
ബെയ്ജിങ്: ഇറാനിൽ ഭരണമാറ്റത്തിന് ശ്രമിക്കരുതെന്നും അത്തരം നീക്കങ്ങൾക്ക് ജനപിന്തുണ ലഭിക്കില്ലെന്നും ട്രംപിന് ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയുടെ താക്കീത്.
പശ്ചിമേഷ്യൻ രാജ്യങ്ങളിലെ ജനങ്ങളാണ് അവിടുത്തെ യഥാർത്ഥ യജമാനന്മാർ. ആ രാജ്യങ്ങൾക്കെല്ലാം പരമാധികാരമുണ്ട്. അവിടത്തെ കാര്യങ്ങൾ തീരുമാനിക്കേണ്ടത് അവർ തന്നെയാണ്. അതിൽ പുറത്തുനിന്നുള്ളവരുടെ ഇടപെടൽ വേണ്ടതില്ലെന്നും ചൈനീസ് വിദേശകാര്യമന്ത്രി പറഞ്ഞു. ശക്തമായ മുഷ്ടി എന്നതിന് ശക്തമായ യുക്തി എന്നല്ല അർത്ഥം. ലോകത്തിന് കാട്ടുനീതിയിലേക്ക് മടങ്ങിപോകാനാകില്ല. അതിവേഗം വിഷയം ചർച്ച ചെയ്ത് പ്രശ്‌ന പരിഹാരം കണ്ടെത്തണം. അതിന് മധ്യസ്ഥം വഹിക്കാൻ ചൈന തയ്യാറാണെന്നും വാങ് യി പറഞ്ഞു.
ഇറാന്റെയും മറ്റ് പശ്ചിമേഷ്യൻ രാജ്യങ്ങളുടെയും പരമാധികാരത്തെ ബഹുമാനിക്കണമെന്നും യുഎസും ഇസ്രയേലും ചേർന്ന് നടത്തുന്ന ആക്രമണം ഉടൻ അവസാനിപ്പിക്കണമെന്നും വാങ് യി പറഞ്ഞു. ഒരു രാജ്യത്തിന്റെ ഭരണകൂടത്തെ അട്ടിമറിക്കുന്ന നീക്കങ്ങൾക്കോ വർണ വിപ്ലവങ്ങൾക്കോ ജനകീയ പിന്തുണ ലഭിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. അന്താരാഷ്‌ട്ര ന്യൂസ് ഏജൻസിയോടായിരുന്നു വാങ് യിയുടെ പ്രതികരണം.
പശ്ചിമേഷ്യൻ മേഖലയിലെ സംഘർഷം അവസാനിപ്പിക്കാനും വ്യാപിക്കാതിരിക്കാനും സൈനിക നീക്കങ്ങൾ ഉടൻ അവസാനിപ്പിക്കണം. ഇതൊരിക്കലും സംഭവിക്കാൻ പാടില്ലാത്ത യുദ്ധമായിരുന്നു. ഇത് ആർക്കും ഗുണം ചെയ്യുകയുമില്ല. സൈനിക നീക്കങ്ങൾ ഒരിക്കലും പ്രശ്‌നങ്ങൾക്ക് പരിഹാരമാകില്ല.-അദ്ദേഹം പറഞ്ഞു.