
വാഷിങ്ടൺ: ഇറാനിൽ സൈനിക ഇടപെടലിന് അമേരിക്ക തയ്യാറെടുക്കുന്നതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അറബിക്കടൽ അല്ലെങ്കിൽ പേർഷ്യൻ ഗൾഫ് മേഖല കേന്ദ്രീകരിച്ചായിരിക്കും അമേരിക്കയുടെ ആക്രമണം എന്നാണ് സൂചന. ഇറാനിലെ ജനകീയ പ്രതിഷേധങ്ങൾ ശക്തമായി അടിച്ചമർത്തുന്ന പശ്ചാത്തലത്തിലാണ് ഇറാനിൽ ഭരണമാറ്റം ലക്ഷ്യമിട്ടുള്ള അമേരിക്കയുടെ സൈനീക നീക്കം.
മേഖലയിൽ ഗൈഡഡ് മിസൈൽ ഡിസ്ട്രോയറുകൾ ഉൾപ്പെടെയുള്ള യുദ്ധക്കപ്പലുകൾ യുഎസ് വിന്യസിച്ചിട്ടുണ്ട്. യുഎസ് നാവികസേനയുടെ വിമാനവാഹിനിക്കപ്പൽ യുഎസ്എസ് എബ്രഹാം ലിങ്കൺ ഇന്ത്യൻ മഹാസമുദ്രത്തിലൂടെ അറബിക്കടലിലേക്ക് നീങ്ങുകയാണ്. അതേസമയം, എഫ്-15ഇ സ്ട്രൈക്ക് ഈഗിൾ യുദ്ധവിമാനങ്ങൾ പശ്ചിമേഷ്യയിലെ യുഎസ് സൈനിക താവളങ്ങളിൽ ഇതിനകം എത്തിയതായി യുഎസ് സെൻട്രൽ കമാൻഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
ഇസ്രയേൽ, ഖത്തർ എന്നിവിടങ്ങളിലടക്കം മേഖലയിൽ അധിക മിസൈൽ പ്രതിരോധ സംവിധാനങ്ങളും അമേരിക്ക വിന്യസിച്ചതായി റിപ്പോർട്ടുകളുണ്ട്. ഇത് സാധ്യതയുള്ള ഒരു പരിമിത സൈനിക ഇടപെടലിന് മുന്നൊരുക്കമാണെന്ന വിലയിരുത്തലാണ് ഉയരുന്നത്.
യുഎസ്–ഇറാൻ സംഘർഷം ഉയർന്നാൽ അതിന്റെ ആദ്യ പ്രതിഫലം ഹോർമുസ് കടലിടുക്ക് വഴി ഗൾഫ് രാജ്യങ്ങൾക്കുണ്ടാകും. അതിനാൽ ആഗോള സമ്പദ്‌വ്യവസ്ഥയെ വലിയ തോതിൽ ബാധിക്കാത്ത രീതിയിലുള്ള പരിമിത സൈനിക നടപടികളായിരിക്കും യുഎസ് സ്വീകരിക്കുകയെന്നതാണ് വിലയിരുത്തൽ.
ദീർഘകാലവും ചെലവേറിയതുമായ യുദ്ധത്തിൽ താത്പര്യമില്ലാത്ത പ്രസിഡന്റ് ഡൊണൾഡ് ട്രംപ്, നേരിട്ടുള്ള യുദ്ധത്തിനുപകരം ഇറാനിലെ ഭരണമാറ്റം ലക്ഷ്യമിട്ട നീക്കങ്ങളിലേക്കാവാം കടക്കുകയെന്ന് സൂചനയുണ്ട്. ഇറാനിലെ പരമോന്നത നേതാവ് ഖമനയിയെ മാറ്റി റെസ പഹ്‌ലവിയെ അധികാരത്തിലെത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതായും റിപ്പോർട്ടുകളുണ്ട്.
യുഎസ് ആക്രമണം ആരംഭിച്ചാൽ ഇസ്രയേലും സംഘർഷത്തിലേക്ക് വലിച്ചിഴക്കപ്പെടാൻ സാധ്യതയുണ്ട്. ഇസ്രയേലിനെ ലക്ഷ്യമാക്കി പ്രതികരണം ഉണ്ടാകുമെന്ന ഇറാന്റെ മുന്നറിയിപ്പ് നിലനിൽക്കുന്നതിനാൽ, ഗാസയും ലെബനനും പിന്നാലെ മൂന്നാമൊരു യുദ്ധമുഖം തുറക്കേണ്ട സാഹചര്യം ഇസ്രയേലിന് നേരിടേണ്ടി വന്നേക്കും.