
ടെഹ്റാന്‍: ഇറാനെ തൊട്ടാല്‍ യുഎഇയെയും സൗദി അറേബ്യയെയും വേണ്ടി വന്നാല്‍ തുര്‍ക്കിയെയും ആക്രമിക്കുമെന്ന് ഇറാന്‍ നേതാവ് ആയത്തൊള്ള അലി ഖമേനി. അമേരിക്കയ്‌ക്കാണ് ഈ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. യുഎഇ, സൗദി അറേബ്യ, തുര്‍ക്കി എന്നിവിടങ്ങളിലെ യുഎസ് ബേസുകള്‍ ആക്രമിക്കുമെന്നാണ് ഖമേനിയുടെ ഭീഷണിയെങ്കിലും ബലിസ്റ്റിക് മിസൈല്‍ ഉപയോഗിച്ച് ആക്രമണം നടത്തുമ്പോള്‍ അത് എവിടെ വേണമെങ്കിലും ചെന്ന് വീഴാമെന്ന ആശങ്ക നിലനില്‍ക്കുന്നു.
ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ഇസ്രയേല്‍ ഇറാനെ ആക്രമിച്ചപ്പോള്‍ ചില മിസൈലുകള്‍ വന്ന് വീണത് സിവിലിയന്‍ കേന്ദ്രങ്ങളില്‍ക്കൂടിയായിരുന്നു. ഖത്തറില്‍ ചില സൈനികോദ്യോഗസ്ഥരെ അമേരിക്ക മുന്‍കരുതലിന്റെ ഭാഗമായി പിന്‍വലിച്ചു കഴിഞ്ഞു.
ഇറാനെ ആക്രമിക്കും എന്ന ഭീഷണിയില്‍ ഉറച്ചുനില്‍ക്കുകയാണ് ട്രംപ്. ഏത് നിമിഷവും ഇറാനെ ആക്രമിക്കുമെന്നതിനാല്‍ കടുത്ത ജാഗ്രതയിലാണെന്ന് ഇസ്രയേലും പറയുന്നു. ഇറാനാകട്ടെ പ്രതിഷേധക്കാരെ യാതൊരു ദാക്ഷിണ്യവുമില്ലാതെ വെടിവെച്ച് കൊല്ലുകയാണ്. ഏകദേശം 25000 പേര്‍ ഇതിനകം കൊല്ലപ്പെട്ടതായി കണക്കുകള‍് പുറത്തുവരുന്നു.
റഷ്യയും ചൈനയും ഇറാനെ സഹായിക്കാന്‍ ഇടപെടുന്നതായി ചില സൂചനകള്‍ പുറത്തുവരുന്നുണ്ട്. കഴിഞ്ഞ ദിവസം കലാപകാരികള്‍ക്ക് വേണ്ടി ഇന്‍റര്‍നെറ്റ് നല്‍കാന്‍ ഇലോണ്‍ മസ്ക് സ്റ്റാര്‍ലിങ്ക് ഉപയോഗിച്ചതായി വാര്‍ത്തകള്‍ ഉണ്ടായിരുന്നു. അതിന് പിന്നാലെ സ്റ്റാര്‍ ലിങ്കിന്റെ പല ടവറുകളും പ്രവര്‍ത്തനരഹിതമായതായി ചില വാര്‍ത്തകള്‍ പുറത്തുവന്നു. ഇതിന് പിന്നില്‍ റഷ്യയും ചൈനയുമാണെന്ന് പറയുന്നു. മാത്രമല്ല, ഇറാനെ ആക്രമിച്ചാല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് റഷ്യ അമേരിക്കയ്‌ക്ക് ഭീഷണി നല്‍കിയതായും വാര്‍ത്തകള്‍ വരുന്നു.
ഇതിനിടെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമില്‍ നെതന്യാഹു തന്റെ സ്വകാര്യവിമാനത്തില്‍ അജ്ഞാതമായ ഒരു കേന്ദ്രത്തിലേക്ക് നീങ്ങിയതായും വാര്‍ത്തകള്‍ ഉണ്ട്. എവിടേക്കാണ് നെതന്യാഹു പോയതെന്നും എന്തിനാണ് ഇങ്ങിനെ ഒരു രഹസ്യനീക്കം നടത്തിയതെന്നതിനും ഉത്തരമില്ല.
അമേരിക്കയുടെ ഭീഷണി ഉണ്ടായിട്ടും ഖമേനി ഭയപ്പെടുന്നില്ലെന്നതാണ് വാസ്തവം. അമേരിക്കന്‍ സാമ്രാജ്യത്തിന്റെ അന്ത്യം ഇറാനില്‍ ആയിരിക്കുമെന്നും ഖമേനി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. വെനസ്വേലയില്‍ കടന്നു കയറി ആക്രമണം നടത്തുകയും അവിടുത്തെ ഭരണാധികാരിയെ പിടിച്ചുകൊണ്ടുപോവുകയും ചെയ്തതില്‍ അമേരിക്കക്കെതിരെ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ രോഷം പുകയുന്നതിനാല്‍ ഖമേനിയുടെ വാക്കുകള്‍ ലോകമെമ്പാടുമുള്ളവര്‍ ഏറ്റെടുക്കുകയാണ്.