
മോസ്‌കോ: ഇറാന് നേരെയുള്ള യുഎസ്- ഇസ്രയേല്‍ ആക്രമണങ്ങള്‍ അടിയന്തരമായി അവസാനിപ്പിക്കണമെന്ന് റഷ്യ. ഇറാനിലെ ആണവ കേന്ദ്രങ്ങള്‍ ലക്ഷ്യമിടരുത്. ആഗോളതലത്തിലത് വലിയ പ്രശ്‌നങ്ങളുണ്ടാക്കും. പശ്ചിമേഷ്യയിലെ സാഹചര്യം ചര്‍ച്ച ചെയ്യാന്‍ യുഎന്‍ സുരക്ഷാ കൗണ്‍സില്‍ ഉടന്‍ വിളിച്ചുചേര്‍ക്കണമെന്നും റഷ്യ ആവശ്യപ്പെട്ടു.
ഇറാനുമായി സമാധാന ചര്‍ച്ചകള്‍ നടത്താനുള്ള നയതന്ത്ര ശ്രമങ്ങളെ പാടെ ഉപേക്ഷിച്ചുകൊണ്ടുള്ള യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ യഥാര്‍ത്ഥ മുഖമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നതെന്ന് റഷ്യന്‍ സെക്യൂരിറ്റി കൗണ്‍സില്‍ ഡെപ്യൂട്ടി ചെയര്‍മാന്‍ ദിമിത്രി മെദ്വദെവ് പ്രതികരിച്ചു. മേഖലയെ കൂടുതല്‍ അസ്ഥിരപ്പെടുത്തുന്ന ഇസ്രയേലിന്റെ നടപടികളെ അന്താരാഷ്‌ട്ര സമൂഹം ഗൗരവത്തോടെ കാണണം. നിലവിലെ പ്രതിസന്ധി രാഷ്‌ട്രീയമായും നയതന്ത്രപരമായും പരിഹരിക്കണം. യുഎസിന്റേയും ഇസ്രയേലിന്റെയും ഏകപക്ഷീയമായ സൈനിക നടപടി ലോകസമാധാനത്തിന് ഭീഷണിയാണെന്നും മെദ്‌വദേവ് കൂട്ടിച്ചേര്‍ത്തു.
ഇറാനിലെ നിലവിലെ സംഘര്‍ഷാവസ്ഥയ്‌ക്ക് കാരണം അവിടുത്തെ ഭരണകൂടമാണെന്ന് ഉക്രൈന്‍ വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി. ഇറാന്‍ ഭരണകൂടത്തിന്റെ അതിക്രമങ്ങളും ശിക്ഷാഭയമില്ലാത്ത നടപടികളുമാണ് ഈ അവസ്ഥയ്‌ക്ക് പിന്നില്‍. സമീപമാസങ്ങളില്‍ സമാധാനപരമായി പ്രതിഷേധം നടത്തിയവര്‍ക്ക് നേരെയുണ്ടായ കൊലപാതകങ്ങളും അടിച്ചമര്‍ത്തലുകളുമാണ് നിലവിലെ ആക്രമണങ്ങള്‍ക്ക് കാരണമായത്. അതേസമയം ഇറാനിലെ ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്നുവെന്ന് വ്യക്തമാക്കിയ ഉക്രൈന്‍ അവിടെ ഭരണമാറ്റം വേണമെന്നും ആവശ്യപ്പെട്ടു.