരെയും കൊണ്ട് നിറഞ്ഞിരിക്കുകയാണെന്ന് ഡോക്ടര്‍മാര്‍ അന്താരാഷ്‌ട്ര മാധ്യമങ്ങളോട് വെളിപ്പെടുത്തി. കൊല്ലപ്പെട്ടവരില്‍ ഏറെയും ഇരുപതിനും ഇരുപത്തഞ്ചിനും ഇടയ്‌ക്ക് പ്രായമുള്ളവരാണ്. പ്രക്ഷോഭത്തില്‍ സുരക്ഷാസേനയിലെ 14 പേര്‍ കൊല്ലപ്പെട്ടുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. തലസ്ഥാനമായ ടെഹ്‌റാനില്‍ പ്രതിഷേധക്കാര്‍ ഇന്നലെ കെട്ടിടങ്ങള്‍ക്കും വാഹനങ്ങള്‍ക്കും തീവച്ചു.
പണപ്പെരുപ്പവും കറന്‍സി മൂല്യത്തകര്‍ച്ചയേയും തുടര്‍ന്ന് ഡിസംബര്‍ 28ന് ആരംഭിച്ച ഇറാനിലെ പ്രക്ഷോഭം പതിനഞ്ചാം ദിവസത്തിലേക്ക് കടക്കുകയാണ്. ഒരു ഡോളറിനെതിരെയുള്ള ഇറാനിയന്‍ റിയാലിന്റെ മൂല്യം 14 ലക്ഷമായിരിക്കുകയാണ് ഇപ്പോള്‍.
രാജ്യത്ത് സംഘര്‍ഷാവസ്ഥ അവസാനിക്കുന്നതു വരെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവയ്‌ക്കുമെന്ന് ഇറാന്‍ അറിയിച്ചു. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ വിദേശശക്തികളുടെ പിന്തുണയുള്ള കലാപങ്ങളാണെന്നും ഇറാന്‍ കൂട്ടിച്ചേര്‍ത്തു. അമേരിക്ക ഇറാനെ ആക്രമിക്കുന്നപക്ഷം പ്രദേശങ്ങളുള്ള അമേരിക്കയുടെ സൈനിക താവളങ്ങളും കപ്പലുകളും അമേരിക്കന്‍ പൗരന്മാരെയും സൈനികരെയും ലക്ഷ്യം വയ്‌ക്കുമെന്ന് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാക്കര്‍ ഖാലിബാഫിന്റെ മുന്നറിയിപ്പുണ്ട്. ഇറാനുമേല്‍ 25 ശതമാനം തീരുവ ഏര്‍പ്പടുത്താനുള്ള തീരുമാനം ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും തുര്‍ക്കിക്കും തിരിച്ചടിയാകുമെന്ന് റിപ്പോര്‍ട്ടുകള്‍.
അതേസമയം ഇറാനുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങള്‍ക്കുമേല്‍ 25 ശതമാനം അധിക തീരുവ ചുമത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. ഇറാനുമായി ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ ശ്രമിച്ചുവരികയാണെന്നും എന്നാല്‍ പ്രക്ഷോഭകരെ ഇറാന്‍ നിഷ്‌ക്കരുണം കൂട്ടക്കുരുതി ചെയ്യുന്നതിനാല്‍ അതിനു മുമ്പായി നടപടി വേണ്ടി വന്നേക്കുമെന്നും ട്രംപ് പറഞ്ഞു.